കായംകുളം ദേവാ കമ്യൂണിക്കേഷൻ നാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് മരിച്ച കായംകുളം മുതുകുളം സ്വദേശി അഞ്ജലി, തേവലക്കര സ്വദേശിനി ജെസി മോഹൻ. കടന്നപ്പള്ളി തെക്കേക്കര റെഡ്സ്റ്റാർ നാടകോത്സവത്തിൽ ഇന്നലെ രാത്രി ഇവർ അവതരിപ്പിച്ച നാടകത്തിൽനിന്നുള്ള ദൃശ്യം. 

ചിരിപ്പിച്ച് ചിന്തിപ്പിച്ച് ‘വനിത മെസി’ന്റെ യാത്ര ദുരന്തത്തിലേക്ക്; നേരം പുലർന്നത് മരണവാർത്തയുമായി

പയ്യന്നൂർ: കടന്നപ്പള്ളി തെക്കേക്കര റെഡ്സ്റ്റാർ നാടകോത്സവത്തിന്റെ രണ്ടാം ദിനമെത്തിയ പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രേക്ഷകരെ പിടിച്ചിരുത്തുകയായിരുന്നു കായംകുളം ദേവാ കമ്യൂണിക്കേഷൻ. നാടകം കഴിഞ്ഞപ്പോൾ നീണ്ട കൈയ്യടി. ഭക്ഷണവും നൽകി നാടകക്കാരെ യാത്രയാക്കിയപ്പോൾ കടന്നപ്പള്ളിക്കാർ അറിഞ്ഞില്ല, അടുത്ത മണിക്കൂറുകളിൽ ആ ദുഖമാർത്ത തേടിയെത്തുമെന്ന്.

രാജീവൻ മമ്മിളി, പ്രദീപ്കുമാർ കാവുംന്തറ ടീമിൻ്റെ മനോഹരമായ നാടകമായിരുന്നു ‘വനിതാ മെസ്’. അതിലെ രണ്ടു പ്രധാന നടിമാരുടെ അവസാനത്തെ അരങ്ങായി വ്യാഴാഴ്ച കടന്നപ്പള്ളിയിലേത്. രാത്രി എട്ടിന് നാടകം തുടങ്ങി. പത്തോടെ തിരശീല വീണ് കർട്ടനഴിച്ച് ഭക്ഷണം കഴിച്ച് യാത്ര പറയുമ്പോൾ രാത്രി 12 കഴിഞ്ഞിരുന്നു. ഈ യാത്രയാണ് കേളകം മലയാംപടി റോഡിലെ എസ്’ വളവിൽ ഇന്ന് പുലർച്ചെ നാലുമണിയോടെ അപകത്തിൽപെട്ട് ദുരന്ത യാത്രയായത്.

കടന്നപ്പള്ളി തെക്കേക്കര റെഡ്സ്റ്റാർ നാടകോത്സവത്തിൽ  കായംകുളം ദേവാ കമ്യൂണിക്കേഷൻ അവതരിപ്പിച്ച നാടകത്തിൽനിന്ന്. ഈ നാടകം കഴിഞ്ഞ് പോകവേയാണ് അപകടം

കണ്ടുമടുത്ത കോമഡി രംഗങ്ങളിൽ നിന്ന് വ്യത്യസ്ഥമായ തമാശ രംഗങ്ങൾ സദസിൽ ഒട്ടനവധി തവണ കൂട്ടച്ചിരിയുണർത്തി. ഒടുവിൽ സ്ത്രീപക്ഷ നിലപാടി​ന്റെ ഗൗരവത്തിലേക്ക് വഴുതി വീണ നാടകം ഏറെ പ്രസക്തവും സാമൂഹികവുമായ ദൗത്യം നിർവഹിച്ചതായി പ്രമുഖ നാടകപ്രവർത്തകനും റെഡ്സ്റ്റാറിന്റെ പ്രധാന സംഘാടകനുമായ കെ.കെ. സുരേഷ് 'മാധ്യമ'ത്തോടു പറഞ്ഞു.

