കൊച്ചി: ഇരുൾ നിറയാത്ത സമൂഹത്തിനായി തൂലികയിലൂടെ വെളിച്ചം പ്രസരിപ്പിച്ച മാധ്യമപ്രവർത്തകൻ കെ.എം. റോയ് (82) ഇനി ഓർമ. കൃത്യമായ നിലപാടുകൾ വസ്തുതകളുടെ പിൻബലത്തോടെ അവതരിപ്പിച്ച് പത്രപ്രവർത്തനരംഗത്തിന് ദിശാബോധം നൽകിയ കെ.എം. റോയ് ശനിയാഴ്ച വൈകീട്ട് 3.30ഓടെ എറണാകുളം കടവന്ത്രയിലെ വസതിയായ 'അനന്യ'യിലാണ് അന്തരിച്ചത്. വാർധക്യസഹജ അസുഖത്തെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെ 9.15ന് എറണാകുളം പ്രസ് ക്ലബിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് തേവര സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ. മാധ്യമപ്രവർത്തകൻ, പൊതുപ്രവർത്തകൻ, നോവലിസ്റ്റ്, അധ്യാപകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു.
1939 ഏപ്രിൽ രണ്ടിന് എറണാകുളത്ത് ജനിച്ച കെ.എം. റോയ് മഹാരാജാസ് കോളജിൽ എം.എ വിദ്യാർഥിയായിരിക്കെ 1961ൽ കേരളപ്രകാശം പത്രത്തിൽ സഹപത്രാധിപരായാണ് മാധ്യമപ്രവർത്തനം ആരംഭിച്ചത്. തുടര്‍ന്ന് ദേശബന്ധു, കേരളഭൂഷണം പത്രങ്ങളിലും പിന്നീട് 'ഇക്കണോമിക്സ് ടൈംസി'ലും പ്രവര്‍ത്തിച്ചു. 1970 മുതൽ 78 വരെ ദി ഹിന്ദു ദിനപത്രത്തിൽ പ്രവർത്തിച്ചു. ശേഷം യു.എന്‍.ഐ റിപ്പോര്‍ട്ടറായി. 1987 മുതൽ 2002 വരെ 'മംഗളം' ജനറല്‍ എഡിറ്ററായിരുന്നു. വിദേശ ദിനപത്രങ്ങളിലടക്കം കോളങ്ങള്‍ എഴുതിയിരുന്നു. മംഗളം വാരികയില്‍ ദീർഘകാലം 'ഇരുളും വെളിച്ചവും' പംക്തി എഴുതിയിരുന്നു.
രണ്ടുവര്‍ഷം കേരള യൂനിയന്‍ ഓഫ് വര്‍ക്കിങ് ജേണലിസ്റ്റിെൻറ പ്രസിഡൻറായിരുന്നു. നാലുതവണ ഇന്ത്യന്‍ ഫെഡറേഷന് ഓഫ് വര്‍ക്കിങ് ജേണലിസ്റ്റിെൻറ ജനറല്‍ സെക്രട്ടറി പദവിയും വഹിച്ചു. പത്രപ്രവര്‍ത്തകരുടെ വേജ്ബോര്‍ഡ്, പ്രസ് അക്കാദമി, പെന്ഷന് തുടങ്ങിയ പദ്ധതികളുടെ ആസൂത്രകരില്‍ ഒരാളായിരുന്നു. ബാബരി മസ്ജിദ് തകര്‍ത്ത വര്‍ഗീയശക്തികളെ വിമര്‍ശിച്ച് അദ്ദേഹം 'മംഗള'ത്തില്‍ എഴുതിയ എഡിറ്റോറിയലിന് മുട്ടത്തു വര്‍ക്കി ഫൗണ്ടേഷന് പുരസ്കാരം ലഭിച്ചു. അമേരിക്കന്‍ ഫൊക്കാന പുരസ്കാരം, സഹോദരന് അയ്യപ്പന് അവാര്‍ഡ്, ശിവറാം അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ തേടിയെത്തി. ഒമ്പതു പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കൊച്ചിൻ പോർട്ട് ഉദ്യോഗസ്ഥയായിരുന്ന ലീലയാണ് ഭാര്യ. മക്കൾ: അഡ്വ. മനു റോയ്, സ്വപ്ന, ലെസ്ലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.