ശ്രീകണ്ഠപുരം (കണ്ണൂർ): ജന്മി നാടുവാഴിത്തത്തിനും ബ്രിട്ടീഷ് സാമ്രാജ്യത്തിനും എതിരെ പോരാടിയ കാവുമ്പായി സമരഭടൻ ഇ.കെ. നാരായണൻ നമ്പ്യാർ (99) തിരുവനന്തപുരത്ത് അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകീട്ടായിരുന്നു അന്ത്യം. മകനൊപ്പം തിരുവനന്തപുരം മേലാറന്നൂർ എൻ.ജി.ഒ ക്വാട്ടേഴ്സിലായിരുന്നു താമസം. സംസ്കാരം ബുധനാഴ്ച പകൽ രണ്ടിന് കാവുമ്പായിലെ വീട്ടുവളപ്പിൽ നടക്കും.
അഞ്ചു പേർ രക്തസാക്ഷിത്വം വരിച്ച കാവുമ്പായി സമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് നാരായണൻ നമ്പ്യാരെയും അച്ഛൻ തളിയൻ രാമൻ നമ്പ്യാരെയും ഉൾപ്പെടെ ഒട്ടേറെ പേരെ സമരമുഖത്തുനിന്ന് ബ്രിട്ടീഷ് ചോറ്റുപട്ടാളം അറസ്റ്റ് ചെയ്തു. തുടർന്ന് സേലം ജയിലിലേക്ക് മാറ്റി. തടവ് ശിക്ഷ അനുഭവിക്കെയാണ് 1950 ഫെബ്രുവരി 11ന് ജയിലിൽ കൂട്ടക്കൊല നടന്നത്. വെടിവെപ്പിൽ അച്ഛൻ തളിയൻ രാമൻ നമ്പ്യാർ തൽക്ഷണം മരിച്ചു. നാരായണൻ നമ്പ്യാർക്ക് മാരകമായി പരിക്കേറ്റിരുന്നു. മരിച്ചുവെന്ന് കരുതി ജയിലധികൃതർ ആശുപത്രിയിൽ എത്തിച്ചതുകൊണ്ടുമാത്രമാണ് രക്ഷപ്പെട്ടത്. ശസ്ത്രക്രിയ ചെയ്ത് മാറ്റാനാവാതെ ജീവിതാവസാനം വരെ ശരീരത്തിൽ വെടിച്ചില്ലുകൾ ഉണ്ടായിരുന്നു.
ഭാര്യമാർ: പരേതരായ കാർത്ത്യായനിയമ്മ, ശ്രീദേവിയമ്മ. മക്കൾ: പ്രസന്ന (കാവുമ്പായി), രാമചന്ദ്രൻ (വെഞ്ഞാറമൂട്), ഉഷാദേവി (കോട്ടൂർ), രുഗ്മിണി (കാവുമ്പായി) ഗണേഷ് കുമാർ (സപ്ലൈകോ, തമ്പാനൂർ തിരുവനന്തപുരം), ശോഭന (കോട്ടൂർ), രമണി (ദുബൈ). മരുമക്കൾ: എം.സി കുഞ്ഞിരാമൻ (കാവുമ്പായി), ഓമന (വെഞ്ഞാറമൂട്), തമ്പാൻ (കോട്ടൂർ), ചന്തൂട്ടി (കാവുമ്പായി), പത്മനാഭൻ (കോട്ടൂർ), പി. രേഷ്മ (കുറുമാത്തൂർ) ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന്റെ പേഴ്സനൽ സ്റ്റാഫ് അംഗം, വേണുഗോപാൽ (പത്തനംതിട്ട). സഹോദരൻ: പരേതനായ രാഘവൻ നമ്പ്യാർ (കാവുമ്പായി).
മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർ അനുശോചിച്ചു. മന്ത്രി ജി.ആർ. അനിൽ ആശുപത്രിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.