സ്ത്രീ ശാക്തീകരണവും പുരുഷ മേധാവിത്തവും പറയുമ്പോൾ തന്നെ, സഹിക്കാനും പൊറുക്കാനുമുള്ളവയാണ് കുടുംബ ബന്ധങ്ങൾ എന്ന് നാടകം പറയുന്നു. ഒന്നിച്ചു ജീവിക്കുന്നവർ വേർപിരിയേണ്ടത് മരണത്തിലൂടെ മാത്രമാണ് എന്ന മികച്ച സന്ദേശവും നാടകം നൽകുന്നു. ഈ സീസണിൽ നിരവധി വേദികളിൽ പ്രത്യേകിച്ച് സ്ത്രീ പ്രേക്ഷകർ അധികമെത്തുന്ന ഉത്സവപ്പറമ്പുകളിൽ നിറഞ്ഞാടേണ്ട നാടകമാണ് വനിതാമെസ് എന്ന് നാടകം കണ്ടവർ സാക്ഷ്യം.


നാടക സംഘം സഞ്ചരിച്ച മിനി ബസ് പുലർച്ചെ നാലുമണിയോടെ അപകടത്തിൽപെടുകയായിരുന്നു. ബസിലുണ്ടായിരുന്ന കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), തേവലക്കര സ്വദേശിനി ജെസി മോഹൻ (59) എന്നിവരാണ് അപകടത്തിൽ മരിച്ചത്. 12 പേർക്ക് പരിക്കേറ്റിരുന്നു. ഇരുവരും അരങ്ങിൽ ജീവിച്ചവർ. നാടകത്തിന്റെ ജീവനാഡികളായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയവർ. പരിക്കേറ്റ

എറണാകുളം സ്വദേശികളായ ഉമേഷ് (39), ബിന്ദു (56), സുരേഷ് (60), വിജയകുമാർ (52), കല്ലുവാതുക്കൽ സ്വദേശി ചെല്ലപ്പൻ (43), കായംകുളം സ്വദേശികളായ ഉണ്ണി (51), ഷിബു (48), കൊല്ലം സ്വദേശി ശ്യാം (38), അതിരുങ്കൽ സ്വദേശി സുഭാഷ് (59) എന്നിവരെ കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടവിവരമറിഞ്ഞ് പുലർച്ചെ തന്നെ നിരവധി നാട്ടുകാർ സംഭവസ്ഥലത്ത് എത്തിയിരുന്നു. ഒരിക്കലും ബസ് കയറിപ്പോകാൻ പറ്റുന്ന വഴിയല്ല അതെന്ന് നാട്ടുകാർ പറയുന്നു. കേളകത്ത് നിന്ന് പൂവത്തിൻചോല വഴി 29ാം മൈലിലേക്ക് പോകുന്ന ഇടുങ്ങിയ റോഡാണത്. ചെറിയ വാഹനങ്ങൾ പോകുന്ന റോഡാണ്. രണ്ടാമത്തെ ഹെയർപിന്നിൽ നിന്ന് വണ്ടി വലിമുട്ടി പിന്നോട്ട് വന്ന് അപകടത്തിൽപെടുകയായിരുന്നു. വളവിൽനിന്ന് താഴെ കുത്തനെ നിർത്തിയ നിലയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

റെഡ് സ്റ്റാർ നാടകോത്സവം ബുധനാഴ്ചയാണ് തുടങ്ങിയത്. രണ്ടാമത്തെ നാടകമായിരുന്നു വനിതാ മെസ്. ശനിയാഴ്ചയാണ് സമാപനം. വലിയ പ്രേക്ഷകരാണ് രണ്ടു ദിവസവും നാടകം കാണാനെത്തിയത്.

Tags:    
News Summary - kelakam deva drama troupe bus accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.