ന്യൂഡൽഹി: ഓവർ ദി ടോപ്പ് (ഒ.ടി.ടി) സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾക്കായി നിയന്ത്രണ ഏജൻസി രൂപീകരിക്കാൻ കേന്ദ്രസർക്കാറിനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്.
അഭിഭാഷകനായ ശശാങ്ക് ശേഖർ ഝായും അപൂർവ അർഹതിയയുമാണ് ആവശ്യമുന്നയിച്ച് സുപ്രീംകോടതിയെ സമീപിച്ചത്. സിനിമകൾക്കും ടെലിവിഷനും പോലുള്ള പരമ്പരാഗത മാധ്യമങ്ങൾക്കുമുള്ള പരിശോധനകളും നിയന്ത്രണങ്ങളുമില്ലാതെയാണ് ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ പ്രവർത്തിക്കുന്നതെന്ന് ഹരജിയിൽ പറയുന്നു. തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളിൽനിന്ന് വ്യത്യസ്തമായി ഒ.ടി.ടി ഉള്ളടക്കം റിലീസിന് മുമ്പ് ഒരു സർട്ടിഫിക്കേഷൻ പ്രക്രിയയിലൂടെ കടന്നുപോകുന്നില്ല. ഇത് ലഹരി വസ്തുക്കളുടെ പ്രോത്സാഹനത്തിനടക്കം കാരണമാകുന്നു. ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ സ്വയം നിയന്ത്രിക്കുന്നതിനായി വാർത്താവിതരണ മന്ത്രാലയം അവതരിപ്പിച്ച ഐ.ടി നിയമം 2021 കാര്യക്ഷമമല്ലെന്നും ഹരജിയിൽ പറയുന്നു. വാർത്താവിതരണം, ആരോഗ്യ കുടുംബക്ഷേമം, വനിതാ ശിശുവികസനം, പ്രതിരോധം, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ എന്നീ മന്ത്രാലയങ്ങളെ കക്ഷികളാക്കിയാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്.
വിഷയം തങ്ങളുടെ അധികാരപരിധിയിൽ വരുന്നതല്ലെന്നും സർക്കാറിന്റെ നയങ്ങളുടെ ഭാഗമാണെന്നും ഹരജി തള്ളിക്കൊണ്ട് സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. സർക്കാർ നയങ്ങളിൽ പൊതുതാൽപര്യ ഹരജികൾ വർധിക്കുന്നത് പരിഗണനയർഹിക്കുന്നവക്ക് അത് കിട്ടാതെ വരുന്ന സാഹചര്യമുണ്ടാക്കുകയാണെന്ന് ഹരജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങൾ തിരിച്ചറിയാൻ വസ്തുത പരിശോധന യൂനിറ്റ് (എഫ്.സി.യു) സ്ഥാപിക്കാൻ കേന്ദ്ര സർക്കാറിന് അധികാരം നൽകുന്ന 2023ലെ ഐ.ടി നിയമഭേദഗതികൾ ബോംബെ ഹൈകോടതി സെപ്റ്റംബറിൽ റദ്ദാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.