താരങ്ങളായി വി.എസും നിവിന്‍ പോളിയും

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍െറ സമാപന ചടങ്ങില്‍ താരങ്ങളായത് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും നടന്‍ നിവിന്‍ പോളിയും. തിങ്കളാഴ്ച പുത്തരിക്കണ്ടത്ത് നടന്ന സമാപന സമ്മേളനത്തിലാണ് കൗമാരസദസ്സിന്‍െറ ആരവങ്ങള്‍ നെഞ്ചേറ്റുവാങ്ങി കേരളത്തിന്‍െറ ‘സൂപ്പര്‍ താരങ്ങള്‍’ എത്തിയത്. വൈകുന്നേരം അഞ്ചോടുകൂടി പുത്തരിക്കണ്ടത്ത് എത്തിയ വി.എസ് കാറില്‍ നിന്നിറങ്ങിയതോടെ  ആര്‍പ്പുവിളികളുമായാണ് കലാപ്രതിഭകള്‍ വരവേറ്റത്. സിനിമാതാരം നിവിന്‍ പോളിയത്തെിയെന്ന് വിചാരിച്ച് മാധ്യമപ്രവര്‍ത്തകര്‍ വേദിയുടെ പിന്നിലേക്ക് പാഞ്ഞെങ്കിലും കണ്ടത് വി.എസിനെ. വേദിയിലത്തെിയ പ്രതിപക്ഷനേതാവിന്‍െറ പേര് സംഘാടകര്‍ പറയുമ്പോഴും ആര്‍പ്പുവിളികളും കൈയടികളും മുഴങ്ങുന്നുണ്ടായിരുന്നു. സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു പ്രേമത്തിന്‍െറ നായകന്‍ നിവിന്‍ പോളിയുടെ വരവ്. പേപ്പറുകള്‍ കീറിയെറിഞ്ഞും കസേരകള്‍ ഉയര്‍ത്തി നൃത്തം ചവിട്ടിയും ആര്‍പ്പുവിളിച്ചും ന്യൂജനറേഷന്‍ പിള്ളേര്‍ തങ്ങളുടെ പ്രിയതാരത്തിന് ആഭിവാദ്യം ആര്‍പ്പിച്ചു. തനിക്ക് കിട്ടിയ കൈയടികള്‍ക്ക് നന്ദി പറഞ്ഞ നിവിന്‍ അന്തരിച്ച സിനിമാതാരം കല്‍പനയെ വേദിയില്‍ അനുസ്മരിക്കുകയും ചെയ്തു. 2014ലെ സംസ്ഥാനത്തെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട നിവിനെ നഗരസഭാ മേയര്‍ വി.കെ. പ്രശാന്ത് ആദരിച്ചു. സമ്മാനചടങ്ങിന് ശേഷമായിരുന്നു നടന്‍ സുരാജ് വെഞ്ഞാറമൂട് എത്തിയത്. മിമിക്രിയിലൂടെ വേദിയെ കൈയിലെടുത്ത സുരാജും നടി കല്‍പനയെ അനുസ്മരിച്ചു. തുടര്‍ന്ന് വിജയികള്‍ക്ക് ആശംസകള്‍ നേര്‍ന്നാണ് മടങ്ങിയത്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയ, എ.ഡി.പി.ഐ ജോണ്‍സ് വി. ജോണ്‍. ഡി.ഡി.ഇ വിക്രമന്‍, സബ് കമ്മിറ്റി കണ്‍വീനര്‍മാര്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷത വഹിച്ച ചടങ്ങില്‍  മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാര്‍, എം.എല്‍.എമാരായ വി. ശിവന്‍കുട്ടി, കെ.എസ്. ശബരീനാഥന്‍, വി. ശശി, മേയര്‍ വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ ടി.എന്‍. സീമ എം.പി  തുടങ്ങിയവര്‍ പങ്കെടുത്തു. സ്വീകരണസമിതി കണ്‍വീനര്‍ എന്‍.എ. സലീം ഫറൂഖി സ്വാഗതവും എം.എസ്. ജയ നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.