വിഴിഞ്ഞം: ക്രിസ്മസ് ആഘോഷത്തിനിടെ ഉണ്ടായ അപകടങ്ങളിൽ വിഴിഞ്ഞത്തും പുല്ലുവിളയിലും വീട്ടമ്മയടക്കം രണ്ടുപേർ മരിച്ചു. പുല്ലുവിള സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ റോബിൻ (44), പൂന്തുറ മാണിക്യംവിളാകം സോളമൻ പുരയിടത്തിൽ സിൽവറ്റിെൻറ ഭാര്യ സഹായ റാണി (49) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാവിലെ പുല്ലുവിളയിൽ നിന്ന് ക്രിസ്മസ് ആഘോഷിക്കാൻ വള്ളത്തിൽ കൂട്ടുകാർക്കൊപ്പം കടലിൽ പോയ റോബിൻ കടലിൽ ചാടി കുളിക്കുന്നതിനിടെ രാവിലെ 11ഓടെയാണ് ശക്തമായ തിരയിൽപ്പെട്ടത്. കൂട്ടുകാർ രക്ഷപ്പെടുത്തി കരക്കെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
വൈകിട്ട് നാലോടെ വിഴിഞ്ഞത്ത് തുറമുഖ കവാടത്തിൽ വെച്ച് രണ്ട് വള്ളങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് വീട്ടമ്മ മരിച്ചത്. കുടുംബ സമേതം വള്ളത്തിൽ സഞ്ചരിക്കുകയായിരുന്ന സഹായറാണി ആണ് (49) മരണത്തിന് കീഴടങ്ങിയത്. അപകടത്തിൽ പരിക്കേറ്റ സഹായറാണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്. രണ്ടു വള്ളങ്ങളിലുമായി സ്ത്രീകളും കുട്ടികളും പുരുഷന്മാരുമടക്കം പത്തിലേറെപ്പേർ ഉണ്ടായിരുന്നതായും മൂന്നുപേർക്ക് പരിക്കേറ്റതായും വിഴിഞ്ഞം തീരദേശ പൊലീസ് പറഞ്ഞു. വള്ളങ്ങൾക്കും കേടുപാട് സംഭവിച്ചു.
ആഘോഷത്തിെൻറ ഭാഗമായി വള്ളങ്ങളിൽ സഞ്ചരിച്ചിരുന്നവർ ലൈഫ് ജാക്കറ്റടക്കമുള്ള സുരക്ഷ മുൻകരുതലുകൾ സ്വീകരിച്ചിരുന്നില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. രണ്ടു സംഭവങ്ങളിലും പൂവാർ, വിഴിഞ്ഞം തീരദേശ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.