ഓച്ചിറ: ഐ.എൻ.എൽ ദേശീയ അഖിലേന്ത്യാ ട്രഷററും സംസ്ഥാന വൈസ് പ്രസിഡൻറുമായ ഓച്ചിറ മഠത്തിൽ കാരാഴ്മവേളൂർ വീട്ടിൽ ഡോ. എ.എ. അമീൻ ( 70) അന്തരിച്ചു. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് ശേഷം 2.30ന് ഓച്ചിറ മടത്തിൽ കാരായ്മ ജുമാമസ്ജിദിൽ.
രോഗികളെ പരിശോധിച്ചുകൊണ്ടിരിക്കുമ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ചങ്ങൻകുളങ്ങരയിലെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചു ആൻജിയോപ്ലസ്റ്റിക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ എൽ.ഡി.എഫ് -ഐ.എൻ.എൽ സ്ഥാനാർഥിയായിരുന്നു. ഓച്ചിറ സ്റ്റാർ ആശുപത്രിയിലെ സൈക്യാട്രിസ്റ്റാണ്. എം.ഇ.എസ് സ്ഥാപക നേതാവ് പരേതനായ അബ്ദുൽ ഗഫൂറിന്റെ മകൾ ഫൗസീൻ ആണ് ഭാര്യ. മക്കൾ. ഡോ. ഫയാസ്, നാഷണൽ യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി ഫാദിൽ അമീൻ. മരുമക്കൾ: സുനു ഫയാസ്, നിഹാൻ ഫാദിൽ. എം.ഇ.എസ് പ്രസിഡൻറ് ഡോ. ഫസൽ ഗഫൂർ ഭാര്യാസഹോദരനാണ്.
ഇബ്രാഹീം സുലൈമാൻ സേട്ട് 1994ൽ ഐ.എൻ.എൽ രൂപീകരിച്ചത് മുതൽ ഡോ. അമീൻ നേതൃസ്ഥാനത്തുണ്ട്. ദേശീയ കമ്മിറ്റിയിലും അദ്ദേഹം ചുമതലകൾ ഏറ്റെടുത്തു.
ഡോക്ടറുടെ വിയോഗം പാർട്ടിക്ക് കനത്ത നഷ്ടമാണെന്ന് അഖിലേന്ത്യാ പ്രസിഡൻറ് പ്രഫ. മുഹമ്മദ് സുലൈമാൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. നിർണായക ഘട്ടങ്ങളിലെല്ലാം പാർട്ടിയുടെ അടിസ്ഥാന നയനിലപാടുകളിലും ആദർശ രാഷ്ട്രീയത്തിലും ഉറച്ചുനിന്ന ഡോ. അമീെൻറ വിയോഗം പെട്ടെന്നൊന്നും നികത്താനാവാത്തതാണെന്ന് ഐ.എൻ.എൻ സംസ്ഥാന കമ്മിറ്റി അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. പാർട്ടിയേൽപിക്കുന്ന ഏത് ഉത്തരവാദിത്ത്വവും ഏറ്റെടുക്കാൻ അദ്ദേഹം സദാ സന്നദ്ധനായിരുന്നു. കുടുംബത്തെ മുഴുവൻ ആദർശ രാഷ്ട്രീയ പാതയിൽ സമർപ്പിച്ചാണ് ഡോക്ടർ വിട പറഞ്ഞതെന്ന് അനുശോചന സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.