അങ്കമാലി: ദേശീയപാത നെടുമ്പാശ്ശേരി അത്താണിയിൽ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ടാങ്കർ ലോറിയിടിച്ച് ഭാര്യ മരിച്ചു. ഭർത്താവിനെ സാരമായ പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അങ്കമാലി കോതകുളങ്ങര മുട്ടത്ത് പുഷ്പകം വീട്ടിൽ വിനയ് ആർ. നമ്പീശൻ്റെ ഭാര്യ കെ.പി. വിദ്യയാണ് (33) മരിച്ചത്. അത്താണി കേരള ഫാർമസിക്ക് സമീപം ചൊവ്വാഴ്ച രാവിലെ 7.55നായിരുന്നു അപകടം.
വിദ്യ കൊച്ചിൻ യൂണിവേഴ്സിറ്റി പോസ്റ്റ് ഓഫിസിലെ പോസ്റ്റ് വുമണാണ്. വിനയ് കാക്കനാട് 'നെസ്റ്റി'ലെ ജീവനക്കാരനുമാണ്. ഇരുവരും ബൈക്കിൽ ജോലി സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. ഇരു വാഹനങ്ങളും ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്നു. പിന്നിൽ വന്ന ടാങ്കർ സ്കൂട്ടറിനെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായതെന്നാണ് വിവരം.
ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നുവെങ്കിലും ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബൈക്കിൽനിന്ന് റോഡിൽവീണ വിദ്യയുടെ ദേഹത്ത് ലോറി കയറിയിറങ്ങുകയായിരുന്നു. ഇവർ തൽക്ഷണം മരിച്ചു. മറുവശത്തേക്ക് വീണതാണ് വിനയിയുടെ ജീവന് തുണയായത്. ഇയാളെ സാരമായ പരിക്കുകളോടെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നെടുമ്പാശ്ശേരി പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിനിടയാക്കിയ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.
ഗുരുവായൂർ കിഴക്കേ പുഷ്പകം എസ്.വി. നിർമ്മലയുടെയും കെ.ബി. കേശവൻ്റെയും മകളാണ് വിദ്യ. മക്കൾ: വിഹാൻ, വൈഘ. മൃതദേഹം ആലുവ ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.