ആ പ്രസംഗത്തിനും പരിഭാഷക്കും നൂറാണ്ട്​

സീതിസാഹിബ്

ആ പ്രസംഗത്തിനും പരിഭാഷക്കും നൂറാണ്ട്​

വൈക്കം സത്യഗ്രഹ സന്ദര്‍ശന വേളയില്‍ ആദ്യമായി തിരുവനന്തപുരത്ത് എത്തുന്ന ഗാന്ധിജി, പൗരാവലിയുടെ സ്വീകരണം ഏറ്റുവാങ്ങിയത് 1925 മാര്‍ച്ച്‌ 13നാണ്​. അന്ന് ഗാന്ധിജി ഇംഗ്ലീഷിൽ നടത്തിയ പ്രസംഗം മനോഹരമായി മലയാളത്തിലേക്ക് തർജമ ചെയ്തത് ബാരിസ്റ്റര്‍ എ.കെ. പിള്ളയോടൊപ്പം നിസ്സഹരണ സമര പ്രചാരണ രംഗത്ത് മുന്നില്‍നിന്ന ലോ കോളജ് വിദ്യാര്‍ഥി കെ.എം. സീതി ആയിരുന്നു.

ഖിലാഫത്ത് കമ്മിറ്റിയുടെ മംഗള പത്രം ഗാന്ധിജിക്ക് സമ്മേളനത്തില്‍വെച്ച്​ വായിച്ച് സമര്‍പ്പിച്ചതും സീതിസാഹിബാണ്​. ജനലക്ഷങ്ങള്‍ പങ്കെടുത്ത, യൂനിവേഴ്സിറ്റി ബില്‍ഡിങ്ങിനു വടക്ക് കിഴക്കുള്ള മൈതാനത്ത് നടന്ന സ്വീകരണ മഹാസമ്മേളനത്തില്‍ ഗാന്ധിജിയോടൊപ്പം രാജാജിയും മഹാദേവ്​ ദേശായിയും ദേവദാസ് ഗാന്ധിയും ഉണ്ടായിരുന്നു.

മഹാത്മജി ജനങ്ങൾക്കിടയിൽ

വൈക്കം സത്യഗ്രഹത്തിന്‍റെ പശ്ചാത്തലത്തില്‍, തൊട്ടുകൂടായ്മ ഉപേക്ഷിച്ച് ക്ഷേത്രത്തിനു ചുറ്റുമുള്ള വഴി തുറന്നുകൊടുക്കുന്ന വിഷയത്തിലെ ചര്‍ച്ചയിലുണ്ടായ അനുഭവവും, തലേദിവസം തിരുവിതാകൂറിലെ റീജന്റ് സേതുലക്ഷ്മീ ഭായിയെ സന്ദര്‍ശിച്ചതും, ശ്രീനാരായണ ഗുരുവിനോടൊപ്പം ശിവഗിരി മഠത്തില്‍ താമസിച്ച അനുഭവവും, സ്വാതന്ത്ര്യസമരം മറ്റൊരു ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ തന്‍റെ നിലപാടുകളും ഗാന്ധിജി ആവേശത്തോടെ പ്രസംഗിച്ചു. അതിനിടയില്‍ സാമുവൽ ടെയ്‌ലർ കോൾറിഡ്ജ്ന്‍റെ The Rime of the Ancient Mariner എന്ന കവിതയിലെ രണ്ടുവരി ഇങ്ങനെ ഉരുവിട്ടു. “Water, water, every where, Nor any drop to drink.” സീതിസാഹിബ് തല്‍ക്ഷണം ‘‘വെള്ളം വെള്ളം സർവത്ര, തുള്ളികുടിപ്പാനില്ലത്രേ’’ എന്ന് പരിഭാഷപ്പെടുത്തിയപ്പോള്‍ സദസ്സ് ഒന്നടങ്കം കൈയടിച്ചു. ഭാഷ അറിയാത്ത വേദിയില്‍ ഇരുന്നവര്‍വരെ അതില്‍ പങ്കുചേര്‍ന്നു. അവസാനം ഗാന്ധിജിയുടെ ആശ്ലേഷവും അഭിനന്ദനവും ഏറ്റുവാങ്ങി.

