മാന്നാർ: സ്റ്റാർ ടി.വിയിൽ അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും അവതരിപ്പിച്ചിരുന്ന 'കോൻ ബനേഗാ ക്രോർപതി' മത്സരത്തിലേക്ക് ക്ഷണം കിട്ടിയ ആദ്യ മലയാളിയും മാന്നാറിലെ ആദ്യ പൊതുമേഖല ഗ്യാസ് ഏജൻസിയുടെ ഉടമയുമായ മാന്നാർ കുട്ടമ്പേരൂർ ജയശ്രീയിൽ സഞ്ജയ് (59) നിര്യാതനായി. 'കോൻ ബനേഗാ ക്രോർപതി'യിൽ ഷാറൂഖിന് മുന്നിലെ ഹോട്ട് സീറ്റിൽ ഇദ്ദേഹം ഇരുന്നത് മുണ്ട് ഉടുത്തായിരുന്നു.
ഒന്ന് അമ്പരന്ന ഷാരൂഖ് ഖാനും പിന്നീട് മുണ്ടുടുത്തായിരുന്നു പരിപാടി അവതരിപ്പിച്ചത്. ഷാരൂഖ് ഖാനെ മുണ്ടുടുക്കാൻ പഠിപ്പിച്ചത് സഞ്ജയ് ആണ്. ദേശീയ മാധ്യമങ്ങളിൽ അത് വാർത്തയായിരുന്നു. അന്ന് നല്ല വിജയം നേടിയ സഞ്ജയിനെ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ ഒപ്പിട്ട ബാറ്റ് കൊടുത്താണ് ഖാൻ യാത്രയാക്കിയത്.
മാന്നാറിലെ ആദ്യ ഗ്യാസ് ഏജൻസി ഇദ്ദേഹത്തിേൻറതായിരുന്നു. ഏകദേശം മൂന്ന് പതിറ്റാണ്ടു മുമ്പ് എം.ബി.എ ഉയർന്ന നിലയിൽ കൊച്ചിൻ യൂനിവേഴ്സിറ്റിയിൽനിന്ന് പാസായ മാന്നാറിലെ ആദ്യ വ്യക്തിയാണ്. ചരിത്രം ഔപചാരികമായി പഠിച്ചിട്ടില്ലെങ്കിലും ചരിത്രത്തെപറ്റി അഗാധ പാണ്ഡിത്യമുള്ള ഇദ്ദേഹം സിവിൽ സർവിസ് പരീക്ഷയിൽ തെരഞ്ഞെടുത്ത പ്രധാന വിഷയം ഇന്ത്യൻ ചരിത്രമായിരുന്നു.
പ്രായമേറിയ സമയത്ത് എൽ.എൽ.ബി എൻട്രൻസ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടി. മികച്ചൊരു ക്രിക്കറ്റ് താരമായിരുന്ന ഇദ്ദേഹം ഒരു ഒന്നാം റാങ്ക് നേടിയപ്പോൾ മകനായ കരുൺ സഞ്ജയ് നേടിയത് രണ്ട് ഒന്നാം റാങ്ക് നേടി. എൽ.എൽ.ബിക്കും എൽ.എൽ.എമ്മിനുമായിരുന്നു അത്. ഇക്കേണാമിക്സിൽ ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്സിറ്റി നടത്തിയ പ്രവേശന പരീക്ഷയിൽ മകൾ കാവ്യക്കായിരുന്നു ഒന്നാം റാങ്ക്.
അങ്ങനെ ഒരു വീട്ടിൽ നാല് ഒന്നാം റാങ്ക് എന്ന പെരുമയും സ്വന്തമാക്കിയിരുന്നു. പരേതരായ ലെഫ്. കേണൽ (റിട്ട) പി.വി.കെ. പിള്ളയുെടയും റിട്ട. അധ്യാപിക സരോജനിയമ്മയുെടയും മകനാണ്. ഭാര്യ: പരേതയായ ജയശ്രീ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.