മുംബൈ: രാജ്യത്തെ തലമുതിർന്ന ജ്യോതി ശാസ്ത്രജ്ഞരിൽ ഒരാളും വിഖ്യാത ശാസ്ത്രകാരൻ സ്റ്റീഫൻ ഹോക്കിങ്സിെൻറ സുഹൃത്തുമായിരുന്ന എസ്.എം ചിത്രെ അന്തരിച്ചു.
വാർധക്യസഹജമായ അസുഖത്തെ തുടർന്ന് മുംബൈയിലാണ് ശശികുമാർ മധുസൂദനൻ ചിത്രെ എന്ന എസ്.എം ചിത്രെയുടെ അന്ത്യം. പത്മഭൂഷൺ ജേതാവു കൂടിയായ അദ്ദേഹത്തിന് 84 വയസ്സായിരുന്നു.
ജ്യോതിശാസ്ത്രത്തിനു പുറമെ ഗണിത ശാസ്ത്രത്തിലും ബഹിരാകാശ സാങ്കേതിക വിദ്യയിലും ആണവോർജ മേഖലയിലും വിദ്യാഭ്യാസ-സാങ്കേതിക മേഖലയിലുമെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ചിത്രെ അനേകം യുവജനങ്ങളെ ശാസ്ത്രമേഖലയിലേക്ക് കൈപിടിച്ചു നടത്തിയ ആളാണ്.
കേംബ്രിജ് സർവകലാശാലയിൽനിന്ന് 1963ൽ അപ്ലൈഡ് മാത്തമാറ്റിക്സിൽ പിഎച്ച്.ഡി നേടിയ ചിത്രെയുടെ ഡിപാർട്ട്മെൻറിൽതന്നെ ആയിരുന്നു ശാസ്ത്ര ഇതിഹാസമായിരുന്ന സ്റ്റീഫൻ ഹോക്കിങ്സും ഗവേഷണം നടത്തിയിരുന്നത്. ഹോക്കിങ്സുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു ഇദ്ദേഹത്തിന്.
അസ്ട്രോണമിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ (എ.എസ്.ഐ), ഇന്ത്യൻ നാഷനൽ കമ്മിറ്റി േഫാർ അസ്ട്രോണമിയുെട ചെയർമാൻ തുടങ്ങിയ പദവികളും വഹിച്ചിരുന്നു.
മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻറൽ റിസർച്ചി(ടി.ഐ.എഫ്.ആർ)ൽനിന്ന് സീനിയർ പ്രഫസർ ആയി വിരമിച്ചശേഷം നഗരത്തിൽ സെൻറർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസ് (സി.ഇ.ബി.എസ്) സ്ഥാപിക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ചു.
ഭാര്യ: സുവർണ. മക്കൾ: യോഹാൻ, യതിൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.