തൃപ്പൂണിത്തുറ: മേക്കരയിൽ ബൈക്ക് മറ്റൊരു ബൈക്കിൽ ഉരസി നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർഥി മരിച്ചു. മാർക്കറ്റ് റോഡിൽ മിഷൻ സ്കൂളിന് സമീപം ഇടശ്ശേരി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ചമ്പക്കര സ്വദേശി നെടുംപറമ്പിൽ ലക്ഷമണന്‍റെയും ബേബിയുടെയും മകൻ അമൽ കൃഷ്ണ(20)യാണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ 11.15ന് മാർക്കറ്റ് റോഡിൽ മേക്കര ഭാഗത്ത് വെച്ചായിരുന്നു അപകടം. ബൈക്കിൽ അമിത വേഗതയിൽ പോയ അമൽ എതിരെ വന്ന മറ്റൊരു ബൈക്കിന്‍റെ ഹാൻഡിലിൽ ഉരസി നിയന്ത്രണം വിട്ട് റോഡിൽ തലയിടിച്ച് വീഴുകയും സമീപം പാർക്ക് ചെയ്തിരുന്ന കാറിനടിയിലേക്ക് തെന്നി ഇടിച്ചു കയറുകയുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അമൽകൃഷ്ണ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
അപകടത്തിൽ പെട്ട മറ്റേ ബൈക്കിൽ സഞ്ചരിച്ചിരുന്നവർക്ക് നിസാര പരിക്കേറ്റു. ഓടിക്കൂടിയ നാട്ടുകാർ അപകടത്തിൽപെട്ടവരെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. മരിച്ച അമൽകൃഷ്ണ പുത്തൻകാവ് സ്വാമി ശാശ്വതീകാനന്ദ കോളജിൽ ഡിഗ്രി വിദ്യാർഥിയാണ്. കൂട്ടുകാരന്‍റെ ബൈക്കുമായി പോകുന്ന വഴിയാണ് ദാരുണ അപകടം. പിതാവ് ലക്ഷമണൻ കൊല്ലം സി.ഇ.പി.സി.ഐയിലെ (സെപ്സി) റിട്ടയേർഡ് ജീവനക്കാരനാണ്. ഏക മകനാണ് മരിച്ച അമൽകൃഷ്ണ. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.