ഇസ്രായേലി ചാരസംവിധാനം ഉപയോഗിച്ച് കേന്ദ്രമന്ത്രിമാർ, രാഷ്ട്രീയനേതാക്കൾ, മാധ്യമ-മനുഷ്യാവകാശ പ്രവർത്തകർ, സുപ്രീംകോടതി ജഡ്ജി തുടങ്ങിയ പ്രമുഖരുടെ ഫോണുകൾ ചോർത്തിയത് അന്വേഷിക്കാൻ സുപ്രീംകോടതി റിട്ട. ജഡ്ജി ജസ്റ്റിസ് മദൻ ബി. ലോക്കൂർ, കൊൽക്കത്ത ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് ജ്യോതിർമയി ഭട്ടാചാര്യ എന്നിവരടങ്ങിയ കമീഷനെ നിയോഗിച്ച പശ്ചിമബംഗാൾ സർക്കാറിെൻറ തീരുമാനം ഇന്ത്യാചരിത്രത്തിലെ ആർജ്ജവമാർന്ന നടപടികളിലൊന്നാണ്.
നിർഭാഗ്യകരമായ ചാരവിവാദം പുറത്തുവന്നയുടൻ കേന്ദ്രസർക്കാർ അതിജാഗ്രതയോടെ പ്രവർത്തിക്കണമെന്നും സുപ്രീംകോടതി മേൽനോട്ടത്തിൽ ഇതുസംബന്ധിച്ച് സ്വതന്ത്ര അന്വേഷണം ആരംഭിക്കണമെന്നുമാണ് ജനാധിപത്യവും പൗരസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെട്ടാൽ മാത്രമേ ഇന്ത്യക്ക് നിലനിൽപുള്ളൂ എന്ന് വിശ്വസിക്കുന്ന രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ആഗ്രഹിച്ചത്.
കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവും സഹമന്ത്രി പ്രഹ്ലാദ് സിങ് പട്ടേലും അദ്ദേഹവുമായി അടുത്ത് ബന്ധമുള്ള 18 പേരുമെല്ലാം വിവരങ്ങൾ ചോർത്തപ്പെട്ടവരുടെ പട്ടികയിലുണ്ടായിട്ടും അന്വേഷിക്കാൻ മുതിരാതെ പാർലമെൻറിനകത്തും പുറത്തും തീർത്തും സംശയാസ്പദമായ ഒഴുക്കൻ നിലപാടാണ് പ്രധാനമന്ത്രിയും സർക്കാറും സ്വീകരിച്ചത്.
പെഗസസ് ചാരവലയംമൂലം ബംഗാൾ ജനതക്ക് ക്ഷതം സംഭവിച്ചിട്ടുണ്ടെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന, പൗരസ്വാതന്ത്ര്യത്തെ ഹനിക്കുന്ന അതിപ്രാധാന്യമുള്ള വിഷയത്തിൽ കേന്ദ്രസർക്കാർ ഒന്നും ചെയ്യാത്തതുകൊണ്ടാണ് ഇത്തരമൊരന്വേഷണത്തിന് തീരുമാനിച്ചതെന്നുമാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കിയത്.
1952ലെ കമീഷൻ ഓഫ് എൻക്വയറീസ് ആക്ട് മൂന്നാം വകുപ്പനുസരിച്ച് പൊതുപ്രാധാന്യമുള്ള ഒരു വിഷയത്തിൽ അന്വേഷണം വേണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് ബോധ്യപ്പെട്ടാൽ ഒരു വിജ്ഞാപനം വഴി അന്വേഷണ കമീഷനെ നിയോഗിക്കാൻ അധികാരമുണ്ട്.
പൊതുപ്രാധാന്യമുള്ള ഒരു വിഷയത്തിൽ കേന്ദ്രസർക്കാർ അന്വേഷണ കമീഷനെ നിയോഗിച്ചാൽ അതേ വിഷയം അന്വേഷിക്കാൻ സംസ്ഥാനം കമീഷനെ നിയോഗിക്കരുതെന്നും സംസ്ഥാനം അന്വേഷണ കമീഷനെ നിയോഗിച്ച വിഷയത്തിൽ കേന്ദ്രം മറ്റൊരു കമീഷനെ നിയോഗിക്കരുതെന്നും കമീഷൻ ഓഫ് എൻക്വയറീസ് ആക്ടിലുണ്ട്. എന്നാൽ, ഒന്നിൽ കൂടുതൽ സംസ്ഥാനങ്ങളെ ബാധിക്കുന്ന കാര്യമാണെങ്കിൽ സംസ്ഥാനം അന്വേഷണം ആരംഭിച്ചാലും കേന്ദ്രത്തിന് മറ്റൊരു കമീഷനെ നിയോഗിക്കാം.
