മുംബൈ: മഹാരാഷ്ട്രയിൽ പ്രതിപക്ഷ സഖ്യമായ എം.വി.എയുടെ സീറ്റുവിഭജനം വൈകുന്നതിൽ കോൺഗ്രസിനെ പരസ്യമായി പഴിചാരി ഉദ്ധവ് പക്ഷ ശിവസേന. കോൺഗ്രസ് മഹാരാഷ്ട്ര നേതൃത്വത്തിന് പെട്ടെന്ന് തീരുമാനമെടുക്കാൻ കഴിവില്ലെന്നും എന്തിനും ഏതിനും ഹൈകമാൻഡിന്റെ അഭിപ്രായം തേടുകയാണെന്നും ഉദ്ധവ് പക്ഷ നേതാവ് സഞ്ജയ് റാവുത്ത് ആരോപിച്ചു.
അധികം സമയമില്ലാത്ത സാഹചര്യമാണെന്നും തീരുമാനങ്ങൾ പെട്ടെന്ന് വേണമെന്നും അദ്ദേഹം പറഞ്ഞു. വിദർഭ മേഖലയിൽ ഉദ്ധവ് പക്ഷ ശിവസേന കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടതാണ് ഇരു പാർട്ടിയും തമ്മിലെ നിലവിലെ തർക്കം. വിദർഭയിൽ 10ഓളം സീറ്റുകൾ വേണമെന്ന് ഉദ്ധവ് പക്ഷം ശഠിക്കുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ വിദർഭയിലെ രാംടെക്, അമരാവതി മണ്ഡലങ്ങൾ കോൺഗ്രസിന് വിട്ടുകൊടുത്തത് ചൂണ്ടിക്കാട്ടിയാണ് ഉദ്ധവ് പക്ഷത്തിന്റെ വാദം. അതേസമയം, കോൺഗ്രസ് 103, ഉദ്ധവ് പക്ഷം 90, പവാർ പക്ഷ എൻ.സി.പി 85 സീറ്റുകളിൽ ധാരണയായതായി റിപ്പോർട്ടുണ്ട്.
അതേസമയം, തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കു വേണ്ടി ആർ.എസ്.എസ് പ്രവർത്തനമാരംഭിച്ചു. വിദർഭ, മറാത്ത്വാഡ, പശ്ചിമ മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ആർ.എസ്.എസ് പ്രവർത്തകർ വോട്ടർമാരെ നേരിട്ട് കാണുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ ആർ.എസ്.എസിന്റെ സഹായം ബി.ജെ.പിക്കും മുന്നണിക്കും ഉണ്ടായിരുന്നില്ല. മാത്രമല്ല, അജിത് പവാർ പക്ഷത്തെ ഒപ്പം കൂട്ടിയതിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഒരു മാസം മുമ്പ് ആർ.എസ്.എസ് നേതാക്കളും ബി.ജെ.പി ജനപ്രതിനിധികളും മുംബൈയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഹരിയാനയിൽ ബി.ജെ.പിയുടെ അപ്രതീക്ഷിത വിജയത്തിന് പിന്നിൽ ആർ.എസ്.എസിന്റെ രഹസ്യ യോഗങ്ങളാണെന്നാണ് പറയപ്പെടുന്നത്. വോട്ടർമാരിൽ ദേശീയ, ഹിന്ദുത്വ വികാരമുയർത്തുകയാണ് ഇത്തരം യോഗങ്ങളിൽ ചെയ്യുന്നത്. മഹാരാഷ്ട്രയിൽ ഇത്തവണ 60,000 യോഗങ്ങൾ നടത്തുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.