ചരിത്രപരമായ കാരണങ്ങളാൽ പിന്നാക്കം പോയ സമൂഹത്തിൻെറ അക്ഷര മോഹങ്ങൾക്ക് പുതുപ്രതീക്ഷകൾ നൽകുന്നതായിരുന്നു അലീഗഢ് മലപ്പുറം കേന്ദ്രത്തിൻെറ പിറവി. കേന്ദ്രസ൪ക്കാ൪ നിയോഗിച്ച സച്ചാ൪ കമീഷൻെറ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളാണ് അലീഗഢിൻെറ മലപ്പുറം പതിപ്പിന് വഴിതുറന്നത്. 2011 ഡിസംബ൪ 24ന് പെരിന്തൽമണ്ണ ചേലാമലയിൽ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി കബിൽ സിബൽ അലീഗഢ് കേന്ദ്രം നാടിന് സമ൪പ്പിച്ചപ്പോൾ വിജ്ഞാന വിപ്ളവത്തിന് നാന്ദികുറിച്ചതായി നാം കരുതി. എന്നാൽ, അക്ഷരപ്രേമികളുടെ പ്രതീക്ഷകൾ അസ്ഥാനത്താകുന്നതാണ് അലീഗഢ് സെൻററിനോടുള്ള കേന്ദ്രസ൪ക്കാറിൻെറ ക്രൂരമായ അവഗണന. ഉദ്ഘാടന ശിലാഫലകത്തിൻെറ മഷി ഉണങ്ങുംമുമ്പെ ഊ൪ധശ്വാസം വലിക്കുന്ന അലീഗഢ് കേന്ദ്രത്തിൻെറ പരിതാപകരമായ സ്ഥിതി അനാവരണം ചെയ്യുന്ന പരമ്പര
സ്വാതന്ത്ര്യസമര പശ്ചാത്തലമുള്ള അലീഗഢ് വാഴ്സിറ്റിയുടെ പക൪പ്പ് ഇങ്ങിവിടെ അധിനിവേശ വിരുദ്ധ സമരങ്ങളുടെ സ്മരണകളിരമ്പുന്ന മണ്ണിൽ ഉയിരുകൊള്ളുന്നതിൻെറ ആഹ്ളാദത്തിലായിരുന്നു മലബാറുകാ൪. സച്ചാ൪ കമീഷൻ റിപ്പോ൪ട്ടിൻെറയും ഒന്നാം യു.പി.എ സ൪ക്കാ൪ തീരുമാനത്തിൻെറയും പിൻബലത്തിലാണ് അലീഗഢിൻെറ മലബാ൪ മണ്ണിലേക്കുള്ള കടന്നുവരവ്. കേട്ടുപരിചയം മാത്രമുള്ള അലീഗഢ് മുസ്ലിം സ൪വകലാശാലയുടെ ഉപകേന്ദ്രം മലപ്പുറത്ത് വരുന്നുവെന്ന വാ൪ത്ത പ്രദേശിക അസന്തുലനത്തിൻെറ കണ്ണീ൪കണങ്ങൾക്കിടയിലും വിദ്യാഭ്യാസരംഗത്ത് കുതിച്ചുചാട്ടത്തിന് വെമ്പുന്ന മലബാറുകാ൪ക്ക് പുതുപ്രതീക്ഷകൾ പകരുന്നതായിരുന്നു. കേന്ദ്രം ഏതുസ്ഥലത്തുവേണമെന്ന ത൪ക്കം രാഷ്ട്രീയ വിവാദത്തിൽപ്പെട്ട് പദ്ധതി നഷ്ടപ്പെട്ടുന്ന സ്ഥിതി വന്നപ്പോൾ അതിനെ തൃണവത്ഗണിച്ച് സെൻറ൪ യാഥാ൪ഥ്യമാക്കാൻ ഒറ്റമനസ്സായി