കുവൈത്ത് സിറ്റി: പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹി കുവൈത്ത് മന്ത്രിസഭ രാജിവെച്ച് ഒരുമാസം കഴിഞ്ഞു. പുതിയ പ്രധാനമന്ത്രിയായി അമീർ അദ്ദേഹത്തെത്തന്നെ നിയമിച്ചിട്ടുണ്ടെങ്കിലും പുതിയ മന്ത്രിസഭ ഇതുവരെ രൂപവത്കരിക്കാൻ കഴിഞ്ഞിട്ടില്ല.
കോവിഡ് പ്രതിരോധ നടപടികൾ ഉൾപ്പെടെ നിർണായക വിഷയങ്ങൾ ഇപ്പോൾ കൈകാര്യം ചെയ്യുന്നത് കാവൽ മന്ത്രിസഭയാണ്. പാർലമെൻറ് തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭ രൂപവത്കരിച്ച് ഒരുമാസം തികയും മുമ്പാണ് രാജിവെക്കേണ്ടിവന്നത്. പാർലമെൻറ് അംഗങ്ങളുടെ സമ്മർദമാണ് രൂപവത്കൃതമായി ഒരുമാസം തികയും മുമ്പ് മന്ത്രിസഭയുടെ രാജിയിലേക്ക് നയിച്ചത്. പാർലമെൻറും സർക്കാറും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നത്.
സർക്കാറും പാർലമെൻറും തമ്മിൽ ഭിന്നത രൂക്ഷമാണ്. പ്രശ്നക്കാരായ മന്ത്രിമാരെ മാറ്റിയില്ലെങ്കിൽ സർക്കാറിനെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി എം.പിമാർ ഉറച്ചുനിൽക്കുന്നു. ഉപപ്രധാനമന്ത്രിയും മന്ത്രിസഭ കാര്യ മന്ത്രിയുമായ അനസ് അൽ സാലിഹിനെയാണ് എം.പിമാർ പ്രധാനമായും ലക്ഷ്യംവെക്കുന്നത്. 50 അംഗ പാർലമെൻറിൽ 38 പേരുടെ പിന്തുണയുണ്ടെന്നാണ് പ്രതിപക്ഷത്തിെൻറ അവകാശവാദം. ഡിസംബർ 14നാണ് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ നേതൃത്വത്തിൽ മന്ത്രിസഭ അധികാരമേറ്റത്. ഒരുമാസം തികയുന്നതിന് മുമ്പാണ് രാജി.
പുനഃസംഘടനയിൽ നിലവിലെ മന്ത്രിസഭയിലെ ആരൊക്കെ ഇടംപിടിക്കുമെന്നാണ് രാഷ്ട്രീയ രംഗം ഉറ്റുനോക്കുന്നത്. പ്രതിപക്ഷ എം.പിമാർക്ക് ശക്തിയുള്ള നിലവിലെ പാർലമെൻറും സർക്കാറും തമ്മിൽ ഏറെക്കാലം സഹകരിച്ച് മുന്നോട്ടുപോവില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
അതിനിടെ മന്ത്രിസഭ രൂപവത്കരണത്തിന് മുന്നോടിയായി പാർലമെൻറ് അംഗങ്ങളുടെ വിവിധ സംഘങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഏതാനും പാർലമെൻറ് അംഗങ്ങളെ കൂടി മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന. ഭരണ കുടുംബത്തിലെ ഉന്നതതലത്തിലും വിശദമായി ചർച്ച നടക്കുന്നതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.