‘സുന്ദരമാമീ പെരുന്നാൾ സുദിനം വന്നണഞ്ഞല്ലോ...ചിറകുവിടർത്തീ തക്ബീർ ധ്വനികൾ ഒന്നിച്ചുയർന്നല്ലോ...’ ഒരു കാലത്ത് മാപ്പിളപ്പാട്ടിനെ സ്നേഹിക്കുന്നവരുടെ മനസ്സുകളിൽ നിലാവ്പെയ്യിച്ച പെരുന്നാൾപാട്ടായിരുന്നു ഇത്. ലൈല റസാഖും ബ്രഹ്മാനന്ദനും ചേർന്ന് പാടിയ ഈ പാട്ട് ഇന്നും പഴയ തലമുറയുടെ മനസ്സിൽ നിറയുന്നു.
1983ലാണ് തൻെറ സംഗീതജീവിതത്തിലെ എണ്ണം പറഞ്ഞ പാട്ടുകളിലൊന്നായ ഈ ഗാനം ലൈല ആലപിച്ചത്. ഇന്നും അവരോട് എവിടെച്ചെന്നാലും ആസ്വാദകർ പാടാനാവശ്യപ്പെടുന്ന പാട്ടിലൊന്നാണിത്.
മാപ്പിളപ്പാട്ടിെൻറ വാനിൽ ലൈലയെന്ന താരകം ഉദിച്ചുയർന്നുകൊണ്ടിരുന്ന കാലമായിരുന്നു അത്. ഗൾഫിൽവെച്ചായിരുന്നു റെക്കോഡിങ്. കുഞ്ഞിബാവ തുവക്കാടിെൻറ വരികൾക്ക് സോമൻ കുറുവയാണ് സംഗീതം നൽകിയത്. ചാവക്കാട്ടെ വീട്ടിലിരുന്ന് അന്നത്തെ റെക്കോഡിങ് ദിവസം ഇന്നും ഓർക്കുന്നുണ്ട് ലൈല. ഹാർമോണിയം, തബല, ഗിറ്റാർ തുടങ്ങിയ ചുരുങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് ഒരു മുറിയിലിരുന്നാണ് പാട്ട് റെക്കോഡ് ചെയ്യുക. ഇന്നത്തെപ്പോലെ സാങ്കേതിക വിദ്യ വളരാത്തതിനാൽ ഒരു പാട്ട് പൂർത്തിയാക്കാൻ ഏറെ ബുദ്ധിമുട്ടാണ്. ഉപകരണങ്ങൾ വായിക്കുന്നതിൽ പിഴവു സംഭവിച്ചാലും പാടുന്ന വരികളിലൊന്ന് തെറ്റിയാലുമെല്ലാം ആദ്യം മുതൽ വീണ്ടും പാടണം. അങ്ങനെ ഏറെ സമയമെടുത്താണ് ഓരോ പാട്ടും പൂർത്തിയാവുന്നത്. അതിനിടയിൽ ചെറിയ മോൾ കരഞ്ഞാൽ അവളെ എടുത്ത് താലോലിക്കണം. ഇങ്ങനെയെല്ലാം കഷ്ടപ്പെട്ട് െറക്കോഡ് ചെയ്തതിന് ഫലമുണ്ടായി. പാട്ട് ഹിറ്റായി. അതോടെ പിന്നണി ഗായകനായ ഉണ്ണിമേനോനും എ.ടി. ഉമ്മറും ചേർന്ന് വീണ്ടും ലൈലയെക്കൊണ്ട് ഈ പാട്ടു പാടിപ്പിച്ചു. ഈ റെക്കോഡിങ് ചെന്നൈയിൽ വെച്ചായിരുന്നു. രണ്ടാമത് പാടിയതും ഏറെ ജനപ്രീതി നേടി.
‘മലരിൻെറ മണമുള്ള പൂമോളെ’ എന്നു തുടങ്ങുന്ന താരാട്ടുപാട്ടായിരുന്നു ലൈലയുടെ സംഗീതവഴിയിലെ നാഴികക്കല്ലായ ഗാനം. ഈ പാട്ട് അറിയാത്തവർ ആരും അക്കാലത്തുണ്ടായിരുന്നില്ല. തൻെറ അതിമനോഹരശബ്ദത്തിൽ അവർ പാടിയത് ഓരോ ഉമ്മമാർക്കും വേണ്ടിയായിരുന്നു. പിന്നെയും അവർ ധാരാളമായി പാടി. ‘നീയല്ലാതൊരിലാഹുമില്ല’, ‘തണൽ ഏകീടല്ലാഹ്’, ‘ആരംഭ പൂബീവി’, ‘മിസരി പൊന്നൊളിയുന്ന’, ‘ബദറുൽ മുനീറിെൻറ വരവ്’, ‘ആദി പെരിയോനെ’, ‘നവ്യാനുഭൂതിയെ പുൽകിയുണർത്തുന്നു’, ‘സ്വപ്നത്തിൽ വിരിയുന്ന പൂവല്ല’ തുടങ്ങിയ ജനപ്രിയമായ ഒട്ടേറെ പാട്ടുകൾ. 5000ത്തിലേറെ പാട്ടുകളാണ് ലൈല വർഷങ്ങൾക്കുള്ളിൽ പാടി റെക്കോഡ് ചെയ്തത്.