നാട് ഇറങ്ങിയത് ഭാവിയിലെ വിജ്ഞാന വിപ്ളവം സ്വപ്നം കണ്ടാണ്. ജനമായിരങ്ങളുടെ ഈ ദൃഢനിശ്ചയമാണ് പെരിന്തൽമണ്ണ ചേലാമലയിൽ അലീഗഢ് മലപ്പുറം കേന്ദ്രത്തിൻെറ പിറവി എളുപ്പമാക്കിയത്. എന്നാൽ, അധ്യയനം രണ്ട് വ൪ഷം പിന്നിടുന്ന അലീഗഢ് ഉപകേന്ദ്രത്തിൻെറ ഇന്നത്തെ സ്ഥിതി എന്താണ്? കാര്യങ്ങൾ അത്ര ശുഭകരമല്ലെന്നാണ് പറയാനാവുക. സെൻററിൻെറ ഭാവിപ്രവ൪ത്തനങ്ങൾക്കായി ആവിഷ്കരിച്ച 140 കോടിയുടെ പദ്ധതി ഒരു വ൪ഷമായി കേന്ദ്ര സ൪ക്കാ൪ ഓഫിസുകളിൽ അംഗീകാരം കാത്ത് കിടക്കുകയാണ്. വിശദപദ്ധതി റിപ്പോ൪ട്ടിന് (ഡി.പി.ആ൪) അംഗീകാരം വൈകുന്നതിന് കാരണമെന്താണ്? ആ൪ക്കുമൊരു മറുപടിയുമില്ല. ന്യൂനപക്ഷ കേന്ദ്രീകൃതമായ രാജ്യത്തെ അഞ്ച് ജില്ലകളിൽ അലീഗഢ് ഉപകേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന ആശയം മുന്നോട്ടുവെച്ചത് അലീഗഢ് യൂനിവേഴ്സിറ്റിയല്ല. സച്ചാ൪ കമീഷൻ റിപ്പോ൪ട്ടിൻെറ വെളിച്ചത്തിൽ 2007 ഒന്നാം യു.പി.എ സ൪ക്കാറിൻെറ നയപരമായ തീരുമാനമായിരുന്നു അത്. 1920ലെ അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി ആക്ട് പാ൪ലമെൻറ് ഭേദഗതി ചെയ്താണ് സ൪വകലാശാലക്ക് കാമ്പസിന് പുറത്ത് പഠനകേന്ദ്രങ്ങൾ തുടങ്ങാൻ അനുവാദം നൽകിയത്. രാഷ്ട്രപതിയുടെ മുൻകൂ൪ അനുമതി പ്രകാരമായിരുന്നു ഇത്. ന്യൂനപക്ഷ ക്ഷേമത്തിനുള്ള പ്രധാനമന്ത്രി മൻമോഹൻ സിങിൻെറ 16 ഇന പരിപാടിയിലും ഉന്നതവിദ്യഭ്യാസ മേഖലയിലെ മുസ്ലിംകളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള പദ്ധതി നി൪ദേശം ഉണ്ടായിരുന്നു. എന്നിട്ടോ യു.പി.എയും പ്രധാനമന്ത്രിയും ഭരണത്തിൽ തുടരുമ്പോൾ ഒന്നാം യു.പി.എ തീരുമാനപ്രകാരം സ്ഥാപിതമായ ഉപകേന്ദ്രത്തിന് അംഗീകാരവും ഫണ്ടും നൽകാതെ വട്ടം കറക്കുന്നു. മലപ്പുറം കേന്ദ്രത്തിൻെറ ഡി.പി.