പറവൂർ (കൊച്ചി): തട്ടുകടവ് പുഴയിൽ കുളിക്കാനിറങ്ങിയ അടുത്ത ബന്ധുക്കളായ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. പറവൂർ ചെറിയപല്ലംതുരുത്ത് മരോട്ടിക്കൽ ബിജു-കവിത ദമ്പതികളുടെ മകൾ ശ്രീവേദ (10), പറവൂർ മന്നം പെരുവാരം റോഡിനുസമീപം തളിയിലപാടം വീട്ടിൽ നിത-വിനു ദമ്പതികളുടെ മകൻ കണ്ണൻ എന്ന അഭിനവ് (13), ഇരിങ്ങാലക്കുട കുണ്ടാടവീട്ടിൽ രാജേഷ്-വിനിത ദമ്പതികളുടെ മകൻ ശ്രീരാഗ് (13) എന്നിവരാണ് മരിച്ചത്. അഗ്നിരക്ഷാസേന വിഭാഗവും മത്സ്യത്തൊഴിലാളികളും ചേർന്ന് നടത്തിയ തിരച്ചിലിൽ രാത്രി 7.45ന് ശ്രീവേദയുടെ മൃതദേഹവും രാത്രി വൈകി മറ്റു രണ്ടു മൃതദേഹങ്ങളും കണ്ടെത്തുകയായിരുന്നു.
സഹോദരങ്ങളുടെ മക്കളാണ് മൂവരും. ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് വീട്ടുകാരറിയാതെ ഇവർ പുഴയിൽ കുളിക്കാനിറങ്ങിയത്. ഇവർ എത്തിയത് സമീപവാസികളും അറിഞ്ഞില്ല. വൈകീട്ട് നാലരയോടെ ഇവർ വന്ന സൈക്കിളും വസ്ത്രങ്ങളും ചെരിപ്പുകളും പുഴവക്കത്ത് കണ്ടതോടെ നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് അഗ്നിരക്ഷാസേന വിഭാഗത്തിനും അറിയിപ്പ് നൽകി. ഇവരെത്തി പരിശോധന നടത്തിയെങ്കിലും ആരെയുംകുറിച്ച് ഒരുവിവരവും ലഭിച്ചില്ല. നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ മരോട്ടിക്കൽ ബിജുവിന്റെ മകളെയും വിരുന്നിനെത്തിയ കുട്ടികളെയും കാണുന്നില്ലെന്ന വിവരം പിന്നീടാണ് അറിയുന്നത്. തുടർന്ന്, മത്സ്യത്തൊഴിലാളികളും നാട്ടുകാരും അഗ്നിരക്ഷാസേന വിഭാഗവും ചേർന്ന് പുഴയിൽ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. മൃതദേഹങ്ങൾ പറവൂർ താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ശ്രീവേദ അഞ്ചാംക്ലാസ് വിദ്യാർഥിനിയും അഭിനവും ശ്രീരാഗും എട്ടാംക്ലാസ് വിദ്യാർഥികളുമാണ്. ശ്രീവേദയുടെ പിതാവ് ബിജു പറവൂർ കച്ചേരിപ്പടിയിൽ ഓട്ടോ ഡ്രൈവറാണ്. അഭിനവിന്റെ പിതാവ് വിനു ഗൾഫിലാണ്. അവധിക്ക് നാട്ടിൽ വന്നശേഷം കഴിഞ്ഞയാഴ്ചയാണ് തിരിച്ചുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.