കണ്ണൂർ: ഏക വരുമാനമാർഗമായ ഓട്ടോറിക്ഷ കത്തിച്ചതിനെ തുടർന്ന് സി.പി.എമ്മുമായി വർഷങ്ങളായി പോരാട്ടം തുടർന്ന ദലിത് ഓട്ടോ ഡ്രൈവർ ചിത്രലേഖ (48) വിടവാങ്ങി. കനത്ത ശ്വാസംമുട്ടലിനെ തുടർന്ന് പുലർച്ചെ മൂന്നു മണിയോടെ കണ്ണൂർ കമ്പിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പാൻക്രിയാസ് കാൻസറിനെ തുടർന്ന് ചികിത്സയിലായിരുന്നു.
ചിത്രലേഖയുടെ ഭൗതികശരീരം നാളെ (ഞായർ) രാവിലെ 9.00 മണിക്ക് ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിക്കും. രാവിലെ 10 മണിക്ക് വീട്ടിൽ നിന്ന് ഭൗതികശരീരം 10.30ഓടെ പയ്യാമ്പലം കടപ്പുറത്തെത്തിക്കും. പയ്യാമ്പലം കടപ്പുറത്താണ് സംസ്കാര ചടങ്ങുകൾ നടക്കുക. മക്കൾ: മനു, മേഘ.
ഏക വരുമാനമാർഗമായ ഓട്ടോറിക്ഷ കത്തിച്ചതിനെ തുടർന്ന് സി.പി.എമ്മുമായി വർഷങ്ങളായി പോരാട്ടം തുടർന്ന ചിത്രലേഖ രോഗശയ്യയിലായിരുന്നു. വീട്ടുമുറ്റത്ത് നിർത്തിയിട്ട രണ്ടാമത്തെ ഓട്ടോറിക്ഷയും കത്തിച്ചതിനെ തുടർന്ന് ഉപജീവനമാർഗം നിലച്ചതിനിടെ സന്നദ്ധ സംഘടനകൾ വഴി ലഭിച്ച പുതിയ ഓട്ടോറിക്ഷയുമായി നിരത്തിലിറങ്ങാനിരിക്കെയാണ് രോഗം അലട്ടിയത്. ചിത്രലേഖ രോഗശയ്യയിൽ കഴിയുന്ന വിവരം 'മാധ്യമം' ദിനപത്രം വാർത്തയാക്കിയിരുന്നു.
വയറുവേദനയിൽ തുടങ്ങിയ അസ്വാസ്ഥ്യം അർബുദമാണെന്ന് തിരുവനന്തപുരം ആർ.സി.സിയിലേത് ഉൾപ്പടെയുള്ള ഡോക്ടർമാരാണ് സ്ഥിരീകരിച്ചത്. പാൻക്രിയാസ് കാൻസറിന് കീമോതെറപി ചെയ്യാൻ തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററിൽ അഡ്മിറ്റ് ചെയ്യാനിരിക്കെ മഞ്ഞപ്പിത്തം ബാധിച്ച് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ.
പയ്യന്നൂർ സ്വദേശിനിയായ ചിത്രലേഖ, സി.പി.എമ്മുകാരുമായി ഏറ്റുമുട്ടിയാണ് വാർത്തകളിൽ ഇടംപിടിച്ചത്. ഏതാനും വർഷങ്ങളായി കണ്ണൂർ കാട്ടാമ്പള്ളിയിലാണ് താമസം. ഇവിടെയുള്ള പുതിയ വീടിനു മുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷക്ക് കഴിഞ്ഞ വർഷം ആഗസ്റ്റ് 25ന് പുലർച്ചെയാണ് തീയിട്ടത്. സി.പി.എമ്മുകാരാണ് തീയിട്ടതെന്നാണ് അവർ ആരോപിച്ചത്. വളപട്ടണം പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം എവിടെയുമെത്തിയില്ല.
ഭർത്താവും രണ്ടു മക്കളും രണ്ടു പേരമക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഉപജീവനമാർഗവും ഓട്ടോറിക്ഷ തന്നെയായിരുന്നു. കേസും കൂട്ടും പ്രതിഷേധവുമായി മാസങ്ങളോളം കഴിഞ്ഞു വരുന്നതിനിടെ സന്നദ്ധ സംഘടനയുടെ സഹായം വഴി ഓട്ടോറിക്ഷ ലഭിച്ചു. വീണ്ടും നിരത്തിലിറങ്ങി ആഴ്ചകൾക്കകമാണ് രോഗം ബാധിച്ച് തുടങ്ങിയത്. ഇതോടെ 8,150 രൂപയുടെ പ്രതിമാസ തിരിച്ചടവും മുടങ്ങി.
2002ൽ തീയ സമുദായത്തിൽപെട്ട ശ്രീഷ്കാന്തിനെ പ്രണയിച്ചു വിവാഹം ചെയ്തതോടെയാണ് ജാതി വിവേചനത്തിനും പീഡനത്തിനും ചിത്രലേഖ ഇരയായത്. നഴ്സായിരുന്ന ഇവർ ആ ജോലി വിട്ട് ഭർത്താവിനൊപ്പം ഓട്ടോറിക്ഷ ഡ്രൈവറാവാൻ തീരുമാനിച്ചു. വിവാഹശേഷം ലോണെടുത്ത് വാങ്ങിയ ഓട്ടോറിക്ഷയുമായി പയ്യന്നൂർ എടാട്ടിൽ ഓട്ടോ സ്റ്റാൻഡിലെത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇവിടെവെച്ച് ജാതീയമായി അധിക്ഷേപം നേരിട്ടു. പിന്നീട് ഓട്ടോറിക്ഷക്കു നേരെ ആക്രമണമായി. 2005 ഡിസംബർ 30ന് ഓട്ടോറിക്ഷ കത്തിക്കുകയും ചെയ്തു. അന്നു മുതൽ സി.പി.എമ്മിനെതിരെ പരസ്യയുദ്ധം പ്രഖ്യാപിച്ച് പോരടിക്കുകയായിരുന്നു ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.