കൊച്ചി: അടുക്കളകളിലും റസ്റ്റാറൻറുകളുടെ പിന്നാമ്പുറങ്ങളിലും മാത്രം പാചകം ഒതുങ്ങിയിരുന്ന കാലത്ത് അതിനെ ജനപ്രിയമാക്കുന്നതിൽ വലിയ പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു നൗഷാദ്. കേവലം ചിലരിൽ മാത്രം ഒതുങ്ങേണ്ടതല്ല, എല്ലാവരും ആസ്വദിച്ച് ചെയ്യേണ്ടതാണ് പാചകമെന്ന സന്ദേശം പകരാൻ അദ്ദേഹത്തിന് കഴിഞ്ഞു. കാറ്ററിങ് രംഗത്തേക്ക് കടന്നുവരുകയും ശേഷം നൗഷാദ് ദ ബിഗ് ഷെഫ് റസ്റ്റാറൻറ്സ് എന്ന ശൃംഖല തന്നെ സൃഷ്ടിച്ചെടുക്കാനും അദ്ദേഹത്തിനായി.
സംഗീത കുടുംബത്തിൽനിന്ന് എത്തുന്നവർ സംഗീതജ്ഞരാകുന്നതുപോലെ താൻ പാചക കുടുംബത്തിൽനിന്നെത്തി പാചകക്കാരനായതാണെന്ന് അദ്ദേഹം പറയുമായിരുന്നു. നൗഷാദിെൻറ പിതാവിെൻറ കുടുംബത്തിന് തിരുവല്ലയിലും മാതാവിെൻറ കുടുംബത്തിന് കൊല്ലത്തും റസ്റ്റാറൻറുണ്ടായിരുന്നു. കുട്ടിക്കാലത്ത് തെൻറ കളികളിലും കുസൃതികളിലുമെല്ലാം പാചകമായിരുന്നതിന് കാരണവും അതൊക്കെയാണ്. കോളജ് പഠനത്തിനുശേഷം ഹോട്ടൽ മാനേജ്മെൻറ് പഠിച്ച നൗഷാദ് വിവിധ രാജ്യങ്ങൾ സന്ദർശിച്ച് വ്യത്യസ്ത രുചികളും രുചിക്കൂട്ടുകളും അറിഞ്ഞു. ശേഷം അവയൊക്കെ നാട്ടിലും പുറത്തുമുള്ള ആളുകളിലേക്ക് എത്തിക്കുകയായിരുന്നു.
ഏറ്റവും നല്ല ഉൽപന്നങ്ങൾ മാത്രം പാചകത്തിന് ഉപയോഗിക്കണമെന്ന നിർബന്ധമാണ് നൗഷാദ് ദ ബിഗ് ഷെഫ് റസ്റ്റാറൻറ്സിനെ ഒരു ബ്രാൻഡാക്കി വളർത്തിയത്. അക്കാലത്ത് ഇവിടെ കിട്ടാത്ത സാധനങ്ങൾ പുറത്തുനിന്നെത്തിച്ച് കേരളത്തിൽ അവതരിപ്പിച്ചതോടെയാണ് മറ്റ് കാറ്ററിങ് ബിസിനസുകാരിൽനിന്ന് നൗഷാദിനെ വ്യത്യസ്തനാക്കിയത്. ചൈനീസ് വെജിറ്റബിൾസ് ബംഗളൂരുവിൽ മാത്രം കിട്ടിയിരുന്ന കാലത്ത് അവിടെ നിന്ന് നേരിട്ടെത്തിച്ചാണ് പാചകം ചെയ്തത്.
ബിരിയാണിയാണ് തെൻറ ഏറ്റവും പ്രിയപ്പെട്ട വിഭവമെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്. ജനങ്ങളുടെ താൽപര്യങ്ങൾ പഠിച്ച് ആളുകൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട രീതിയിൽ ബിരിയാണി നൽകാൻ ഒരുപാട് പണിപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറയാറുണ്ടായിരുന്നു.
റസ്റ്റാറൻറുകളിൽ വൃത്തിക്കാണ് ഒന്നാം പരിഗണനയെന്ന് അദ്ദേഹം ജീവനക്കാരെ ഓർമിപ്പിച്ചിരുന്നു. ഭക്ഷണവും സിനിമയും തനിക്ക് ഒരുപോലെ പ്രിയപ്പെട്ടതായി കരുതിയ നൗഷാദിെൻറ സഹപാഠിയായിരുന്നു സംവിധായകൻ ബ്ലെസി. അദ്ദേഹത്തിലൂടെ സിനിമ മേഖലയിലുള്ളവരുമായി ബന്ധമുണ്ടായിരുന്നു. അങ്ങനെ ആദ്യമായി കാഴ്ചയെന്ന സിനിമ ബ്ലെസിയോടൊപ്പം ചെയ്തു. പിന്നീട് ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, സ്പാനിഷ് മസാല എന്നീ സിനിമകളും നിർമിച്ചു.
ആരും കോപ്പിയടിക്കാതിരിക്കാനാണ് ബിഗ് ഷെഫ് എന്ന പേരും തെൻറ ഒരു കാരിക്കേച്ചറും വെച്ചതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ബിഗ് സ്ക്രീൻ എന്നാണ് ഫിലിം പ്രൊഡക്ഷനും പേരിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.