ചേമഞ്ചേരി ഗുരുക്കള്‍ക്ക് കൊച്ചുമകളുടെ വക ഗുരുദക്ഷിണ

തിരുവനന്തപുരം: മുത്തശന്റെ  നൂറാം ജന്മവാര്‍ഷികത്തിന് കൊച്ചുമകളുടെ വക ഗുരുദക്ഷിണ കഥകളി. ഹയർസെക്കണ്ടറി വിഭാഗം കഥകളി മത്സരത്തിന് എത്തിയ ആര്‍ദ്ര പ്രേംകുമാറാണ് മുത്തശന്റെ നൂറാം ജന്മവാര്‍ഷികം പ്രമാണിച്ച് അദ്ദേഹത്തിനുള്ള ഗുരുദക്ഷിണയായി കഥകളി അവതരിപ്പിച്ചത്.
പ്രശസ്ത കഥകളി കലാകാരന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ ചെറുമകളാണ് കോഴിക്കോട് കൊയിലാണ്ടി മാപ്പിള എച്ച്.എസ്.എസ്സിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ആര്‍ദ്ര. കാലകേയവധം ആട്ടക്കഥയിലെ അര്‍ജുനന്‍ മാതാവിനെ സന്ദര്‍ശിക്കുന്ന ഭാഗത്തിലെ 'കുടിലത.....' എന്നുതുടങ്ങുന്ന രംഗമാണ് ആര്‍ദ്ര വേദിയില്‍ അവതരിപ്പിച്ചത്. കഥകളി കലാകാരന്‍ കലാമണ്ഡലം പ്രേംകുമാര്‍-സിനി ദമ്പതികളുടെ മകളാണ് ആര്‍ദ്ര. പിതാവിന്റെ ശിക്ഷണത്തിലാണ് ആര്‍ദ്ര കഥകളി അഭ്യസിക്കുന്നത്.

വല്യപ്പൂപ്പന്റെ അനുഗ്രഹവും അച്ഛന്റെ ശിക്ഷണവുമാണ് മികച്ച കഥകളിക്കാരിയാക്കിയതെന്ന് ആര്‍ദ്ര. തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ്  സംസ്ഥാന കലോത്സവ വേദിയില്‍ കഥകളി വേഷം അണിയുന്നത്. സിംഗിള്‍, ഗ്രൂപ്പ് ഇനങ്ങളിലായി പങ്കെടുത്ത എല്ലാ മത്സരങ്ങള്‍ക്കും എ ഗ്രേഡ് നേടിയെന്ന തിളക്കവും ആര്‍ദ്രക്കു സ്വന്തം.  നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന മുത്തശനുള്ള ഗുരുദക്ഷിണയാണ് കലോത്സവത്തിലെ പ്രകടനമെന്ന് ഈ കൊച്ചുമിടുക്കി.
ആര്‍ദ്രയെ കൂടാതെ ചേലിയ കഥകളി വിദ്യാലയത്തില്‍ നിന്നും ഇക്കുറി പത്തുകുട്ടികളാണ് വിവിധ കഥകളി മത്സരങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയത്. മത്സരത്തിന് എത്തിയ എല്ലാവരും എ ഗ്രേഡ് കരസ്ഥമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.