ബംഗളൂരു/മംഗളൂരു: ചിക്കമംഗളൂരുവിലും ഹാവേരിയിലും വെള്ളിയാഴ്ചയുണ്ടായ വ്യത്യസ്ത വാഹന അപകടങ്ങളിൽ തീർഥാടകരായ എട്ട് പേർ കൊല്ലപ്പെട്ടു. ചിക്കമംഗളൂരു മുഡിഗെരെയിൽ വൈദ്യുതി വിതരണ കമ്പനി ‘മെസ്കോ’മിന്റെ ലോറിയും ഓമ്നി വാനും കൂട്ടിയിടിച്ചാണ് നാലുപേർ മരിച്ചത്. മംഗളൂരു ധർമസ്ഥലയിൽ തീർഥാടനം കഴിഞ്ഞ് ചിത്രദുർഗയിലേക്ക് മടങ്ങിയ കുടുംബമാണ് അപകടത്തിൽപെട്ടത്.
വാനിലുണ്ടായിരുന്ന ഹംപയ്യ (65), മഞ്ചയ്യ (60), പ്രേമ (58), പ്രഭാകർ (45) എന്നിവരാണ് മരിച്ചത്. ലോറിയിൽ ഇടിച്ച വാനിന്റെ പിറകിൽ ആൾട്ടോ കാർകൂടി ഇടിച്ചതോടെ മൂന്ന് പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലേക്കുള്ള വഴിയിലും മരിക്കുകയായിരുന്നു. ഒമ്പത് പേരാണ് വാനിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ മറ്റുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാരുതി ആൾട്ടോയിലെ ഏഴ് യാത്രക്കാർക്കും പരിക്കേറ്റു. എല്ലാവരെയും മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹാവേരിയിൽ കാർ പാലത്തിൽനിന്ന് സർവിസ് റോഡിലേക്ക് വീണാണ് നാലുപേർ മരിച്ചത്. ആറുപേർക്ക് പരിക്കേറ്റു. സുരേഷ് (45), പ്രമീള (28), ഐശ്വര്യ (22), ചേതന (ഏഴ്) എന്നിവരാണ് മരിച്ചത്.
ഹാവേരി അശ്വിൻ നഗർ സിറ്റിയിൽനിന്ന് തിരുപ്പതിയിലേക്ക് തീർഥാടന യാത്ര നടത്തുകയായിരുന്ന കുടുംബമാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട കാർ ദേശീയപാത 48ലെ ഹലഗേരി പാലത്തിൽനിന്ന് മറിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.