അഞ്ചൽ: ബാങ്ക് ഉദ്യോഗസ്ഥയുടെ വാടകവീട്ടിൽ സഹായിയായിരുന്ന സ്ത്രീയെ വീട്ടുമുറ്റത്ത് മരിച്ചനിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ ആലങ്കോട് പാവൂർക്കോണം പാറവിള വീട്ടിൽ ബിന്ദുവാണ് (41) മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പതോടെ വീട്ടുടമയാണ് മുറ്റത്തെ അലക്ക് കല്ലിനോട് ചേർന്ന് തല പൊട്ടി രക്തം വാർന്ന് മരിച്ചനിലയിൽ ബിന്ദുവിനെ കണ്ടത്. തലേദിവസം രാത്രി എട്ടുവരെ വീടിന്‍റെ താഴത്തെനിലയിൽ താമസിക്കുന്ന ഉടമയുടെ കുടുംബവുമായി ബിന്ദു സംസാരിച്ചിരുന്നതായി വീട്ടുകാർ പറഞ്ഞു.
മൂന്നു മാസം മുമ്പാണ് ബിന്ദു ഇവിടെ ജോലിക്കെത്തിയത്. കെട്ടിടത്തിന്‍റെ രണ്ടാംനിലയിലാണ് അഞ്ചൽ സൗത്ത് ഇന്ത്യൻ ബാങ്കിലെ അസിസ്റ്റൻറ് മാനേജർ റിയയോടൊപ്പം ബിന്ദുവും താമസിച്ചുവന്നത്. ജോലി ആവശ്യങ്ങൾക്കായി ഏതാനും ദിവസങ്ങളായി റിയ ചെന്നൈയിലായതിനാൽ ബിന്ദു മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
രണ്ടാംനിലയുടെ മുകളിൽ ഫോൺ ചെയ് ത് നടന്നപ്പോൾ കാൽവഴുതി താഴെ വീണതായിരിക്കാം എന്നും പൊലീസ് സംശയിക്കുന്നു. വിവരമറിഞ്ഞെത്തിയ ബിന്ദുവിന്റെ ബന്ധുക്കൾ മരണത്തിൽ ദുരൂഹത ആരോപിച്ചു. ബിന്ദു ഏറെനാളായി ഭർത്താവുമായി പിണങ്ങിക്കഴിയുകയാണ്. 17 വയസ്സുള്ള മകനും14വയസ്സുള്ള മകളുമുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പുനലൂർ ഡി.വൈ.എസ്.പി ബി. വിനോദ്, അഞ്ചൽ എസ്.എച്ച്.ഒ ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് നടപടി സ്വീകരിച്ചു. ഫിംഗർ പ്രിൻറ് ഉദ്യോഗസ്ഥരും സയന്‍റിഫിക് പരിശോധകരും സ്ഥലത്തെത്തി തെളിവെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.