അതിനു മൂന്നുമാസം മുമ്പ് ലോ കോളജ് സന്ദര്‍ശിച്ച യു.പി പ്രൊവിന്‍ഷ്യല്‍ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഗൗരീശങ്കര്‍ മിശ്രയുടെ പ്രസംഗം ഇദ്ദേഹം പരിഭാഷപ്പെടുത്തിയ അനുഭവം നഗരത്തില്‍ സംസാരവിഷയമായിരുന്നു. അതിനാല്‍, ഗാന്ധിജിയുടെ പ്രസംഗത്തിന്‍റെ പരിഭാഷയും വിദ്യാര്‍ഥിയായ സീതി നടത്തിയാല്‍ മതിയെന്ന് സംഘാടക സമിതി തീരുമാനിച്ചു.


അക്കാലത്തുതന്നെ വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്ത കെ.പി. കേശവമേനോൻ ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് പൂജപ്പുര ജയിലിൽ അടച്ചപ്പോൾ അവിടെ നിരന്തരം സീതിസാഹിബ് സന്ദർശിച്ച് അവരുടെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുന്നതിന്​ ജയിലധികൃതരെ പ്രേരിപ്പിക്കുകയും അവർക്ക്​ വായനക്കായി പുസ്തകങ്ങൾ കൈമാറുകയും ചെയ്യുമായിരുന്നു. വീണ്ടും ഗാന്ധിജി രണ്ടാമത്തെ തവണ തിരുവനന്തപുരം സന്ദര്‍ശിച്ച 1927 ആയപ്പോഴേക്ക്​ ശ്രദ്ധേയ അഭിഭാഷകനായിത്തീർന്നിരുന്ന സീതി സാഹിബ് വക്കം മൗലവിയോടൊപ്പം മഹാത്​മജിയെ കാണാനെത്തി. തുടര്‍ന്ന് കൊച്ചിയിലെ കോണ്‍ഗ്രസ് പ്രവിശ്യാ കമ്മിറ്റി, ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി എന്നിവയില്‍ അംഗമായി. കൊച്ചി നിയമസഭയില്‍ 1928-1934 കാലഘട്ടത്തില്‍ അംഗമായിരുന്നു. ഗാന്ധിജിയും നെഹ്റുവും പങ്കെടുത്ത, കോൺഗ്രസ്​ പൂർണ സ്വരാജ്​ ആവശ്യപ്പെട്ട വിഖ്യാതമായ 1929ലെ ലാഹോര്‍ സെഷനില്‍ പ്രതിനിധിയായി പങ്കെടുത്തു.

പിന്നീട് 1934നുശേഷം കോണ്‍ഗ്രസ് വിട്ട സീതിസാഹിബ് നവോത്ഥാന പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് തലശ്ശേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.

മലബാര്‍ മുസ്‍ലിം ലീഗിന്‍റെ സ്ഥാപനത്തിന് കാരണക്കാരനായ അദ്ദേഹം ഉൾപ്പെടെ അഞ്ച് എം.എല്‍.എ മാര്‍ മദ്രാസ്‌ അസംബ്ലിയില്‍ രാജാജി മന്ത്രിസഭക്ക് പിന്തുണ നല്‍കുകയായിരുന്നു. മദ്രാസ്‌ അസംബ്ലിയില്‍ 1946-1956 കാലഘട്ടത്തില്‍ അംഗമായിരുന്നു. 1951നുശേഷം പല സെഷനുകളിലും അദ്ദേഹം സഭാധ്യക്ഷനുമായി. കേരള നിയമസഭാ സ്പീക്കര്‍ പദവിയിലിരിക്കെ 1961 ഏപ്രിൽ 17നായിരുന്നു വിയോഗം.

Tags:    
News Summary - hundred years since that speech and translation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.