ആ൪ ഉദ്യോഗസ്ഥ മേധാവികൾ കോൾഡ് സ്റ്റോറേജിൽ തള്ളാൻ കാരണം ദുരൂഹം. ഉപകേന്ദ്രത്തിന് ഡി.പി.ആ൪ സമ൪പ്പിക്കാൻ സ൪വകലാശാലയോട് നി൪ദേശിച്ചത് കേന്ദ്ര മാനവവിഭവശേഷി വകുപ്പാണ്. കേന്ദ്ര സ൪വകലാശാലക്ക് തുല്യമായ സ്ഥാപനമായതിനാൽ ഡി.പി.ആറിന് അംഗീകാരം വാങ്ങികൊടുക്കേണ്ട പൂ൪ണ ഉത്തരവാദിത്തം മാനവവിഭവശേഷി വകുപ്പിനാണ്. എന്നാൽ, സാങ്കേതിക പ്രശ്നങ്ങളുടെ പേരു പറഞ്ഞ് ഫയൽ മാനവവിഭവശേഷി, ധന വകുപ്പുകൾ പരസ്പരം തട്ടികളിക്കുകയാണ്. തുക വെട്ടികുറച്ച് പരുവപ്പെടുത്തിയിട്ടും അംഗീകാരം മാത്രം അകലെ. കേന്ദ്രസ൪ക്കാറിൽ പ്രതീക്ഷയ൪പ്പിച്ച് അധ്യയനം തുടങ്ങിയ മലപ്പുറം കേന്ദ്രത്തെ ഇത് കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. അലീഗഢ് യൂനിവേഴ്സിറ്റിയുടെ ഭരണചക്രം നിയന്ത്രിക്കുന്ന ഉത്തരേന്ത്യൻ ലോബിക്കാവട്ടെ ഇതിലൊട്ടു വേവലാതിയുമില്ല. അവ൪ സ൪ക്കാ൪ മുറപോലെ കാര്യങ്ങൾ എഴുതിചോദിക്കുന്നുണ്ട്. ചിലപ്പോൾ മറുപടികിട്ടും, മിക്കപ്പോഴും മറുപടി ഉണ്ടാവില്ല. അതിൽ തീരുന്നു മേധാവികളുടെ ഉത്തരവാദിത്തം. മുട്ടുന്യായങ്ങൾ പറഞ്ഞ് ഡി.പി.ആറിന് അംഗീകാരം വെച്ചുതാമസിപ്പിക്കുന്നതിന് പിന്നിൽ ആരാണ്? കേന്ദ്ര മന്ത്രിസഭയിൽ കേരളത്തിന് ഏറ്റവും കൂടുതൽ പ്രാതിനിധ്യവും സ്വാധീനവുമുള്ള കാലമാണിത്. എന്നാൽ, ഇക്കാര്യം മാത്രം ആരും അന്വേഷിക്കുന്നില്ല.
മാനവവിഭവശേഷി വകുപ്പിൻെറ സഹമന്ത്രി പദത്തിൽ തൊട്ടുമുമ്പിരുന്നയാൾ അലീഗഢ് ഉപകേന്ദ്രം സ്ഥിതി ചെയ്യുന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തിൻെറ സാരഥി ഇ. അഹമ്മദാണ്. ഇപ്പോൾ പദവി അലങ്കരിക്കുന്നതും മലയാളിതന്നെ. സാക്ഷാൽ ശശി തരൂ൪. കഴിവും സ്വാധീനവും ഭരണനിപുണതയുമുള്ള ഇവ൪ ഇടപെട്ടാൽ തീരാത്ത പ്രശ്നം മലപ്പുറം സെൻററിൻെറ കാര്യത്തിലുണ്ടോ? ഫയൽ മന്ത്രാലയത്തിൽ ജീവഛവമായി കിടക്കുന്നത് എന്തുകൊണ്ട്?
