കലോത്സവത്തില്‍ ഇന്നേവരെ ഏതെങ്കിലും കല ഉള്‍പ്പെടുത്താനേ പ്രതിഷേധം ഉണ്ടായിട്ടുള്ളൂ. എന്നാല്‍, ചരിത്രത്തില്‍  ആദ്യമായി ഒരു ഇനം  ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം. അത് മാജിക്കിനെ കുറിച്ചാണ്. ഇന്ദ്രജാല കലയെ കലോത്സവത്തില്‍ ഉള്‍പ്പെടുത്താതിരിക്കാനാണ് മജീഷ്യന്‍ സാമ്രാജിന്‍െറ നേതൃത്വത്തില്‍ ഒരുകൂട്ടം മജീഷ്യന്മാര്‍ കലോത്സവ നഗരിയില്‍ പ്രതിഷേധവുമായി എത്തിയത്. മാജിക് സ്കൂള്‍ കലോത്സവത്തില്‍ ഉള്‍പ്പെടുത്താന്‍ നീക്കമുണ്ടെന്നും ഇത് അനുവദിക്കില്ളെന്നും ഇവര്‍ പറഞ്ഞു.

മാജിക് എന്ന കലയുടെ ജീവന്‍ അതിന്‍െറ രഹസ്യത്തിലാണെന്നും കലോത്സവ ഇനമായി മാറുന്നതോടെ ഇവയെല്ലാം പരസ്യമാകുമെന്നും  ഇവര്‍ പറയുന്നു. ആയിരക്കണക്കിന് ആളുകള്‍ സാക്ഷികളാവുന്ന വേദിയില്‍ രഹസ്യങ്ങള്‍ തുറന്നിടുന്നതോടെ മാജിക് കാണാനുള്ള ആളുകളുടെ കൗതുകം ഇല്ലാതാകും. അതോടെ മാജിക്കെന്ന കലയുടെ അന്ത്യമാകുമെന്ന് സാമ്രാജ് പറഞ്ഞു. ഇതുവഴി ഉപജീവനം നടത്തുന്ന കലാകാരന്മാര്‍ പ്രതിസന്ധിയിലാകും. എന്നാല്‍, ഇത്തരം ഭയങ്ങള്‍ക്ക് അടിസ്ഥാനമില്ളെന്നാണ് മജീഷ്യന്‍ മുതുകാടിന്‍െറ നിലപാട്. നിലവില്‍ മാജിക്  ഉള്‍പ്പെടുത്താന്‍ സാധ്യതയില്ളെന്നും അങ്ങനെയാണെങ്കില്‍ തന്‍െറ നിലപാട് അപ്പോള്‍ പറയാമെന്നും അദ്ദേഹം പറഞ്ഞു.

മാജിക് ഒരു കലയാണ്. കല കൂടുതല്‍ ജനങ്ങളിലേക്ക് എത്തുമ്പോഴാണ് വിജയിക്കുന്നത്. എന്നാല്‍, അത് അര്‍ഹിക്കുന്നവരിലേക്ക് എത്തണമെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. മൂന്നുവര്‍ഷം മുമ്പ് കലോത്സവ മാന്വല്‍ പരിഷ്കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഡി.പി.ഐ ബിജു പ്രഭാകറിന്‍െറ നേതൃത്വത്തില്‍ നടക്കുമ്പോഴാണ് മാജിക് ഉള്‍പ്പെടുത്താനുള്ള നിര്‍ദേശം വന്നത്. പക്ഷേ, ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്നാണ് അന്ന് തീരുമാനിച്ചത്. കലോത്സവത്തില്‍ മാജിക് ഉള്‍പ്പെടുത്താന്‍ നിലവില്‍ നീക്കം നടക്കുന്നില്ളെന്നിരിക്കെ കലാകാരന്മാരുടെ പ്രതിഷേധം അനാവശ്യമാണെന്ന് ആരോപണമുണ്ട്.

നേരത്തെ മുതുകാട് മോഹന്‍ലാലിനൊപ്പം മാജിക് നടത്താന്‍ നോക്കിയപ്പോള്‍, രഹസ്യം പുറത്താവുമെന്നുപറഞ്ഞ് സാമ്രാജ് പ്രതിഷേധിക്കുകയും വിവാദങ്ങളെ തുടര്‍ന്ന് പരിപാടി ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - magic in state school kalolsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.