വെള്ളൂർ (കോട്ടയം): മൂവാറ്റുപുഴയാറ്റിൽ കുളിക്കാൻ ഇറങ്ങിയ ബന്ധുക്കളായ ഒമ്പതംഗസംഘത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു. ആറുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. കാൽ വഴുതി വീണ പെൺകുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഈ കുട്ടിയടക്കം മൂന്നുപേർ മുങ്ങിമരിച്ചത്. ഞായറാഴ്ച രാവിലെ 11.20 നായിരുന്നു സംഭവം.
തൃപ്പൂണിത്തുറ അരയൻകാവ് തോട്ടറ മുണ്ടക്കൽ ജോൺസൺ (56), സഹോദരൻ ജോബിയുടെ മകളും യു.കെയിൽ വിദ്യാർഥിനിയുമായ ജിസ് മോൾ (16), ജോൺസന്‍റെ സഹോദരി സുനിയുടെ മകൻ അലോഷ്യസ് (16) എന്നിവരാണ് മരിച്ചത്. പിതാവിന്‍റെ കൺമുന്നിലായിരുന്നു ജിസ്മോൾ മുങ്ങിത്താഴ്ന്നത്. യു.കെയിലായിരുന്ന ജോബിയും കുടുംബവും ബന്ധുവിന്‍റെ മരണത്തോടനുബന്ധിച്ചാണ് 10 ദിവസം മുമ്പ് അരയൻകാവിലെ വീട്ടിലെത്തിയത്. തുടർന്ന് കുളിക്കാൻ വെള്ളൂർ ചെറുകര പാലത്തിനു സമീപം എത്തിയതാണ്.
കഴിഞ്ഞ ദിവസങ്ങളിലും ഇവർ ഇവിടെ എത്തിയിരുന്നു. ജോബി, ഭാര്യ സൗമ്യ, അലോഷിയുടെ മാതാവ് സുനി, ബന്ധു മുണ്ടക്കൽ മിനി എന്നിവരടക്കം ഒമ്പതുപേരാണ് സംഘത്തിലുണ്ടായിരുന്നത്. ജോൺസൻ കുളികഴിഞ്ഞു കരക്കു കയറിയിരുന്നു. ഇതിനിടെ ജിസ്മോളും അനിയത്തി ജുവലും ഒഴുക്കിൽപെട്ടു. ഇതുകണ്ട ജോൺസൻ വെള്ളത്തിൽ ചാടി. മറ്റുള്ളവരും ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ചു. ജിസ്മോളുടെ അനിയത്തിയെ രക്ഷിച്ചെങ്കിലും ജിസ്മോളും അലോഷിയും പുഴയിലെ ശക്തമായ അടിയൊഴുക്കിൽ മുങ്ങിത്താഴ്ന്നു.
ജോൺസന് നീന്തൽ അറിയാമായിരുന്നെങ്കിലും പാലത്തിനു സമീപം ചുഴിയുള്ള സ്ഥലമായതിനാൽ ഫലമുണ്ടായില്ല. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ആറുപേരെയും രക്ഷിച്ചത്. തുടർന്ന് അഗ്നിരക്ഷാസേനയെ അറിയിച്ചു. കടുത്തുരുത്തി, പിറവം എന്നിവിടങ്ങളിൽനിന്ന് എത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് മൂന്നു പേരുടെയും മൃതദേഹം പുറത്തെടുത്തത്. 20 മിനിറ്റ് നീണ്ട തിരച്ചിലിനൊടുവിൽ ജോൺസന്‍റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. മൃതദേഹങ്ങൾ പൊതിയിലെ മേഴ്സി ഹോസ്പിറ്റലിൽ എത്തിച്ച് ഇൻക്വസ്റ്റ് തയാറാക്കി.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മുട്ടുചിറയിലെ ഹോളിഫാമിലി ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ജോയലാണ് ജിസ്മോളുടെ സഹോദരൻ. വരിക്കാംകുന്ന് പൂച്ചക്കാട്ടിൽ ബ്രഹ്മമംഗലം ജി.എച്ച്.എസിലെ പ്ലസ് വൺ വിദ്യാർഥിയാണ് അലോഷ്യസ്. പിതാവ് സാബു ഇറ്റലിയിലാണ്. സഹോദരൻ അബിൻ സാബു. സംസ്കാരം പിന്നീട്. അപകട സ്ഥലത്തും മേഴ്സി ആശുപത്രിയിലും എം.എൽ.എമാരായ മോൻസ് ജോസഫ്, സി.കെ. ആശ, അനൂപ് ജേക്കബ് എന്നിവരും ജനപ്രതിനിധികളും എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.