ഓച്ചിറ: ഭർത്താവിന്റെ വിയോഗത്തിന്റെ വേദന ഉള്ളിലൊതുക്കി കുടുംബത്തിനായി വീണ്ടും അരങ്ങിലെത്തിയ നാടകപ്രതിഭ ജെസി മോഹന്റെ അപ്രതീക്ഷിത വേർപാട് നാടിന്റെ നൊമ്പരമായി. കണ്ണൂർ കേളകത്തെ വാഹനാപകടത്തിൽ മരിച്ച നടി ജെസിയുടെ ഭർത്താവ് തേവലക്കര മോഹനൻ അസുഖബാധിതനായി ആറു മാസം മുമ്പാണ് മരിച്ചത്. അതിന്റെ വേദന കെട്ടടങ്ങുംമുമ്പേ ജെസിയും യാത്രയായി.
15-ാമത്തെ വയസ്സിൽ തുടങ്ങിയ ജെസിയുടെ അഭിനയ ജീവിതം 42 വർഷത്തിലെത്തിയിരുന്നു. ഭർത്താവിന്റെ വിയോഗത്തിന്റെ വിഷമത്തിൽ കഴിഞ്ഞ ജെസി അടുത്ത സമയത്താണ് കായംകുളം ദേവാ കമ്യൂണിക്കേഷൻ എന്ന നാടക ട്രൂപ്പിൽ ചേർന്നത്. റിഹേഴ്സൽ പൂർത്തിയാക്കി നാടകം അവതരിപ്പിച്ചു വരികയായിരുന്നു. നവംബർ രണ്ടിനായിരുന്നു നാടകം ഉദ്ഘാടനം ചെയ്തത്. ഈ നാടകത്തിൽ രണ്ട് വേഷങ്ങളാണ് ജെസ്സി മോഹൻ ചെയ്തത്. പാചകക്കാരിയായും മക്കൾ ഉപേക്ഷിച്ചു പോയ വയോധികയായും ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ കഥാപാത്രങ്ങൾ. മകളെ കാണാൻ വ്യാഴാഴ്ച വൈകീട്ട് ഓച്ചിറയിൽ എത്തിയ മാതാവ് കുട്ടിയമ്മക്ക് വെള്ളിയാഴ്ച രാവിലെ ഞെട്ടിക്കുന്ന വാർത്തയാണ് കേൾക്കേണ്ടി വന്നത്. മകൾ രണ്ടു ദിവസത്തിനുള്ളിൽ വീട്ടിലെത്തുമെന്ന് പ്രതീക്ഷിച്ചാണ് എത്തിയതന്ന് കുട്ടിയമ്മ പറയുന്നു.
ജെസിക്കും ജീവിത മിച്ചം നാടക രംഗത്തുള്ളവരെ പോലെ വാടക വീട് മാത്രമായിരുന്നു. 57 ാമത്തെ വയസ്സിലും നാടകരംഗത്ത് നിൽക്കുന്നതു തന്നെ അല്ലൽ ഇല്ലാതെ കഴിയാനാണ്. കേരളത്തിലെ മിക്ക നാടക ട്രൂപ്പുകളിലും പ്രധാന വേഷം ചെയ്ത മികച്ച നടിയാണ് ജെസി.
ചങ്ങനാശ്ശേരി ചെട്ടിപ്പുഴ മോഴുർ വീട്ടിൽ പരേതനായ ബേബിച്ചന്റെയും കുട്ടിയമ്മയുടേയും മകളായ ജെസി നാടക ജീവിതത്തിന് ഇടയിൽ പരിചയപ്പെട്ട തേവലക്കര സ്വദേശിയും നാടക നടനുമായ തേവലക്കര മോഹനനെ ജീവിത പങ്കാളിയാക്കുകയായിരുന്നു. ഇവർ ഒരുമിച്ച് വിവിധ സമിതികളിൽ അഭിനയിച്ചു. പിന്നീട് കൊല്ലം സ്വാതി തിയറ്റേഴ്സ് എന്ന നാടക സമിതിക്ക് രൂപം നൽകിയെങ്കിലും കടബാധ്യതയായിരുന്നു മിച്ചം. തേവലക്കരയിലെ വസ്തുവകകൾ വിറ്റ് കടം തീർത്ത് വർഷങ്ങളായി ചങ്ങൻകുളങ്ങരയിൽ വാടക വീട്ടിൽ താമസിച്ചുവരുകയാണ്. കൊല്ലം ബാബുവിന്റെ നാടക സമിതിയിൽ ബാബുവിനോടെപ്പം അഭിനയിച്ച് മികവ് തെളിയിച്ച നടിയാണ് ജെസ്സി മോഹൻ. വലിയകുളങ്ങര ക്ഷേത്രത്തിന് കിഴക്ക് ഇടത്തിട്ട പടീറ്റതിലാണ് താമസം. മൃതദേഹം ഇന്ന് കായംകുളത്തെ നാടക സമിതി ഓഫിസിലും ചങ്ങൻകുളങ്ങരയിലെ വീട്ടിലും പൊതുദർശനത്തിന് വെച്ചശേഷം കൊല്ലം മുളങ്കാടകം ശ്മശാനത്തിൽ സംസ്കരിക്കും. മകൾ: സ്വാതിമോഹൻ. മരുമകൻ: മനു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.