പെഗസസ് ചാരപ്പണി സുപ്രീംകോടതി മേൽനോട്ടത്തിലെ സമിതി അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന പൊതുതാൽപര്യ ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ, കമീഷനെ നിയോഗിക്കുന്നതിൽ കേന്ദ്രസർക്കാറിെൻറ നിലപാട് അറിയാനിരിക്കെ സന്ദർഭോചിതമായി തീരുമാനമെടുത്ത മമത ബാനർജിയുടെ സർക്കാറിനെ അഭിനന്ദിച്ചേ മതിയാവൂ.
നിയമസാധുതയുള്ള തീരുമാനം
ഭരണഘടനയുടെ ഏഴാം പട്ടികയിൽപെട്ട സംസ്ഥാന, കൺകറൻറ് ലിസ്റ്റിൽ ഉൾപെട്ട ഏതുവിഷയവുമായും ബന്ധപ്പെട്ട സംഭവങ്ങൾ അന്വേഷിക്കുന്നതിനും കമീഷനെ നിയോഗിക്കാൻ സംസ്ഥാന സർക്കാറുകൾക്ക് കമീഷൻ ഓഫ് എൻക്വയറീസ് ആക്ട് അധികാരം നൽകുന്നുണ്ട്. പെഗസസ് ചാരവൃത്തി ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യത എന്ന മൗലികാവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റവും പൗരജനങ്ങളുടെ സുരക്ഷക്കും സമാധാനത്തിനും ഭീഷണി സൃഷ്ടിക്കുന്നതുമാണ്. ആകയാൽ ബംഗാൾ സർക്കാറിെൻറ നടപടി തികച്ചും ഭരണഘടനാനുസൃതമാണ്.
ഫെഡറൽ സംവിധാനത്തിന് കടകവിരുദ്ധമായി കേന്ദ്രസർക്കാർ സംസ്ഥാന സർക്കാറിെൻറ അധികാരങ്ങളിൽ കൈകടത്തുന്നുവെന്ന് മമത ബാനർജി പലവുരു ആരോപിച്ചിട്ടുണ്ട്. പെഗസസ് വിഷയത്തിൽ കമീഷനെ നിയോഗിക്കുകവഴി ബംഗാൾ സർക്കാർ കേന്ദ്രത്തിെൻറ വിഷയത്തിൽ ഇടപെട്ടുവെന്ന് പ്രധാനമന്ത്രിയോ അദ്ദേഹത്തിെൻറ പാർട്ടിയോ ആക്ഷേപം ഉന്നയിച്ചാലും അതിന് ഭരണഘടനാപരമായി കഴമ്പില്ല.
അടിയന്തരാവസ്ഥക്കാലത്ത് തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം. കരുണാനിധിക്കെതിരായ അഴിമതിയാരോപണം അന്വേഷിക്കാൻ അന്വേഷണ കമീഷനെ നിയോഗിച്ച കേന്ദ്രനടപടിയെ ചോദ്യംചെയ്ത് മദിരാശി ഹൈകോടതിയിൽ നൽകിയ റിട്ട് ഹരജി കേന്ദ്രനടപടി ശരിവെച്ച് തള്ളുകയാണുണ്ടായത്.
രാജ്യത്തിെൻറ സുരക്ഷിതത്വവും പൗരസമൂഹത്തിെൻറ ഭരണഘടനാവകാശങ്ങളും ലംഘിച്ചുകൊണ്ട് ഒരു വിദേശ ചാരസംവിധാനത്തിന് നുഴഞ്ഞുകയറാൻ അവസരമൊരുക്കിയ വില്ലന്മാർ ആരെന്ന് കണ്ടെത്തൽ പരമപ്രധാനമാണ്. രാജ്യം ഭരിക്കുന്ന സർക്കാർ അതിന് മുന്നോട്ടുവരേണ്ടതായിരുന്നു. അവരതിന് തയാറാവാത്ത സാഹചര്യത്തിൽ ജനങ്ങളെ സ്നേഹിക്കുന്ന, സ്വകാര്യതയെയും നിയമവാഴ്ചയെയും മാനിക്കുന്ന സംസ്ഥാന സർക്കാറുകൾക്ക് തീർച്ചയായും ഇടപെടേണ്ടി വരും. പശ്ചിമബംഗാളിലെ മമത ബാനർജി സർക്കാറിെൻറ ധീരവും രാജ്യസ്നേഹപരവുമായ നടപടിയെ ആരൊക്കെ ഭയപ്പെടുന്നുവെന്ന് വരുംനാളുകളിൽ നമുക്ക് കാണാം.
(കേരള മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലാണ് ലേഖകൻ)
asafali.tlsry@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.