കോഴിക്കോട്: മുതിർന്ന മാധ്യമ പ്രവർത്തകനും 'മാധ്യമം' ദിനപത്രം മുൻ ന്യൂസ് എഡിറ്ററുമായ കോഴിക്കോട് ഓമശ്ശേരി സ്വദേശിവി.പി.എ. അസീസ് (62) നിര്യാതനായി. കഥാകൃത്ത്, കവി, കോളമിസ്റ്റ് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മയ്യിത്ത് നമസ്കാരം ബുധനാഴച് രാത്രി 8.30 ന് ഓമശ്ശേരി ചോലക്കൽ ജുമാ മസ്ജിദിൽ.
1987ൽ ആണ് സബ് എഡിറ്ററായി 'മാധ്യമ'ത്തിൽ ചേർന്നത്. 31 വര്‍ഷം കോഴിക്കോട് ഡെസ്കിൽ സേവനം ചെയ്തശേഷം 2018ൽ ന്യൂസ് എഡിറ്റർ തസ്തികയിൽ നിന്നാണ് വിരമിച്ചത്. ദീർഘകാലം പത്രത്തിന്റെ വിദേശ പേജിന്റെ ചുമതല വഹിച്ചു. മലയാള പത്രങ്ങളില്‍ ആദ്യമായി 'മാധ്യമം' വിദേശകാര്യ വാർത്തകൾക്ക് പ്രത്യേക പേജ് തുടങ്ങിയപ്പോള്‍ അതിന്റെ പിന്നണിയിൽ പ്രവർത്തിച്ചത് അദ്ദേഹമാണ്. അതോടെ അറബിക്, വിദേശ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾക്ക് കൂടുതൽ ഇടംലഭിച്ചു.
വാരാദ്യ മാധ്യമത്തിൽ 'വാര്‍ത്തകളിലെ വനിതകള്‍', ആരാമം വനിത മാസികയിൽ 'മറുനാട്ടിലെ മഹിളകള്‍' എന്നീ കോളങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. ഇസ്‍ലാമിക് പബ്ലിഷിങ് ഹൗസ് (ഐ.പി.എച്ച്) പുറത്തിറക്കുന്ന ഇസ്‌ലാമിക വിജ്ഞാനകോശം ലേഖകരിൽ ഒരാളാണ്. പ്രബോധനം, ബോധനം, ചന്ദ്രിക തുടങ്ങിയ ആനുകാലികങ്ങളിലും എഴുതിയിരുന്നു. മലര്‍വാടി ബാലമാസികയുടെ തുടക്കം മുതല്‍ കഥകളും കവിതകളും എഴുതിയിരുന്നു. 'യുഗപ്പകര്‍ച്ച' എന്ന പേരില്‍ കവിതാ സമാഹാരം പുറത്തിറക്കി.
വി.കെ. അബൂബക്കര്‍ ഹാജി-കുഞ്ഞിപാത്തുമ്മ ദമ്പതികളുടെ മകനായി 1960 മേയ് ഏഴിനാണ് ജനിച്ചത്. ശാന്തപുരം ഇസ്‌ലാമിയ കോളേജിലെ ബിരുദപഠനത്തിന് ശേഷം ഓമശ്ശേരി ഇസ്‌ലാമിക് വെല്‍ഫെയര്‍ ട്രസ്റ്റിന്റെ കീഴിലുള്ള പബ്ലിക് സ്കൂളിലും പുന്നക്കല്‍ അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയയിലും അധ്യാപകനായി പ്രവർത്തിച്ചു. ഓമശ്ശേരി വേനപ്പാറ കാർകുൻ ഹൽഖ നാസിമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: വി. സുബൈദ. മക്കൾ: ഡോ. ബാസിത്, സൽവ, സാബിത്, മർവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.