കാട്ടാക്കട: വീടിനുമുന്നിൽ അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സയിലായിരുന്ന നാലുവയസ്സുകാരി മരിച്ചു. കുഴിവിള മുണ്ടുകോണം രതീഷ് ഭവനില്‍ രതീഷ്, രമ്യ ദമ്പതികളുടെ മകള്‍ അന്ന മോൾ (4) ആണ് മരിച്ചത്. മരണകാരണം പാമ്പുകടിയേറ്റതാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
ബുധനാഴ്ച കളിക്കുന്നതിനിടെയാണ് വീടിനുമുന്നിൽ കുഞ്ഞിനെ അബോധാവസ്ഥയിൽ കണ്ടത്. ഉടൻ വീട്ടുകാർ കാട്ടാക്കട സ്വകാര്യ ആശുപത്രിയിലും തുടർന്ന് എസ്.എ.ടി ആശുപത്രിയിലുമെത്തിച്ചു. അവിടെ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് കുട്ടിയുടെ ശരീരത്തിൽ വിഷാംശം കണ്ടത്. ഇടതു കാൽപാദത്തിൽ പാമ്പുകടിയേറ്റതിന്‍റെ പാടുകൾ ഡോക്ടർമാർ കണ്ടെത്തിയിരുന്നു.
ഐ.സി.യുവിലേക്കും തുടർന്ന് വെന്‍റിലേറ്ററിലേക്കും മാറ്റിയെങ്കിലും വ്യാഴാഴ്ച രാവിലെ 10 മണിയോടെ മരണപ്പെടുകയായിരുന്നു. ചുറ്റുമതിലുള്ള വീടിന് മുന്നിലിരുന്ന് അന്നമോൾ കളിക്കുന്നത് പതിവായിരുന്നു. ഇതിനിടെയാണ് പാമ്പുകടിേയറ്റതെന്ന് കരുതുന്നു. ക്ഷീര കർഷകനാണ് അന്നമോളുടെ പിതാവ്.
മരണശേഷം കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനാല്‍ ആരോഗ്യ പ്രവർത്തകരുടെ സാന്നിധ്യത്തിൽ വീടിന് മുന്നിൽ പ്രത്യകം സജ്ജീകരിച്ച സ്ഥലത്ത് മൃതദേഹം സംസ്കരിച്ചു. ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. സഹോദരി: അനന്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.