പരവൂർ: വിഷം കഴിച്ച് ചികിത്സയിലിരുന്ന ബാങ്ക് ജീവനക്കാരനായ യുവാവ് മരിച്ചു. പരവൂർ നഗരസഭ മുൻ കൗൺസിലറും നെടുങ്ങോലം സർവിസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ പരവൂർ കുറുമണ്ടൽ വയലിൽ വീട്ടിൽ സുരേഷ്കുമാറാണ് (48-കുട്ടൻ) മരിച്ചത്.
സി.പി.എം പരവൂർ നോർത്ത് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. ബാങ്കിൽ നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഏതാനും മാസം മുമ്പ് ഇയാളെ ജോലിയിൽ നിന്നും ലോക്കൽ കമ്മിറ്റിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുരേഷ്കുമാറിനെ വിഷം കഴിച്ച് അവശനായ നിലയിൽ വീട്ടിൽ കണ്ടെത്തിയത്.
ഭാര്യയും ഏക മകളും കൊല്ലം കടപ്പാക്കടയിലുള്ള കുടുംബവീട്ടിലായിരുന്നതിനാൽ ഇയാൾ വീട്ടിൽ ഒറ്റക്കായിരുന്നു. രാവിലെ വിളിച്ചിട്ട് ഫോൺ എടുക്കാതിരുന്നതിനെത്തുടർന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് അവശനിലയിൽ കണ്ടത്. ഉടൻതന്നെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട്, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വെളുപ്പിനാണ് മരിച്ചത്.
കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പിൽ സുരേഷ്കുമാർ ഉൾപ്പെടുന്ന വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥി പരാജയപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് വിശകലനം നടത്തിയ ലോക്കൽ കമ്മിറ്റി യോഗത്തിൽ ചിലർ കടുത്ത പരാമർശങ്ങൾ നടത്തിയതിലുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമായി പറയുന്നത്. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് സുരേഷ്കുമാർ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഭാര്യ: ഗീത. മകൾ: നിരഞ്ജന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.