പയ്യന്നൂർ: എടാട്ട് ദേശീയപാതയിൽ നിയന്ത്രണംവിട്ട ബസ് സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു. പുതിയങ്ങാടി മൊട്ടാമ്പ്രത്തെ അച്ചുമ്മാടകത്ത് ശെരീഫാണ് (36) മരിച്ചത്. കൂടെ യാത്ര ചെയ്ത സഹോദരൻ മൻസൂറിനെ (52) ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് 6.45ഓടെ ദേശീയപാതയിലെ എടാട്ട് കണ്ണങ്ങാട്ട് സ്റ്റോപ്പിന് സമീപമാണ് അപകടം. കണ്ണൂരിൽ നിന്നും പയ്യന്നൂരിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസാണ് നിയന്ത്രണം വിട്ട് സ്കൂട്ടറിലിടിച്ചത്. നിയന്ത്രണം വിട്ട് വലത്തേക്ക് തിരിഞ്ഞ ബസ് എതിർദിശയിൽ വരുകയായിരുന്ന സ്കൂട്ടറിലേക്ക് ഇടിച്ചുകയറി റോഡരികിലെ കാട്ടിൽ നിൽക്കുകയായിരുന്നു. ബസിനടിയിൽപെട്ട സ്കൂട്ടർ യാത്രക്കാരെ ക്രെയിൻ എത്തിച്ച് ബസ് ഉയർത്തിയാണ് പുറത്തെടുത്തത്. അര മണിക്കൂറോളം ഇവർ ബസിനടിയിൽ കുടുങ്ങിയ നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
വിവരമറിഞ്ഞ് പയ്യന്നൂർ പൊലീസും നൂറുകണക്കിന് നാട്ടുകാരും സംഭവസ്ഥലത്തെത്തി. അപകടത്തിൽപെട്ടവരെ പുറത്തെടുത്ത ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ശെരീഫിനെ രക്ഷിക്കാനായില്ല. മാട്ടൂൽ എം.ആർ.യു.പി സ്കൂളിനു സമീപത്തെ കൂറൻറവിട റൈഹാനത്താണ് ഭാര്യ. മക്കൾ: ആയിഷ, സഫ്വാൻ. മറ്റുസഹോദരങ്ങൾ: അബ്ദുൽ ഷുക്കൂർ, അബ്ദുൽ റഷീദ്, മുനീർ, സുഹറ, ആത്തിക്ക. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.