പെരുമ്പാവൂർ: പണ്ഡിതനും ആദ്യത്തെ തിരുവനന്തപുരം വലിയ ഖാളിയുമായ ചേലക്കുളം മുഹമ്മദ് അബുൽ ബുഷ്റ മൗലവി (കെ.എം. മുഹമ്മദ് മൗലവി -87) അന്തരിച്ചു. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് അന്ത്യം. ചേലക്കുളം അസാസുദ്ദഅവ വാഫി കോളജ് സ്ഥാപകനാണ്.
നാല് പതിറ്റാണ്ട് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയായിരുന്നു. വടുതല മൂസ മൗലാനക്ക് ശേഷം ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ മുഫ്തിയും പ്രസിഡൻറുമായി. 1936 ജനുവരി അഞ്ചിന് മരക്കാർ കുഞ്ഞി ഹാജി, ഫാത്തിമ ദമ്പതികളുടെ മകനായാണ് ജനനം. ചേലക്കുളത്തെ പഠന കാലത്ത് പ്രമുഖ പണ്ഡിതൻ പാടൂർ തങ്ങളുടെ ശിഷ്യനായി. പുതിയാപ്പിള അബ്ദുറഹിമാൻ മുസ്ലിയാരുടെ ദർസിൽ നിന്ന് അറിവ് നേടി. വിളയൂർ അലവിക്കുട്ടി മുസ്ലിയാർ, വാളക്കുളം അബ്ദു റഹിമാൻ മുസ്ലിയാർ, ഇമ്പിച്ചി മുസ്ലിയാർ തുടങ്ങിയ പ്രഗൽഭരുടെ ദർസിലും പഠിച്ചു. വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിലെത്തി ബാഖവി ബിരുദം നേടി.
കാരിക്കോട്, തേവലക്കര, മുതിരപ്പറമ്പ്, താഴത്തങ്ങാടി, ഈരാറ്റുപേട്ട, കുറ്റിക്കാട്ടൂർ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി ഫലാഹിയ, മഞ്ചേരി നജ്മുൽ ഹുദ, ജാമിഅ മന്നാനിയ്യ തുടങ്ങിയ സ്ഥലങ്ങളിൽ സേവനം ചെയ്തു. ഒ.ബി. തഖ്യുദ്ദീൻ ഫരീദുദ്ദീൻ മൗലവിയുടെ മകൾ നഫീസയാണ് ഭാര്യ. മക്കൾ: ബുഷ്റ, ഷമീമ, മുഹമ്മദ് ജാബിർ മൗലവി, ജാസിറ, അമീന. മരുമക്കൾ: ഹമീദ് വഹബി നെല്ലിക്കുഴി, അബ്ദുൽ മജീദ് ബാഖവി ചന്തിരൂർ, ഫസലുദ്ദീൻ ഖാസിമി ഓണമ്പിള്ളി, ബഷീർ നെടിയാമല, ഫസീല. ഖബറടക്കം തിങ്കളാഴ്ച 11.30ന് ചേലക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.