കണ്ണൂർ: കിളിയന്തറ ചെക്ക്പോസ്റ്റിനു സമീപം ബൈക്കിൽനിന്ന് വീണ യുവാക്കളുടെ മേൽ എതിർദിശയിൽ വന്ന കാർ കയറിയിറങ്ങി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കിളിയന്തറ 32ാം മൈൽ സ്വദേശി തൈക്കാട്ടിൽ അനീഷ് (28), വളപ്പാറ സ്വദേശി തെക്കുംപുറത്ത് അസീസ് (40) എന്നിവർ മരിച്ചു.
കൂട്ടുപുഴ ഭാഗത്തുനിന്നും വള്ളിത്തോട് ഭാഗത്തേക്ക് ബൈക്കിൽ വരുകയായിരുന്നു ഇരുവരും. കിളിയന്തറ എക്സൈസ് ചെക്ക്പോസ്റ്റ് കഴിഞ്ഞതിനുശേഷം ഹൈസ്കൂളിന് മുന്നിൽ വെച്ചാണ് അപകടം. ഇവർ സഞ്ചരിച്ച ബൈക്ക് റോഡിൽ വീഴുകയും എതിർദിശയിൽനിന്ന് വന്ന കാർ ഇവരുടെ ദേഹത്ത് കയറുകയുമായിരുന്നു എന്നാണ് സംശയിക്കുന്നത്. ശനിയാഴ്ച രാത്രി വൈകിയാണ് സംഭവം.
ബൈക്ക് കാറുമായി കൂട്ടിയിടിച്ചതിന്റെ ഒരു തെളിവുമില്ല. കാറിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്. ഇവരുടെ ദേഹത്തുകൂടെ കാർ കയറിയ ലക്ഷണങ്ങളും ഉണ്ട്. റോഡിൽ അപകടത്തിൽപെട്ട് കിടക്കുന്ന ഇരുവരെയും ഇതുവഴിവന്ന യാത്രക്കാരും നാട്ടുകാരും പൊലീസും എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. അപകടസ്ഥലത്തുതന്നെ ഇരുവരും മരിച്ചിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും അവിവാഹിതരാണ്. പരേതനായ ഗോപാലൻ-ഉഷ ദമ്പതികളുടെ മകനാണ് അനീഷ്. സഹോദരങ്ങൾ: അജേഷ്, അനിഷ, ആശ. അസീസ് പരേതനായ കമാൽ-ബീപാത്തു ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഹമീദ്, നിശ്രത്ത്, ഷാഹിത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.