പട്ടാമ്പി: ജില്ലയിലെ ആദ്യത്തെ ഭിന്നശേഷി സൗഹൃദ അംഗൻവാടിയുടെ നിർമാണം വിളയൂരിൽ പൂർത്തിയാവുന്നു. മുഹമ്മദ് മുഹ്സിൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടും, വിളയൂർ പഞ്ചായത്ത് അനുവദിച്ച പ്രത്യേക ഫണ്ടും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 12 ലക്ഷം രൂപയാണ് പദ്ധതിക്കായി എം.എൽ.എ അനുവദിച്ചത്.
കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി പ്രഖ്യാപിച്ച ഘട്ടത്തിലാണ് പട്ടാമ്പി മണ്ഡലത്തിലെ മുഴുവൻ വിദ്യാലയങ്ങളും ഭിന്നശേഷി സൗഹൃദ ഇൻക്ലൂസീവ് ആയി മാറ്റാനുള്ള പദ്ധതിക്ക് എം.എൽ.എയുടെ നേതൃത്വത്തിൽ തുടക്കമിട്ടത്. ഭിന്നശേഷിക്കാരായ വിദ്യാർഥികൾ മാറ്റി നിർത്തേണ്ടവരല്ലെന്ന പൊതുബോധം സൃഷ്ടിക്കുക എന്നതും പദ്ധതിക്ക് പിന്നിലുണ്ട്. അംഗൻവാടിയിൽനിന്ന് തന്നെ ഭിന്നശേഷി സാധ്യതയുള്ള കുട്ടികളെ കണ്ടെത്തുകയും ഇവർക്ക് ശാസ്ത്രീയ പരിശീലനത്തിലൂടെ മെച്ചപ്പെട്ട ബാല്യം ഉറപ്പാക്കുകയും മറ്റു കുട്ടികളോടൊപ്പം തന്നെ അവർക്കും അംഗൻവാടി വിദ്യാഭ്യാസം നൽകുകയുമാണ് പദ്ധതി ലക്ഷ്യം.
പുതിയ അംഗൻവാടിയിൽ വേവ്വേറെ ക്ലാസ്മുറികൾ ഇവർക്കായി സജ്ജമാക്കിയിട്ടുണ്ടെങ്കിലും ബാരിക്കേഡുകൾ ഇല്ലാതെ എല്ലാ കുട്ടികൾക്കും ഒരുമിച്ച് വിദ്യഭ്യാസ സൗകര്യം ലഭിക്കുന്ന രീതിയിലായിരിക്കും സെന്ററിന്റെ പ്രവർത്തനം. ഫിസിയോതെറപ്പി അടക്കമുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. അടുത്തകാലത്ത് സംസ്ഥാന സർക്കാറും ഇത്തരം പദ്ധതികൾ നടപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്.
മുഹമ്മദ് മുഹ്സിൻ എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ഗിരിജ, വൈസ് പ്രസിഡന്റ് നൗഫൽ, വാർഡ് മെംബർ രാജി മണികണ്ഠൻ, മുരളി, മണികണ്ഠൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.