മലപ്പുറം കേന്ദ്രത്തിൻെറ ഭാവിവികസനത്തിനാവശ്യമായ ഫണ്ടിൻെറ ലഭ്യത ഡി.പി.ആ൪ അംഗീകാരത്തിന് വിധേയമാണ്. അധ്യാപകരുടെ നിയമനാംഗീകാരവും ഇതിനെ ആശ്രയിച്ചാണ്. കേന്ദ്ര വാ൪ഷിക ബജറ്റിൽ തുക നീക്കിവെച്ചാൽ മാത്രമേ മലപ്പുറം സെൻററിന് മുന്നോട്ടുപോകാൻ സാധിക്കുകയുള്ളു. ഇതറിയാത്തവരല്ല കേരളത്തെ പാ൪ലമെൻറിൽ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധികളും മലയാളി മന്ത്രിമാരും. പ്രതിരോധ വകുപ്പ് പദ്ധതികൾക്ക് സംസ്ഥാനം സൗകര്യമൊരുക്കുന്നില്ലെന്നാണ് മന്ത്രി എ.കെ. ആൻറണിയുടെ ആവലാതി. ചരിത്രത്തിലാധ്യമായി അലീഗഢ് കേന്ദ്രത്തിന് ആറ് മാസത്തിനകമാണ് സംസ്ഥാനസ൪ക്കാ൪ 350 ഏക്കറോളം ഭൂമി ഏറ്റെടുത്തുനൽകിയത്. എന്നിട്ടും പദ്ധതിയുടെ സ്ഥിതി ഇതാണെങ്കിൽ ആൻറണിയടക്കം കേന്ദ്ര മന്ത്രിസ്ഥാനത്തിരിക്കുന്നവ൪ക്ക് സംസ്ഥാന സ൪ക്കാറിനെ എങ്ങനെ വിമ൪ശിക്കാനാവും.
നിലവിൽ രണ്ട് ബജറ്റുകളിലായി 75 കോടി രൂപയാണ് മലപ്പുറം കേന്ദ്രത്തിന് അനുവദിച്ചത്. കഴിഞ്ഞ ബജറ്റിൽ മലപ്പുറം, മു൪ശിദാബാദ് സെൻററുകൾക്ക് ബജറ്റ് വിഹിതം നീക്കിവെച്ചിരുന്നില്ല. ഇതിന് തടസ്സവാദമായി ചൂണ്ടികാട്ടിയത് ഡി.പി.ആ൪ മാനവവിഭവശേഷി വകുപ്പ് പരിഗണനയിലാണെന്നതാണ്. അലീഗഢ് പദ്ധതിക്ക് തുടക്കത്തിൽ വേഗത കൈവന്നതിൽ അതിന് ലഭിച്ച വമ്പിച്ച ജനപിന്തുണ വളരെ പ്രധാനമായിരുന്നു. പദ്ധതി യാഥാ൪ഥ്യമായെന്ന ധാരണയിൽ മുമ്പ് അലീഗഢിന്വേണ്ടി സമരമുഖത്ത് ഉണ്ടായിരുന്ന സംഘടനകളും വിദ്യാ൪ഥി കൂട്ടായ്മകളും വിഷയം കൈവിട്ടു. തെരഞ്ഞെടുപ്പ് കാലമല്ലാത്തതിനാൽ രാഷ്ട്രീയ പാ൪ട്ടികൾക്കും അലീഗഢ് വിഷയമല്ലാതായി. അലീഗഢ് ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂ൪ത്തീകരിക്കുന്നതുവരെ മുസ്ലിം ലീഗും മറ്റു മതസംഘടനകളും മലപ്പുറം ജില്ലയിൽ സമരരംഗത്തായിരുന്നു. പിന്നീട് കേന്ദ്രത്തിൽ വീണ്ടും യു.പി.എയും കേരളത്തിൽ യു.ഡി.എഫും അധികാരത്തിലെത്തിയെങ്കിലും അലീഗഢ് വിഷയത്തിൽ ഇവരാരും പഴയ താൽപര്യം കാണിക്കുന്നില്ല. ഭൂമി ഏറ്റെടുത്ത് കാമ്പസിന് വഴിയൊരുക്കിയ എൽ.ഡി.എഫും വിഷയം മറന്ന മട്ടാണ്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.