ലഖ്നോ: ഉത്തർപ്രദേശിലെ കാൺപൂരിൽ 17കാരൻ ഓടിച്ച കാർ സ്‌കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു. 12 വയസ്സുള്ള മകൾക്ക് ഗുരുതരമായി പരിക്കേറ്റു. വാഹനം ഓടിച്ച കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
താനറിയാതെയാണ് മകൻ കാർ ഓടിച്ചതെന്നും സഹോദരിയെ കോളജിൽ വിടാനാണ് വാഹനം കൊണ്ടുപോയതെന്നും കുട്ടിയുടെ പിതാവ് പൊലീസിനോട് പറഞ്ഞു. വാഹനം ഓടിച്ചിരുന്ന കുട്ടിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളിൽ അമിതവേഗതയിൽ വന്ന കാർ എതിർദിശയിൽ നിന്ന് വന്ന സ്‌കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുന്നത് കാണാം. സ്‌കൂട്ടറിന് പുറമെ മറ്റ് രണ്ട് വാഹനങ്ങളിലും കാർ ഇടിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നത് തടയാൻ കർശന നടപടി സ്വീകരിക്കണമെന്നും യുവതിയുടെ കുടുംബം ആവശ്യപ്പെട്ടു. യുവതി മകളെ ആശുപത്രിയിൽ കൊണ്ടുപോയതിന് ശേഷം മടങ്ങുകയായിരുന്നു. ഹെൽമറ്റ് ധരിച്ചിട്ടും തലപൊട്ടി രക്തസ്രാവമുണ്ടായി. ശ്വാസകോശത്തിന് തകരാർ സംഭവിച്ചതായും യുവതിയുടെ കുടുംബം വ്യക്തമാക്കി.
യുവതിയുടെ ഭർത്താവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ, മനഃപൂർവമല്ലാത്ത കൊലപാതകം, അശ്രദ്ധമായി വാഹനം ഓടിക്കൽ, മറ്റൊരാളുടെ ജീവൻ അപകടപ്പെടുത്തൽ, വസ്തുവകകൾക്ക് നാശം വരുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കുട്ടിക്കെതിരെ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.