ന്യൂഡൽഹി: എഴുത്തുകാരനും നാടകാചാര്യനുമായ പ്രഫസർ ഓംചേരി എൻ.എൻ. പിള്ള (100) അന്തരിച്ചു. വെള്ളിയാഴ്ച ഡൽഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലായിരുന്നു അന്ത്യം. ഏതാനും ദിവസങ്ങൾക്കുമുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
1951ൽ ആകാശവാണി ഉദ്യോഗസ്ഥനായി ഡൽഹിയിലെത്തി പിന്നീട് പ്രസിദ്ധീകരണ വിഭാഗം എഡിറ്റര്‍ ചുമതലകൾ ഏറ്റെടുത്ത ഓംചേരി കുറഞ്ഞ വർഷങ്ങൾകൊണ്ട് മഹാനഗരത്തിന്റെ പ്രിയങ്കരനായ എഴുത്തുകാരനായി മാറി.
ഒമ്പത് മുഴുനീള നാടകങ്ങളും 80 ഏകാങ്കങ്ങളും രചിച്ചിട്ടുണ്ട്. 1972ല്‍ ‘പ്രളയം’ എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 2010ല്‍ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും ‘ആകസ്മികം’ എന്ന ഓർമക്കുറിപ്പിന് 2020ൽ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു.
2022ൽ കേരള സര്‍ക്കാറിന്റെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പ്രഥമ കേരള പ്രഭാ പുരസ്‌കാരത്തിനും അർഹനായി. ഉലകുടപെരുമാൾ, പ്രളയം, തേവരുടെ ആന, ദൈവം വീണ്ടും തെറ്റിദ്ധരിക്കുന്നു, സൂക്ഷിക്കുക വഴിയിൽ ഭക്തന്മാരുണ്ട്, ഈ വെളിച്ചം നിങ്ങൾക്കുള്ളതാകുന്നു, മിണ്ടാപ്പൂച്ചകൾ, നല്ലവനായ ഗോദ്സെ തുടങ്ങിയവയാണ് പ്രധാന നാടകങ്ങൾ.
സംഗീതജ്ഞയും സംഗീതാധ്യാപികയുമായിരുന്ന പരേതയായ പ്രഫസർ ലീല ഓംചേരിയാണ് ഭാര്യ. ശ്രീദീപ് ഓംചേരി, ദീപ്‌തി ഓംചേരി ഭല്ല എന്നിവരാണ് മക്കൾ. കോട്ടയം ജില്ലയിലെ വൈക്കത്ത് 1924 ഫെബ്രുവരി ഒന്നിനായിരുന്നു ജനനം. അച്ഛൻ പി. നാരായണപിള്ള, അമ്മ പാപ്പിക്കുട്ടിയമ്മ.
ശനിയാഴ്ച ഡൽഹിയിലെ വസതിയിലും ഞായറാഴ്ച രാവിലെ പത്ത് മണിമുതൽ ഉച്ചക്ക് രണ്ട് മണിവരെ ഡൽഹി ട്രാവൻകൂർ ഹൗസിലും പൊതുദർശനത്തിന് വെക്കും. തുടർന്ന്, ലോധി റോഡ് ശ്മശാനത്തിൽ സംസ്കരിക്കും. ഭാര്യ: പരേതയായ ലീല ഓംചേരി. മക്കൾ: ശ്രീദീപ് ഓംചേരി, ദീപ്‌തി ഓംചേരി ഭല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.