ശാസ്താംകോട്ട: ഭരണിക്കാവ് ജങ്ഷനിലെ ട്രാഫിക് ഐലൻഡിൽ കൊടിതോരണങ്ങളും ഫ്ലക്സ് ബോർഡുകളുംകൊണ്ട് നിറഞ്ഞു. താലൂക്കിൽ എവിടെ പരിപാടി നടന്നാലും ഫ്ലക്സ് ബോർഡ് ഐലൻഡിൽ സ്ഥാപിക്കും. പരിപാടി കഴിഞ്ഞ് മാസങ്ങളായാലും അഴിച്ചുമാറ്റാൻ ആരും തയാറാകില്ല. കൊല്ലം-തേനി, ഭരണിക്കാവ്-വണ്ടിപ്പെരിയാർ ദേശീയപാതകൾ നാല് റോഡുകളായി മാറുന്ന ഭരണിക്കാവ് ജങ്ഷനിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് സംഘടന നിർമിച്ച് നൽകിയ ട്രാഫിക് ഐലൻഡിൽ ഇന്നുവരെ ഒരുദ്യോഗസ്ഥൻപോലും ഗതാഗതം നിയന്ത്രിക്കാൻ നിന്നിട്ടില്ല. രാവിലെയും വൈകീട്ടും വരുന്ന ഹോം ഗാർഡുകളാകട്ടെ റോഡിൽ എവിടെയെങ്കിലുംനിന്ന് ഗതാഗതം നിയന്ത്രിക്കുകയാണ് പതിവ്.
യാത്രക്കാർക്ക് ഉപകാരപ്പെടാത്ത ട്രാഫിക് ഐലൻഡ് തെരുവുനായ്ക്കളുടെ വിശ്രമ കേന്ദ്രമാണ്. നാല് റോഡുകളിലുംനിന്ന് വരുന്ന വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്ന തരത്തിൽ ഐലൻഡിൽ കൊടിതോരണങ്ങളും ഫ്ലക്സുകളും നിറഞ്ഞതോടെ വർഷങ്ങൾക്കു മുമ്പ് താലൂക്ക് വികസന സമിതിയിൽ പരാതി ഉയരുകയും നീക്കം ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു.
ആദ്യഘട്ടങ്ങളിൽ പൊലീസ് ഇടപെട്ട് അഴിച്ചുമാറ്റിയതോടെ കുറെ നാളുകളായി പ്രശ്നമില്ലാതായിരുന്നു. എന്നാൽ ഇപ്പോൾ പഴയ പടിയായി.
ചക്കുവള്ളി റോഡിൽനിന്ന് ശാസ്താംകോട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളാണ് കാഴ്ച മറയുന്നതിനാൽ അപകടത്തിൽപ്പെടുന്നവയിൽ ഏറെയും. ഗതാഗതം നിയന്ത്രിക്കാൻ ഹോം ഗാർഡുകൾ ഇല്ലാത്ത സമയങ്ങളിലും രാത്രിയുമാണ് അപകടങ്ങൾ കൂടുതലും. ജങ്ഷനിലെ സിഗ്നൽ സംവിധാനവും പ്രവർത്തിപ്പിക്കാൻ നടപടിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.