മൈലാഞ്ചി ചോപ്പിട്ട പെരുന്നാളോർമ

‘‘ഉപ്പാ.. ട്യൂബ് വാങ്ങിത്തരുമോ..?’’
‘‘ട്യൂബല്ലേ ഇവിടുള്ളത്. നിനക്കെന്തിനാ..?’’
‘‘അതല്ല. മൈലാഞ്ചി ഉള്ള ട്യൂബ് ആ.. അതാവുമ്പോൾ കയ്യിൽ ഇഷ്ടമുള്ള ചിത്രം വരക്കാല്ലോ..’‘’
അന്ന് വൈകുന്നേരം ഉപ്പ ടൗണിൽ നിന്നും മടങ്ങി വരുന്നതും കാത്ത് മുറ്റത്ത് തന്നെ ഒറ്റ നിൽപ്പായിരുന്നു. വന്നപ്പോൾ വേഗം തന്നെ സഞ്ചി വാങ്ങി പരതി നോക്കി.
നിധി കിട്ടിയ സന്തോഷമായിരുന്നു അപ്പോൾ ആ മൂന്നാം ക്ലാസുകാരിക്ക്​. 
തലേ ദിവസം ഒരു കൂട്ടുകാരി ഭംഗിയിൽ മൈലാഞ്ചിയണിഞ്ഞ്​ വന്നപ്പോഴാണ് ഇങ്ങിനെ ഒരു സൂത്രത്തെക്കുറിച്ചറിഞ്ഞത്. അതിനു മുമ്പ്​ വേലിപ്പടർപ്പിലെ മൈലാഞ്ചിച്ചോടുകൾ ​േതടി അലച്ചിലായിരുന്നു. പറിച്ചെടുത്ത ഇലകൾ കല്ലിൽ വെച്ച്​ അരച്ച്​ കുഴമ്പാക്കിത്തരാൻ പിന്നെ ഉമ്മാ​​​​​െൻറ പിന്നാലെ നടക്കണം. എന്തായാലും ട്യൂബ്​ മൈലാഞ്ചി അത്തരം അലട്ടലുകൾക്കു കൂടി വിരാമം കുറിച്ചു.

കൂട്ടത്തിൽ മൂത്തവളായിരുന്നു ഞാൻ. മൈാലഞ്ചിയിടു​േമ്പാൾ മറ്റുള്ളവരുടെ കൈകളിൽ അത്​ ചാർത്തിക്കൊടുക്കാൻ മൂത്തവരെയാണ്​ നിയോഗിക്കുക.  താമരയും ചെമ്പരത്തിയും റോസാപ്പൂവുമൊക്കെ ഓരോ കൈകളിലും വരഞ്ഞ്​ എന്നിലെ ആദ്യ ഡിസൈനറെ ഞാൻ പുറത്തെടുത്തു.

പെരുന്നാൾ ഓർമ്മകളിൽ ആദ്യം ഓടിവരിക മൈലാഞ്ചി മണമുള്ള ആ തലേന്നത്തെ രാവുകളാണ്​. മാസം കാണുമോ ഇല്ലയോ എന്ന ആകാംഷയോടെ കാത്തിരിക്കുമ്പോൾ ആദ്യകാലങ്ങളിൽ റേഡിയോയായിരുന്നു ശരണം. പിന്നെ ടി.വിയായി. ഇപ്പോൾ ഫോണും. പക്ഷേ, ശവ്വാൽ അമ്പിളി തെളിഞ്ഞതറിയാനുള്ള ആകാംക്ഷക്ക്​ അന്നും ഇന്നും ഒരേ പ്രായം. നോമ്പ് ഇരുപത്തി ഒൻപതിന് തന്നെ മാസം കണ്ടെന്നറിയുമ്പോൾ അതിനിത്തിരി മൊഞ്ച് കൂടുതലാണ്​. പള്ളികളിൽ നിന്നുയരുന്ന തക്ബീർ ധ്വനികൾക്കൊപ്പം പായസങ്ങളുടെ രുചിഭേദങ്ങളും കൂടിക്കലരും. 

പൂക്കളിൽ വരച്ച് തുടങ്ങിയ മൈലാഞ്ചി ഡിസൈനിൽ നിന്നും മോശമല്ലാത്ത രീതിയിൽ എൻറെ കൈകൾ വരയിൽ വഴങ്ങി വന്നപ്പോൾ ചുറ്റും കൂടുന്ന കുട്ടികളുടെ എണ്ണവും കൂടിക്കൊണ്ടിരുന്നു. ഒപ്പം അതിലെ ആനന്ദ ലഹരിയും. മൈലാഞ്ചി വരയിലെ പരാതികളും പരിഭവങ്ങളും പരിഹരിച്ച് തുല്യപ്പെടുത്തി കൂട്ടുകാരിൽ സന്തോഷം നിറച്ച് കഴിഞ്ഞ് ഏറെ വൈകി മാത്രമായിരുന്നു എൻറെ കൈകളിൽ മൈലാഞ്ചിയെത്തുക.
സുബ്ഹിക്ക്​ തന്നെ കഴുകേണ്ടി വരുന്നതിനാൽ പലപ്പോഴും അത് മഞ്ഞക്കളറിലെത്തിയിട്ടെ ഉണ്ടാവൂ. എങ്കിലും മറ്റുള്ളവരിൽ വിരിയുന്ന പുഞ്ചിരി ഓർക്കുമ്പോൾ ആ മഞ്ഞയും ചുവപ്പായ് മാറും. 

