ചെറുകഥാകൃത്ത് മുഹമ്മദ് ഡാനിഷ് നിര്യാതനായി

കണ്ണൂർ: ജനിതക രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി ബാധിതനായി പ്രതിസന്ധികളോട് പോരടിച്ച് കഥകൾ രചിച്ച മുഹമ്മദ് ഡാനിഷ് (13) വിടവാങ്ങി.

കാഞ്ഞിരോട് കുടുക്കിമൊട്ട പടന്നോട്ട് മീത്തലെവീട്ടിൽ മുത്തലിബിന്റെയും കല്ലിന്റവിടെ നിഷാനയുടെയും മകനാണ്. ചലനശേഷി നഷ്ടമായ ഡാനിഷ് സ്വന്തമായി എഴുതിയ പുസ്തകം 'ചിറകുകൾ' ശ്രദ്ധേയമായിരുന്നു. കാഞ്ഞിരോട് അൽഹുദ ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥിയായിരിക്കെ 12ാം വയസ്സിൽ എഴുതിയ 10 കഥകളാണ് പുസ്തകത്തിലുള്ളത്.

പ്രഭാതങ്ങളും സായാഹ്നങ്ങളും നിറഞ്ഞ ജീവിതത്തിന്‍റെ എല്ലാ തലങ്ങളും തൊട്ടുരുമ്മിയുള്ള രചനകളാണ് ഡാനിഷിന്‍റേത്. പുസ്തകം പ്രകാശനത്തിന് മന്ത്രി അഹ്മദ് ദേവർകോവിൽ അടക്കം എത്തിയിരുന്നു. നിലവിൽ മുണ്ടേരി ഹൈസ്കൂളിൽ എട്ടാംതരം വിദ്യാർഥിയാണ്. സ്കൂൾ തുറക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെയാണ് വേർപാട്.

വ്യാഴാഴ്ച വൈകീട്ട് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഓക്സിജന്റെ അളവ് കുറഞ്ഞതോടെ വെള്ളിയാഴ്ച ഉച്ചയോടെ വെന്റിലേറ്ററിലേക്ക് മാറ്റി. ന്യുമോണിയയും ബാധിച്ചിരുന്നു. വൈകിട്ടോടെ മരിച്ചു.

ഒന്നരവയസ്സിൽ ബംഗളൂരുവിലെ ആശുപത്രിയിൽ എസ്.എം.എ സ്ഥിരീകരിക്കപ്പെടുമ്പോൾ ജീവിതത്തിലൊരിക്കലും എഴുതാനോ ചലിക്കാനോ കഴിയില്ലെന്ന് ഡോക്ടർമാർ ഉറപ്പിച്ചുപറഞ്ഞ ഡാനിഷ് പഠനംതുടർന്നതും കഥകളെഴുതി പുസ്തകം പ്രസിദ്ധീകരിച്ചതും ഉറച്ച നിശ്ചയദാർഢ്യത്തോടെയായിരുന്നു. ഹാനി ദർവിഷാണ് സഹോദരൻ.

Tags:    
News Summary - Muhammad Danish passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.