നിയമമേഖലക്ക് കുരുക്കിടാൻ കേന്ദ്ര അജണ്ട

നിയമമേഖലക്ക് കുരുക്കിടാൻ കേന്ദ്ര അജണ്ട

ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ ശക്തിപ്പെടുത്താനെന്ന അവകാശവാദത്തോടെ 1961ലെ അഡ്വക്കറ്റ്സ് ആക്ട് ഭേദഗതി ചെയ്യാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര നിയമ വകുപ്പ്. ഇതിനായുള്ള കരടുബിൽ കഴിഞ്ഞ ഫെബ്രുവരി 13ന് ഇന്ത്യൻ ലീഗൽ അഫയേഴ്സ് വകുപ്പ് പുറത്തിറക്കിയെങ്കിലും താൽക്കാലികമായി പിൻവലിക്കപ്പെട്ടു.

നീതിന്യായ വ്യവസ്ഥയിലും ലീഗൽ പ്രഫഷനിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബില്ലിന് രൂപംകൊടുക്കുന്നതെന്നാണ് കേന്ദ്ര ലീഗൽ അഫയേഴ്സ് വകുപ്പ് പറഞ്ഞിരുന്നത്. നിയമവൃത്തിയും വിദ്യാഭ്യാസവും കാലോചിതമായി പരിഷ്കരിക്കണമെന്നും ചൂണ്ടിക്കാട്ടുന്ന ബിൽ വിവിധ നിയമ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷകൾ ബാർ കൗൺസിൽ നേതൃത്വത്തിൽ നടത്താൻ നിർദേശിച്ചിരുന്നു. ഇതെല്ലാം സ്വാഗതാർഹമായി പലർക്കും തോന്നിയെങ്കിലും കരടുബില്ലിന്റെ താളുകൾ മറിക്കുംതോറും കേന്ദ്ര സർക്കാറിന്റെ ഉള്ളിലിരിപ്പ് പ്രകടമായി. ബാർ കൗൺസിലിനെ കൈപ്പിടിയിലൊതുക്കുക, അഭിഭാഷകരെ പ്രതികരണശേഷിയില്ലാത്തവരാക്കുക, അവരുടെ ജനാധിപത്യ അവകാശങ്ങൾ കവരുക തുടങ്ങിയ അജണ്ടകളായിരുന്നു ഈ നീക്കത്തിനുപിന്നിൽ. 1961ലെ ആക്ട് പ്രകാരമാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യയും സംസ്ഥാന ബാർ കൗൺസിലുകളും രൂപവത്കരിക്കപ്പെട്ടത്. ഭേദഗതി കരടുബില്ലിൽ കേന്ദ്ര ബാർ കൗൺസിലിലും സംസ്ഥാന ബാർ കൗൺസിലുകളിലുമെല്ലാം മൂന്ന് അംഗങ്ങളെ വീതം സർക്കാറിന് നാമനിർദേശം ചെയ്യാമെന്നും തെരഞ്ഞെടുക്കുന്നതിനുപകരം രണ്ട് വനിത പ്രതിനിധികളെ ഈ കൗൺസിലുകളിലേക്ക് നാമനിർദേശം ചെയ്യാമെന്നും വ്യവസ്ഥ ചെയ്യുന്നു. തെരഞ്ഞെടുപ്പ് കമീഷനെപ്പോലും കേന്ദ്ര സർക്കാറിന്റെ ശാഖ കണക്കെയാക്കി മാറ്റിയ ബി.ജെ.പി ഭരണകൂടം ഇതുവഴി ലക്ഷ്യമിടുന്നതെന്താണെന്ന് സുവ്യക്തമാണ്. അതുകൊണ്ടുതന്നെ വിവിധകോണുകളിൽനിന്ന് കടുത്ത വിമർശനങ്ങളും ഉയർന്നു.


