ദുബൈ: 56 വർഷം ദുബൈ കസ്റ്റംസിൽ പ്രവർത്തിച്ച തിരുവനന്തപുരം ചിറയിൻകീഴ് പെരുങ്ങുഴി സ്വദേശിയായിരുന്ന കാസിം പിള്ള (81) ദുബൈ സിലിക്കൺ ഒയാസിസിലെ വസതിയിൽ നിര്യാതനായി. 1963ൽ ദുബൈയിൽ കപ്പലിറങ്ങിയ കാസിംപിള്ള 14 മാസം ബ്രിട്ടീഷ് ഏജൻസിയിൽ ജോലി ചെയ്തശേഷമാണ് ദുബൈ കസ്റ്റംസിൽ ജീവനക്കാരനായത്.
പിന്നീട് ദുബൈ കസ്റ്റംസ് ആൻഡ് പോർട്സിന്റെ വിവിധ ചുമതലകളിൽ സേവനമനുഷ്ഠിച്ചു. വകുപ്പിന്റെ വളർച്ചക്ക് വലിയ സംഭാവനകളർപ്പിച്ച അദ്ദേഹത്തിന് അന്തരിച്ച മുൻ ദുബൈ ഭരണാധികാരി ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂമുമായി അടുത്ത ബന്ധമുണ്ടായിരുന്നു.
തുറമുഖങ്ങൾ എമിറേറ്റിന്റെ പ്രധാന വരുമാന സ്രോതസ്സായിരുന്ന ആദ്യ കാലങ്ങളിൽ വളരെ ആത്മാർഥമായി കസ്റ്റംസ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചതാണ് ഭരണാധികാരികളുമായി മികച്ച ബന്ധത്തിന് കാരണമായത്. ആദ്യകാല പ്രവാസിയായ അദ്ദേഹം മലയാളികളടക്കമുള്ളവർക്ക് ഏറെ സഹായങ്ങൾ ചെയ്തിട്ടുണ്ട്.
ദുബൈ കസ്റ്റംസിൽ 56 വർഷം പ്രവർത്തിച്ച അദ്ദേഹത്തിന് 2008ൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് യു.എ.ഇ പൗരത്വം ലഭിച്ചത്. കസ്റ്റംസിൽനിന്ന് വരമിച്ചശേഷം സർവിസിലേക്ക് തിരിച്ചുവിളിച്ച് കാസിം പിള്ളയുടെ സേവനം അധികൃതർ വീണ്ടും ഉപയോഗപ്പെടുത്തിയിരുന്നു.
പരേതരായ എൻ. ഇസ്മായിൽ പിള്ള, ഹാജറ ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: സാലിഹത്ത് കാസിം. മക്കൾ: ഡോ. സുഹൈൽ (യു.എസ്), സൈമ കാസിം (ന്യൂസിലൻഡ്), സൈറ കാസിം (ഇന്തോനേഷ്യ). സിനിമാതാരം പ്രേംനസീറിന്റെ പേരക്കുട്ടിയായ രേഷ്മ സുഹൈൽ മരുമകളാണ്. ഖബറടക്കം ശനിയാഴ്ച അസ്ർ നമസ്കാരാനന്തരം അൽഖൂസ് ഖബർസ്ഥാനിൽ നടക്കുമെന്ന് ദുബൈയിലുള്ള സഹോദരൻ സലീം ഇസ്മായിൽ ‘ഗൾഫ് മാധ്യമ’ത്തെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.