അപ്പീലുകള്‍ അനുവദിച്ചത് കൊട്ടക്കണക്കിന്; ലോകായുക്തയിലടക്കം ക്രമക്കേട്

കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിലേക്ക് അപ്പീല്‍ കിട്ടാന്‍ ചിലര്‍ക്കുള്ള മാനദണ്ഡം അമ്പരപ്പിക്കുന്നതാണ്. വെറുതെ വെള്ളക്കടലാസില്‍ എഴുതി ഒപ്പിട്ട് ലോകായുക്തക്ക് നല്‍കുക. പക്ഷേ, നല്‍കേണ്ടത് ചില പ്രത്യേക അഭിഭാഷകര്‍ വഴിയായിരിക്കണം. അവര്‍ക്ക് 10,000 രൂപയും വഴിച്ചെലവും നല്‍കണം. അങ്ങനെയാണെങ്കില്‍ ഉടന്‍ അപ്പീല്‍ അനുവദിച്ചുകിട്ടും. ഈ ഉത്തരവുമായി പ്രത്യേക ദൂതന്‍ വഴി അവസാന നിമിഷം കുട്ടികളും രക്ഷിതാക്കളും കലോത്സവേദിയിലേക്ക് ഓടിയത്തെുമ്പോള്‍ സംഘാടകരും അമ്പരന്നുനില്‍ക്കുകയാണ്.

കോടതിയും ലോകായുക്തയുമൊക്കെ അപ്പീല്‍ അനുവദിക്കുമ്പോള്‍ ജില്ല മത്സരങ്ങളിലെ സീഡി നിര്‍ബന്ധമായും കാണുകയോ ഒരു വിദഗ്ധ സമിതിയുടെ  സഹായം തേടുകയോ വേണമെന്നാണ് ചട്ടം. സീഡി നിലച്ചുപോവുക, കാര്‍പെറ്റിന്‍െറ പ്രശ്നംകൊണ്ട്  വീണുപോവുക തുടങ്ങിയ സാങ്കേതിക കാരണങ്ങള്‍കൊണ്ട് ഒരു വിദ്യാര്‍ഥിക്ക് സംസ്ഥാന കലോത്സവത്തിലേക്ക് പ്രവേശനം കിട്ടിയില്ളെങ്കില്‍ മാത്രമാണ് ഇവര്‍ക്ക് അടിയന്തരമായി അപ്പീല്‍ അനുവദിക്കാവുന്നത്. അല്ലാതെ ഒരിനത്തിന്‍െറ സൗന്ദര്യാധിഷ്ഠിത മൂല്യം വിലയിരുത്തേണ്ടത് വിദഗ്ധ സമിതിയാണ്.

11ാം മണിക്കൂറില്‍ ഇവിടെ കിട്ടുന്ന അപ്പീലില്‍ സമിതിപോയിട്ട് ഒരു വിദഗ്ധന്‍പോലുമുണ്ടാവാറില്ല. ബാലാവകാശ കമീഷനില്‍ നിന്നുവരുന്ന അപ്പീലുകളെക്കുറിച്ചും പരാതി വ്യാപകമാണ്. അവരും തങ്ങളുടെ മുന്നില്‍വരുന്ന പരാതികളുടെ മൂല്യം പരിശോധിക്കാതെ അടിയന്തരമായി തീര്‍പ്പാക്കുകയാണ്. അപ്പീലിന് കുട്ടികള്‍ കെട്ടേണ്ടത് 5000 രൂപയാണെങ്കിലും ചില ലോകായുക്ത ഉത്തരവില്‍ 10,000 രൂപയെന്നും ചിലതില്‍ 7500 രൂപയെന്നും എടുത്തുപറയുന്നുണ്ട്. ഇത് എന്തുചെയ്യണമെന്നും സംഘാടകര്‍ക്ക് വ്യക്തതയില്ല.

കലോത്സവ അപ്പീലുകളെക്കുറിച്ച് ലോകായുക്തക്ക് ധാരണയില്ലാത്തതിന്‍െറ തെളിവായും പ്രോഗ്രാം കമ്മിറ്റിക്കാര്‍ ഇത് എടുത്തുകാട്ടുന്നു. ഇങ്ങനെ കൂട്ട അപ്പീല്‍ വഴി മേളക്കത്തെിയവരില്‍ ഭൂരിഭാഗവും പ്രമുഖരായ എയ്ഡഡ് സ്കൂളുകളാണെന്നതും ശ്രദ്ധേയമാണ്. കോഴിക്കോട്ടെയും തൃശൂരിലെയും മൂന്ന് അഭിഭാഷകരാണ് ഇങ്ങനെ അപ്പീലുകള്‍ സംഘടിപ്പിച്ചുകൊടുക്കുന്നത്.

Tags:    
News Summary - kalolsavam appeal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.