 



അഭിഭാഷകരുടെ പ്രാഥമികമായ സംഘടനാ സ്വാതന്ത്ര്യത്തെയും ജനാധിപത്യ അവകാശങ്ങളെയും നിഷേധിക്കുന്ന ക്രൂരമായ വ്യവസ്ഥകളായിരുന്നു ബില്ലിലുടനീളം. സമരത്തിന്റെ ഭാഗമായ കോടതി ബഹിഷ്കരണവും പണിമുടക്ക് ആഹ്വാനവുമെല്ലാം നിയമവിരുദ്ധമാക്കാനാണ് വ്യവസ്ഥ. ഭരണഘടനയും നിയമവും നീതിയും സംരക്ഷിക്കാൻ ബാധ്യതപ്പെട്ട അഭിഭാഷകരുടെ തന്നെ മൗലികാവകാശങ്ങൾ നിഷേധിക്കാനുള്ള നീക്കത്തിനെതിരെ രാജ്യത്തൊട്ടാകെ അഭിഭാഷകർ രംഗത്തുവന്നു. അതോടെ പുനഃപരിശോധനക്ക് കരട് ബിൽ പിൻവലിക്കുന്നതായി പ്രഖ്യാപിച്ച് കേന്ദ്രം താൽക്കാലികമായി പിൻവാങ്ങുകയായിരുന്നു. ബിൽ നിയമമാക്കുന്നതിനുമുമ്പ് എല്ലാ വിഷയങ്ങളും സമഗ്രമായി പരിശോധിക്കുമെന്ന് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ് വാൾ ഉറപ്പുനൽകിയതായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മനാൻകുമാർ മിശ്ര അറിയിച്ചു.

അഭിഭാഷകരുടെ ക്ഷേമവും അഭിവൃദ്ധിയുമല്ല, മറിച്ച് അവരുടെ എല്ലാ ജനാധിപത്യ അവകാശങ്ങളും സ്വാതന്ത്ര്യവും ഇല്ലാതാക്കലാണ് കേന്ദ്രം ഉന്നമിട്ടത്. അത് തിരിച്ചറിഞ്ഞാണ് രാജ്യത്തെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും ബില്ലിനെതിരായി അഭിഭാഷകർ പ്രതിഷേധ ശബ്ദമുയർത്തിയത്. പ്രതിഷേധിക്കാനും പണിമുടക്കാനും മറ്റുമുള്ള അവകാശങ്ങൾ മൗലികമായ ഒന്നായാണ് ഇന്ത്യൻ ഭരണഘടന കണക്കാക്കുന്നത്. ഇത്തരം അവകാശങ്ങൾ ഇല്ലാതാക്കി ഏകാധിപത്യ നടപടികൾ അടിച്ചേൽപിക്കാൻ ഓരോ മേഖലയിലും കേന്ദ്ര സർക്കാർ ശ്രമിച്ചുവരുകയാണ്. ഒടുവിലവർ നിയമരംഗത്തേക്കും നാക്കുനീട്ടിത്തുടങ്ങിയിരിക്കുന്നു.


 



ഇന്ത്യൻ ഭരണകൂടം പരമോന്നത കോടതി അടക്കമുള്ള എല്ലാ കോടതികളെയും എക്സിക്യൂട്ടിവിന്റെ താൽപര്യം സംരക്ഷിക്കുന്നതിനുള്ള വേദിയാക്കി മാറ്റാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇക്കാര്യത്തിൽ ഒരു പരിധിവരെ കേന്ദ്ര സർക്കാർ വിജയിച്ചിട്ടുമുണ്ട്. ഭരണഘടനയോടും നിയമ വ്യവസ്ഥയോടുമുള്ള പ്രതിബദ്ധത അടിയറവെക്കാൻ തയാറല്ലാത്ത അഭിഭാഷക സമൂഹം രാജ്യത്ത് ഇപ്പോഴും നിലനിൽക്കുന്നതുകൊണ്ടാണ് വർഗീയ സമഗ്രാധിപത്യ ഭരണകൂടത്തിന്റെ പല ഗൂഢപദ്ധതികളും ഫലം കാണാതെപോയത്. ഈ തിരിച്ചറിവിൽ നിന്നാണ് അഭിഭാഷകരെയും നിയമത്തിലൂടെ വരുതിയിൽ നിർത്താൻ കേന്ദ്രം കളംവരച്ചത്. ഈ ബില്ല് മറ്റൊരവസരത്തിൽ കൂടുതൽ തന്ത്രപൂർവം സർക്കാർ മുന്നോട്ടുവെക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ടാ. അഭിഭാഷക സമൂഹവും വിദ്യാർഥികൾ ഉൾപ്പെടെയുള്ള നിയമലോകവും ജാഗ്രത തുടർന്നാൽ മാത്രമേ അത്തരം പദ്ധതികളെ ചെറുക്കാനും ഭരണഘടയെയും അവകാശങ്ങളെയും സംരക്ഷിച്ചുനിർത്താനും നമുക്ക് സാധിക്കുകയുള്ളൂ.

Tags:    
News Summary - Central agenda to entangle the legal sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.