ഊട്ടുപുരയില്‍ ഇന്ന് പാലുകാച്ചല്‍

തൈക്കാട് പൊലീസ് മൈതാനത്തെ ഊട്ടുപുരയില്‍ കല്യാണവീട്ടിലെ തിരക്കാണ്. ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ കൈയത്തെും ദൂരത്ത് ഭദ്രമാക്കാനുള്ള തത്രപ്പാടിലാണ് കുശിനിക്കാര്‍. തിങ്കളാഴ്ച പാലുകാച്ചല്‍ നടക്കുന്ന സാഹചര്യത്തില്‍ വിശേഷിച്ചും. രാവിലെ 11ന് മേയര്‍ വി.കെ. പ്രശാന്താണ് ചടങ്ങ് നിര്‍വഹിക്കുക. വെള്ളം മുടങ്ങാതിരിക്കാന്‍ ആസൂത്രണത്തോടെയുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
5000 ലിറ്റര്‍ സംഭരണശേഷിയുള്ള നാലും 8000 ശേഷിയുമുള്ള രണ്ടും അടക്കം ഏഴോളം കൂറ്റന്‍ ടാങ്കുകളാണ് ഊട്ടുപുരക്ക് സമീപം തയാറാക്കിയിട്ടുള്ളത്. ഇവ ഏറെ നേരമെടുത്താണ് കഴുകി വൃത്തിയാക്കിയത്. വാട്ടര്‍ അതോറിറ്റിയുമായി സഹകരിച്ചാണ് കുടിവെള്ളമത്തെിക്കുക. കൈകഴുകുന്നതിന് 80 ടാപ്പുകളും ക്രമീകരിച്ചിട്ടുണ്ട്. 5000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഊട്ടുപുര ഒരുക്കുന്നത്. ചൂട് കുറയ്ക്കുന്നതിന് ഫാനടക്കം ക്രമീകരിച്ചിട്ടുണ്ട്. 3000 പേര്‍ക്ക് ഒരേസമയം ഭക്ഷണം വിളമ്പാന്‍ കഴിയുന്ന സ്വഭാവത്തില്‍ പത്തോളം കൗണ്ടറുകളാണ് ക്രമീകരിച്ചിട്ടുള്ളത്. ഇതില്‍ രണ്ടെണ്ണം വിധികര്‍ത്താക്കള്‍, ഒഫിഷ്യല്‍സ്, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് നീക്കിവെക്കും. ഒരു ദിവസം മൂന്ന് നേരവും കൂടി 25000 പേര്‍ ഭക്ഷണം കഴിക്കാനത്തെുമെന്നാണ് പ്രതീക്ഷ. 8000 മുതല്‍ 9000വരെ പേര്‍ക്ക് ഉച്ചയൂണ് ഒരുക്കുന്നുണ്ട്. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലെ 100ഓളം അംഗ സംഘമാണ് ഭക്ഷണം ഒരുക്കുന്നതിന് അനന്തപുരിയില്‍ എത്തുന്നത്.

ജയില്‍ ചപ്പാത്തിയടക്കം ഇക്കുറി വിഭവങ്ങള്‍ സമൃദ്ധമാണ്. ഇടിയപ്പം, പൂരിമസാല, ഉപ്പുമാവ് പഴം, ഇഡ്ഡലി സാമ്പാര്‍, പുട്ട് കടല, ഉപ്പുമാവ്-ചെറുപയര്‍ എന്നിവയാണ് പ്രഭാത ഭക്ഷണത്തില്‍ വിളമ്പുക.  ഉച്ചക്ക് സാമ്പാര്‍, അവിയല്‍, കിച്ചടി, തോരന്‍ തുടങ്ങിയ വിഭവങ്ങള്‍ അടങ്ങിയ സദ്യയും പായസവും. പാല്‍പ്പായസം, ഉണക്കലരി പായസം, ഗോതമ്പ് പായസം, ചെറുപയര്‍ പായസം, വെജിറ്റബിള്‍ പായസം, നെയ്പ്പായസം തുടങ്ങിയവയാണ് ദിവസവും മധുരം പകരുന്നത്. ഒരു ദിവസം മോഹനന്‍ നമ്പൂതിരിയുടെ വക സ്പെഷല്‍ പായസവും വിളമ്പും. ചോറ് ഒഴികെ മറ്റെല്ലാം പാചകം ചെയ്യുന്നത് ഗ്യാസ് അടുപ്പുകളിലാണ്. ചോറ് വെക്കുന്നതിന് വിറകടുപ്പാണ് ഏര്‍പ്പെടുത്തിയത്. പാചകപ്പുരയിലെ ആവശ്യത്തിലേക്ക് അമ്പത് ഗ്യാസ് സിലിണ്ടറുകളും ഇന്നലെയത്തെിച്ചിട്ടുണ്ട്. 142 ചാക്ക് അരിയും ഇതിനനുസരിച്ചുള്ള മറ്റ് സാധനങ്ങളും കുശിനിപ്പുരയില്‍ ഭദ്രമാണ്. പച്ചക്കറികളാണ് ഇനി എത്താനുള്ളത്. അവശിഷ്ടങ്ങളും മാലിന്യവും ശേഖരിക്കുന്നതിനും പ്രത്യേക ശ്രദ്ധയാണ് പുലര്‍ത്തുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.