കണ്ണൂർ: ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് മുൻ ജില്ല സെക്രട്ടറിയും പൗര പ്രമുഖനുമായ കണ്ണൂർ തായത്തെരുവിലെ കെ.പി അബ്ദുൽ അസീസ് (76) നിര്യാതനായി. വെള്ളിയാഴ്ച പുലർച്ചെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ജമാഅത്തെ ഇസ്‌ലാമിയുടെ ആദ്യ കണ്ണൂർ ഏരിയയുടെ (ഇരിക്കൂർ, കാഞ്ഞിരോട്, ചക്കരക്കൽ, വളപട്ടണം) ദീർഘകാല ഓർഗനൈസർ ആയിരുന്ന അദ്ദേഹം 16 വർഷത്തോളം കണ്ണൂർ ജില്ല സമിതി അംഗമായിരുന്നു. രണ്ട് തവണ ജില്ല സെക്രട്ടറിയായി. ജില്ലയിലെ സാംസ്കാരിക സേവന പ്രവർത്തനങ്ങളുടെ ആസ്ഥാനമായ യൂനിറ്റി സെന്‍റർ ട്രസ്റ്റിന്‍റെ സ്ഥാപന കാലം മുതൽ അംഗമാണ്. മുസ്‌ലിം കോ ഓഡിനേഷൻ ജില്ല കമ്മിറ്റിയിലെ ജമാഅത്ത് സ്ഥിരം പ്രതിനിധിയായിരുന്നു. കണ്ണൂർ ഈദ്ഗാഹ് സംഘാടനത്തിൽ ആദ്യകാല നേതൃത്വം വഹിച്ചു. കണ്ണൂർ കൗസർ ട്രസ്റ്റ് സെക്രട്ടറി, ആനയടുക്ക് ഐ.സി.എം വിദ്യാഭ്യാസ ചാരിറ്റബിൾ ട്രസ്റ്റ് ഭരണ സമിതി അംഗം, ചാലാട് ഹിറാ ട്രസ്റ്റ് സ്ഥാപക ചെയർമാൻ, കണ്ണൂർ ബൈത്തുസ്സക്കാത്ത് സെക്രട്ടറി, കൗസർ മസ്ജിദ് പരിപാലന കമ്മിറ്റി രക്ഷാധികാരി, നടാൽ വാദി റഹ്മ ട്രസ്റ്റ് ചെയർമാൻ, ഇരിക്കൂർ ഇൻസാഫ് ട്രസ്റ്റ് മെമ്പർ, കണ്ണൂർ
ഫ്രൈഡെ ക്ലബ്ബ് സ്ഥാപക എക്സിക്യൂട്ടീവ് അംഗം, തായത്തെരു പള്ളി സഭ കമ്മിറ്റി അംഗം തുടങ്ങിയ ബഹുമുഖ സാരഥ്യം വഹിച്ചു. വ്യാപാര രംഗത്തും പിന്നീട് മുദ്രക്കടലാസ് ഏജൻസി മേഖലയിലും വ്യാപൃതനായി. കഴിഞ്ഞ മാസം കണ്ണൂർ യൂനിറ്റി സെന്‍ററിൽ നടന്ന ജില്ലാ ഇഫ്താർ സംഘാടക സമിതി അംഗമായും രംഗത്തുണ്ടായിരുന്നു.
ഭാര്യ: എ.വി. സാബിറ (സ്റ്റാംമ്പ് വെണ്ടർ). മക്കൾ: യാസിർ (ദുബൈ), ഹാഷിർ (ചാർട്ടഡ് അക്കൗണ്ടന്‍റ് സൗദി), ശാഹിർ (സ്റ്റാമ്പ് വെണ്ടർ, കണ്ണൂർ), ശബീർ (അബൂദബി), ഉനൈസ് (ബഹ്റൈൻ), ജസീൽ (ചാർട്ടഡ് അക്കൗണ്ടന്‍റ് വിദ്യാർഥി), ഹസീബ (ഫാർമസിസ്റ്റ്), അഫ്റ (ഷാർജ).
മരുക്കൾ: പി. സമീഹ (എടക്കാട്), ടി.പി. സുഹൈല (സൗദി), തസ്ലീമ (കക്കാട്), റുഷ്ദ (ചൊവ്വ), മെഹ്റിൻ (കടലായി), ഇർഷാദ് (ബഹറൈൻ), മഷ്ഹൂദ്. സഹോദരങ്ങൾ: കെ.പി. എറമു, സുബൈദ, റാബിയ.
മയ്യിത്ത് നമസ്കാരം ഇന്ന് രാവിലെ 11.30ന് യൂനിറ്റി സെന്‍ററിൽ. തുടർന്ന് സിറ്റിയിൽ ജുമുഅ നമസ്കാരാനന്തരം ഖബറടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.