കളമശ്ശേരി വാത്തിയത്ത് വീട്ടിൽ പരേതനായ കരീമിെൻറയും അയിഷയുടെയും മകളായ ലൈലക്ക് വീട്ടിൽ പാട്ടുപാടാൻ വലിയ പിന്തുണയില്ലായിരുന്നു. പോരാത്തതിന് കടുത്ത നിരുത്സാഹവും. വല്യുപ്പയുടെ കൈയിൽനിന്ന് തല്ലുപോലും കിട്ടിയിട്ടുണ്ട്. ആരും കാണാതെ പറമ്പിെൻറ മൂലയിൽ പോയിരുന്ന് പാടിയ ലൈലയിലെ പ്രതിഭയെ കണ്ടെത്തിയത് സംഗീതാധ്യാപിക പാർവതിയാണ്. അധ്യാപകരുടെ പ്രോത്സാഹനത്തോടെ യുവജനോത്സവത്തിൽ സമ്മാനം നേടിയ ലൈലയുടെ വാർത്തയും ചിത്രവും കണ്ട് ഒരുപാടുപേർ അഭിനന്ദനങ്ങളറിയിച്ചു. അക്കൂട്ടത്തിൽ അഭിനന്ദനം അയച്ച ഒരു കത്തിൽ വിവാഹാലോചനയുമുണ്ടായിരുന്നു, ചാവക്കാട് സ്വദേശിയും പ്രവാസിയുമായ റസാഖിേൻറതായിരുന്നു അത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണത്. ലൈലയെ സംഗീതരംഗത്ത് പ്രോത്സാഹിപ്പിക്കാമെന്ന ഉറപ്പിൽ ഒമ്പതാംക്ലാസിൽ വിവാഹം. ഏറെക്കാലം കഴിയാതെ ഇരുവരും ഗൾഫിലേക്ക് പറന്നു. പാട്ടുകാരിയെന്ന നിലക്കുള്ള അവരുടെ വസന്തകാലം ഗൾഫിലായിരുന്നു. സ്റ്റേജ് പരിപാടികളുടെയും കാസറ്റ് പാട്ടുകളുടെയും തിരക്കുകൾ. ഒരു വേദിയിൽ നിന്ന് മറ്റൊരു വേദിയിലേക്കുള്ള തിരക്കിട്ട യാത്രകൾ. ഒരു ദിവസം രണ്ടു പരിപാടികളുണ്ടാവും. ഒന്ന് ഷാർജയിലാണെങ്കിൽ അടുത്തത് അൽഐനിലായിരിക്കും. മുസ്ലിം പെൺകുട്ടികളെ പാട്ടുപാടാനോ പൊതുരംഗത്തേക്കിറങ്ങാനോ അനുവദിക്കാതിരുന്ന ഒരു കാലത്തായിരുന്നു ലൈലയുടെ ഈ ഉദിച്ചുയരൽ. എല്ലാത്തിനും പിന്തുണയേകി ഭർത്താവ് കൂടെയുണ്ടായിരുന്നതാണ് തൻെറ ഭാഗ്യമെന്ന് അവർ പറയുന്നു.
1988ൽ നാട്ടിലേക്ക് മടങ്ങി. വീട്ടിൽനിന്ന് തനിച്ച് പരിപാടികൾക്കും റെക്കോഡിങ്ങിനും പോവാനുള്ള മടി അവരിലെ വാനമ്പാടിയെ കുറച്ചുകാലം കൂട്ടിലടച്ചിട്ടു. വളരെ സജീവമായി പാട്ടുപാടിക്കൊണ്ടിരിക്കുമ്പോൾ ഇടക്ക് നിന്നുപോയാൽ ചിലപ്പോഴതിൽനിന്നൊരു തിരിച്ചുവരവ് അസാധ്യമാവും. ലൈലയെന്ന ഗായിക എവിടെപ്പോയി എന്ന് പലരും അന്വേഷിക്കുക പതിവായിരുന്നു. 2014ൽ ലൈല റസാഖ് വീണ്ടും പാട്ടുമായെത്തി. യു.എ.ഇയിൽ വെച്ച് നടത്തിയ ആദരിക്കൽ ചടങ്ങിൽ ആസ്വാദകരുടെ നിർബന്ധപ്രകാരം ഒട്ടേറെ പാട്ടുകൾ പാടി. ഇതായിരുന്നു രണ്ടാം വരവ്. ഈ പെരുന്നാളിന് ഷാർജയിലും അബൂദബിയിലും ഗാനമേള അവതരിപ്പിക്കാനിരിക്കുകയാണ് ലൈല. ആ പെരുന്നാൾകിളി പാടുകയാണ്, മധുവൂറും സ്വരത്തിൽ...
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.