ഈ വാദ്യപുഷ്പങ്ങള്‍ അച്ഛനുള്ള ബാഷ്പാഞ്ജലി

വൃന്ദവാദ്യത്തിന്‍െറ ഫലം പ്രഖ്യാപിച്ചപ്പോള്‍ കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്.എസ്.എസിലെ 12ാം ക്ളാസുകാരന്‍ ജോജി എസ്. ബാബുവിന്‍െറ കണ്ണു നിറഞ്ഞു. ഏഴു വര്‍ഷമായി കലോത്സവ വേദിയില്‍ ഒപ്പം നടന്ന അച്ഛന്‍ ബാബു കൂടെയില്ല. മകന്‍െറ ജീവിതത്തിലെ ഏറ്റവും വലിയ കലോത്സവ വിജയം കാണിക്കില്ളെന്ന വാശിയോടെ മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി; ഈ ഡിസംബര്‍ 28ന്. 

കണ്‍മുന്നില്‍ കുഴഞ്ഞുവീണ അച്ഛന്‍ അര്‍ധബോധാവസ്ഥയില്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോഴും കാതിലൊരു മന്ത്രംപോലെ കേള്‍ക്കാം. ‘മോനേ, കഴിവുകള്‍ പുറത്തെടുത്ത് നീ മിടുക്കനാവണം...’  ആ വാക്കുകള്‍ ഇടക്കിടെ മനസ്സിലുറപ്പിച്ചു ജോജി.  ഇത്തവണ വൃന്ദവാദ്യത്തില്‍ ഒന്നാമതത്തെി അച്ഛന്‍െറ ഉപദേശത്തോട് കൂറുകാട്ടി.  ആ വിജയം ജോജിയുടെ പിതാവിന് സമര്‍പ്പിച്ചു കൂട്ടുകാര്‍.

യു.പി തലം മുതല്‍ സ്കൂള്‍ കലോത്സവത്തില്‍ സജീവമായ ജോജിക്ക് സര്‍വ പിന്തുണയും നല്‍കിയത് പിതാവ് ബി.സി. ബാബുവാണ്. കാഞ്ഞങ്ങാട്ടെ പ്രാദേശിക പത്രത്തില്‍  ജോലിചെയ്തിരുന്ന ബാബു കലാകാരനാകാനുള്ള മകന്‍െറ മോഹത്തെ പടരാന്‍ വിട്ടു.  അഞ്ചു വര്‍ഷം സംസ്ഥാനതല ഗിത്താറിലും വൃന്ദവാദ്യത്തിലും പങ്കെടുത്തെങ്കിലും വിജയം വിളിപ്പാടകലെ നിന്നു. ഇക്കുറി വിജയിക്കണമെന്ന വാശിയില്‍ കഠിനപരിശീലനം തുടങ്ങി. ഒപ്പം അച്ഛനുമുണ്ടായിരുന്നു. ഡിസംബറിലൊരു രാത്രിയില്‍ ബാബു ജോജിയെ അടുത്തിരുത്തി പരിശീലനവിവരങ്ങള്‍ ആരാഞ്ഞു.

പതിവുള്ളതായിരുന്നില്ല ഇത്. ഉറങ്ങാന്‍കിടന്ന ബാബു പുലര്‍ച്ചെ അവശനായി വീണു. തലച്ചോറിലെ രക്തവാര്‍ച്ചയെ തുടര്‍ന്ന് ബോധംപോയി.  ഡിസംബര്‍ 28ന് മരിച്ചു. അതോടെ കുടുംബത്തിന്‍െറ തായ്വേര് ഇളകി. വാടകവീട് വിടേണ്ടിവന്നു. തല്‍ക്കാലം  തറവാടുവീട്ടിലേക്ക്. ബാബുവിന്‍െറ കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കള്‍.  ഫണ്ട് ശേഖരിക്കുകയാണിവര്‍.  ആദ്യ ഗഡു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഏര്‍പ്പാടാക്കി. വീട് നിര്‍മാണം പൂര്‍ത്തിയാക്കി അമ്മ വി.പി. സുലേഖക്കൊപ്പം ഇവിടേക്ക് മാറണമെന്നാണ് ജോജിയുടെ ആഗ്രഹം.

 

Tags:    
News Summary - joji s babu in kalolsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.