അടിമാലി: രാജാക്കാട് പന്നിയാർകൂട്ടി കുളത്രകുഴിക്ക് സമീപം ബോലേറോ ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. രാജകുമാരി സ്വദേശി പട്ടരുമഠത്തിൽ സനു വർഗീസ്(43) ആണ് മരിച്ചത്. അപകടത്തിൽ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് പതിക്കാനൊരുങ്ങിയ ജീപ്പിൽ നിന്നും പിഞ്ചുകുഞ്ഞടക്കം അദ്ഭുതകരമായി രക്ഷപെട്ടു.
വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് അപകടം. അപകടത്തില്‍ സ്കൂട്ടറിൽ സഞ്ചരിച്ച സനു തൽക്ഷണം മരിച്ചു. മറ്റൊരു വാഹനത്തിനെ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് സമീപത്തെ മരത്തിൽ ഇടിച്ചു മറിഞ്ഞു. അമ്മയും രണ്ട് മാസം പ്രായമായ കുഞ്ഞും ഉൾപ്പടെ മൂന്ന് സ്ത്രീകളും ഡ്രൈവറുമായിരുന്നു ഈ വാഹനത്തിൽ ഉണ്ടായിരുന്നത്.
വാഹനം റോഡ് സൈഡിലെ മരത്തിൽ ഇടിച്ചു നിന്നതിനാൽ കൊക്കയിലേക്ക് വീഴാതെ വൻ അപകടം ഒഴിവായി. അമ്മയും കുഞ്ഞും മറ്റ് യാത്രികരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിന്‍റെ അശാസ്ത്രീയ നിർമാണവും കൊടും വളവുകളും കുത്തിറക്കവുമാണ് അപകടത്തിന് കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു.
ചെറുതും വലുതുമായ വാഹനങ്ങൾ ഇവിടെ അപകടത്തിൽ പെടുന്നത് നിത്യസംഭവമാണ്. രാജാക്കാട് പൊലീസ് സംഭവ സ്ഥലം പരിശോധിച്ചു. സനുവിന്‍റെ മൃതദേഹം അടിമാലി താലൂക് ആശുപത്രിയിൽ പോസ്റ്റ്മാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 ന് ഗലീലാക്കുന്ന് സെന്‍റ് ജോൺസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സോണി. മക്കൾ: ജോയൽ (നാലാം ക്ലാസ് വിദ്യാർഥി) , നേഹൽ (5 വയസ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.