ഈദ്ഗാഹിലേക്ക് പോകേണ്ടതിനാൽ രാവിലെ തന്നെ എഴുന്നേറ്റ് ഭക്ഷണങ്ങൾ തയ്യാറാക്കുന്ന ഉമ്മക്കൊപ്പം കൂടാൻ മറ്റെന്നുമില്ലാത്ത ഉത്സാഹമായിരുന്നു.  ചുറ്റുമുള്ള ലൈറ്റ് കത്തിച്ച് ആ വെളിച്ചത്തിൽ അതിരാവിലെ മുറ്റമടിക്കുന്നതും മറ്റ് പണികളിൽ പങ്കുചേരുന്നതും അതിലേറെ രസകരം.

കുളിച്ച് വസ്ത്രങ്ങളണിഞ്ഞ് ഉപ്പാപ്പയുടെ അടുത്ത് പോയാൽ നല്ല മണമുള്ള അത്തർ അതിൽ പുരട്ടിത്തരും. അപ്പോൾ ഒരു പ്രത്യേക സുഗന്ധം വീട്ടിലാകെ പരക്കും. അതാണ്​ പെരുന്നാൾ എന്ന്​ കേൾക്കു​േമ്പാൾ ഇന്നും മനസ്സിൽ നിറയ​ുന്ന മണം. പെരുന്നാൾ മണം. ഇത് ഉപ്പാപ്പായില്ലാത്ത ആദ്യ പെരുന്നാളാണ്​. ആ സുഗന്ധം ഇനി ഞങ്ങളുടെ വീട്ടിൽ നിറയില്ലല്ലോ എന്ന സങ്കടമാണ്​ ഇക്കുറി ഞങ്ങളുടെയുള്ളിൽ കവിയുന്നത്​.

തണുപ്പു വീണ രാവിലെ റോഡിലൂടെ നടന്ന് ഈദ്ഗാഹിലേക്ക് പോകുമ്പോൾ പാദങ്ങളെ നയിക്കുന്ന പുതിയ ചെരുപ്പിലേക്ക് ഇടയ്ക്കിടെ ഇത്തിരി അഹങ്കാരത്തോടെ നോക്കിപ്പോകും. റമദാൻ നൽകിയ പവിത്രതയോടെ നിഷ്കളങ്കമായ പുഞ്ചിരിയോടെ ആ കാലടികൾ ഈദ്ഗാഹിലേക്കെത്തുമ്പോൾ അവിടെ കാത്തിരിക്കുന്നത് മറ്റൊരു വിസ്‌മയ ലോകമാണ്. ഒപ്പം പഠിക്കുന്ന കൂട്ടുകാരും ബന്ധുക്കളൊക്കെയായി വിശേഷങ്ങൾ പങ്കിടുന്ന നേരം. അപ്പോഴും നിറങ്ങൾ തൂവിയ കുപ്പായങ്ങളിലും കൈയിലെ മൈലാഞ്ചിച്ചോപ്പിലുമൊക്കെ കണ്ണുകൾ ഉഴ​റി നടക്കും.

തിരിച്ച് വീട്ടിലേക്കെത്തുമ്പോൾ അയൽപക്കത്തുള്ള വലിയൊരു പെൺപട തന്നെ കാത്ത് നിൽപ്പുണ്ടാകും. പിന്നെ ഓരോ വീടുകളിലും കയറിയിറങ്ങലായി.  രണ്ടും മൂന്നും പ്ലെയിറ്റുകളിൽ മാത്രം ബിരിയാണിയും പലഹാരങ്ങളൊക്കെയിട്ട് പത്തും പതിനഞ്ചുമാളുകൾ ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോൾ അവിടെ ഒ​ത്തൊരുമയു​െട മറ്റൊരു ലോകം തെളിഞ്ഞുവരും.
ചിരി തമാശകളിൽ നിറഞ്ഞ് അറിയാത്ത വീടുകളിൽ പോലും കൂട്ടുകാരുടെ ബന്ധത്തിന്റെ പേരിൽ കയറിയിറങ്ങി ആ ഒരു ദിവസത്തെ ധന്യമാക്കിയിരുന്ന കുട്ടിക്കാലത്തെ പെരുന്നാൾ തന്നെയാണ് ഓർമ്മകളിൽ ഏറ്റവും മികച്ചത്.
കൂട്ടം കൂടി പെരുന്നാൾ ദിനത്തിൽ കുട്ടികൾ ആർത്തുല്ലസിക്കുന്നത് കാണുമ്പോൾ അസൂയയോടെ കൊതിച്ചു പോകുന്ന നിമിഷങ്ങൾ..!!
ശരിയാണ്​ പെരുന്നാൾ കുട്ടികളുടെതാണ്​.. ഉള്ളിൽ കുട്ടികളെ സൂക്ഷിക്കുന്നവർക്ക്​ ഒരിക്കൽ കൂടി കുട്ടിയാവാൻ ഒര​ു പെരുന്നാൾ മതി.
 

Tags:    
News Summary - eid special

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.