കൊടുവള്ളി: ദേശീയ പാത 766 മദ്റസ ബസാറിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ മരണം മൂന്നായി. പടനിലം വള്ളിയാട്ടുമ്മൽ ബീച്ചിരന്‍റെ മകൻ വി. ശശി (38) ആണ് ശനിയാഴ്ച പുലർച്ചെ മരിച്ചത്. പടനിലം വള്ളിയാട്ടുമ്മൽ പരേതനായ ബാപ്പൂട്ടിയുടെ മകൻ സന്തോഷ് (45), പറയംമടുക്കുമ്മൽ വെള്ളന്‍റെ മകൻ പി.എം. ശശി (50) എന്നിവർ ഇന്നലെ മരണപ്പെട്ടിരുന്നു. വെള്ളിയാഴ്ച രാവിലെ 10.40 ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ േദശീയപാതയിൽ ഗെയ്ൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി നടത്തുന്നതാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു. അപകടം നടന്ന മദ്റസ ബസാറിൽ മുന്നറിയിപ്പ് ബോർഡുകളില്ലാതെയാണ് പൈപ്പ് സ്ഥാപിക്കാൻ റോഡ് കിളക്കുന്നത്. ഒരു ബാരിക്കേഡ് റോഡിന്‍റെ മധ്യഭാഗത്തായി കയറ്റിവെച്ചിരുന്നു. ചരക്കുമായി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിലെ ഡ്രൈവർ പ്രവൃത്തി ശ്രദ്ധയിൽപ്പെടാതെ ബാരിക്കേഡ് കണ്ട് പെട്ടന്ന് ലോറി വെട്ടിച്ചപ്പോൾ എതിരെ വന്ന ബൈക്ക് നിയന്ത്രണം വിട്ട് ലോറിയിൽ ഇടിക്കുകയായിരുന്നു.
പൊലീസും നാട്ടുകാരും ചേർന്ന് ഏറെ ശ്രമപ്പെട്ടാണ് ലോറിക്കടിയിൽപെട്ട മൂവരെയും പുറത്തെടുത്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സന്തോഷിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വെള്ളിയാഴ്ച വൈകീട്ട് വീട്ടിൽ കൊണ്ട് വന്ന് സംസ്കരിച്ചു. മറ്റ് രണ്ട് പേരുടേയും മൃതദേഹം ശനിയാഴ്ച ഉച്ചയോടെ കൊണ്ട് വന്ന് പടനിലത്തെ മദ്റസയിൽ പൊതുദർശനത്തിന് വെച്ച ശേഷമാണ് സംസ്കരിച്ചത്.
കല്യാണിയാണ് സന്തോഷിന്‍റെ അമ്മ. ഭാര്യ: സന്ധ്യ. മക്കൾ: അനഘ, അഖിൻ (ഇരുവരും വിദ്യാർത്ഥികൾ), അഖിന. സഹോദരങ്ങൾ: രതീഷ്, സുരേഷ്, റീന.
തനിയായിയാണ് പി.എം. ശശിയുടെ അമ്മ. ഭാര്യ: രാധ. മക്കൾ: ബിൻഷ, ബിൻ ഷി, ബിജിൻ. മരുമകൻ: വിജേഷ്. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ (സി.ആർ.പി.എഫ്), മാളു, കല്യാണി.
കീരൊറ്റിയാണ് വി. ശശിയുടെ അമ്മ. ഭാര്യ: ബിന്ദു. മകൻ: അഭിനവ്. സഹോദരങ്ങൾ: കൃഷ്ണൻ, സുധീർ, പരേതനായ സത്യൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.