‘വികസനം’ എന്ന പേരിൽ ഭരണകൂടങ്ങൾ കടലിലും കടൽതീരത്തും നടത്തുന്ന എല്ലാ പദ്ധതികളും, കടലിനെയും കടൽ വിഭവങ്ങളെയും ആശ്രയിച്ചുജീവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നവയാണ്.

കടൽവിഭവങ്ങൾ ഒരു നിയന്ത്രണവുമില്ലാതെ കോർപറേറ്റുകൾക്ക് യഥേഷ്ടം ചൂഷണംചെയ്യാൻ തക്കവിധമാണ് ഭരണകൂടങ്ങൾ ഓരോ പദ്ധതികളും ആവിഷ്കരിക്കുന്നത്. ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കേരള തീരത്ത് കടലിൽ ഖനനംനടത്തി നിർമാണാവശ്യങ്ങൾക്കുള്ള മണ്ണെടുത്ത് വിൽപന നടത്താൻ സ്വകാര്യ കമ്പനികൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന അനുമതി.

നിലവിലുണ്ടായിരുന്ന തീരനിയന്ത്രണ വിജ്ഞാപനത്തിലെ (CRZ) വ്യവസ്ഥകൾ അറ്റോമിക് ധാതുക്കൾ ഒഴികെയുള്ള (ആലപ്പാട്, തോട്ടപ്പള്ളി എന്നിവിടങ്ങളിൽ നടക്കുന്നത്) മറ്റ് ധാതുക്കളുടെ ഖനനം നടത്തുന്നതിന് തടസ്സമാണെന്നും അതുകൊണ്ട് ഉചിതമായി തിരുത്തണമെന്നും ബ്ലൂ ഇക്കണോമിയുടെ നയരേഖയിൽ പറഞ്ഞിരുന്നതിന്റെ അടിസ്ഥാനത്തിലാണ് കടൽമേഖല ധാതു (വികസനവും നിയന്ത്ര ണവും) നിയമം ഭേദഗതി ചെയ്തതും ഇപ്പോൾ ഖനന മേഖലയിലേക്ക് സ്വകാര്യ കമ്പനികളെ യുൾപ്പെടെയുള്ളവരെ ക്ഷണിക്കുന്നതും.

കടൽ, കടൽ പരിസ്ഥിതി, കടൽ പ്രതിഭാസങ്ങൾ എന്നിവയെക്കുറിച്ച് നമുക്കിന്നുള്ള അറിവ് വളരെ പരിമിതമാണ്. അതുകൊണ്ടുതന്നെ കടൽഖനനം മൂലമുണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള അറിവും പരിമിതമാണ്. കടൽ ഖനനത്തിന്റെ പാരിസ്ഥിതികാഘാത പഠനം, ഖനനത്തിനനുമതി ലഭിക്കുന്ന കമ്പനികൾ നടത്തുമെന്ന കേന്ദ്രത്തിന്റെ പ്രസ്താവന, പണപ്പെട്ടിയും താക്കോലും കള്ളനെത്തന്നെ ഏൽപിക്കുന്നതിനു തുല്യമാണ്. കടൽഖനനം വളരെ വലിയ പ്രത്യാഘാതങ്ങളായിരിക്കും സൃഷ്ടിക്കാൻ പോകുന്നത്.

മത്സ്യബന്ധന രംഗം തകരും

10 ദിവസത്തോളം കടലിൽ തങ്ങി മത്സ്യബന്ധനം നടത്തുന്ന വലിയ ബോട്ടുകൾ, അന്നന്നു കരക്കെത്തുന്ന ഇടത്തരം ബോട്ടുകൾ, ഫൈബർ ബോട്ടുകൾ, റിംഗ്സീൻ വലകൾ ഉപയോഗിക്കുന്ന വലിയ വള്ളങ്ങൾ, ചെറിയ വള്ളങ്ങൾ എന്നിവയെല്ലാം മത്സ്യബന്ധനം നടത്തുന്ന മേഖലകളാണിപ്പോൾ മണൽ ഖനനത്തിനായി കണ്ടെത്തിയിരിക്കുന്ന ബ്ലോക്കുകൾ.

കടൽമണൽ ഖനനം യാഥാർഥ്യമായാൽ കടൽ ആവാസവ്യവസ്ഥയും കടൽ പരിസ്ഥിതിയും പൂർണമായും നശിക്കും. ഖനനത്തിന്റെ ഭാഗമായി കൂറ്റൻ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നതിന്റെ ഭാഗമായി കടലിന്റെ അടിത്തട്ടിലുള്ള ചളിയും വെള്ളവും ചേർന്നുകലങ്ങി ഖനനം നടക്കുന്ന സ്ഥലത്ത് മാത്രമല്ല, ദൂരെ സ്ഥലങ്ങളിലേക്കും പരന്നൊഴുകും. ഈ കലങ്ങിയ വെള്ളത്തിന്റെ പ്രക്ഷുബ്ധതയുടെ ഫലമായി പ്രകാശരശ്മികൾക്ക് കടലിന്റെ അടിത്തട്ടിലേക്ക് കടന്നുചെല്ലാൻ കഴിയാതെ വരുകയും, സൂക്ഷ്മ സസ്യപ്ലാൻക്ടനുകൾക്ക് പ്രകാശ സംശ്ലേഷണം നടത്താൻ കഴിയാതെ അവ നശിച്ചുപോവുകയും ചെയ്യും.തന്മൂലം സസ്യപ്ലാൻക്ടനുകളെ ആഹരിക്കുന്ന ജീവപ്ലാൻക്ടനുകൾക്കും, അവയെ ഭക്ഷിക്കുന്ന മത്സ്യങ്ങൾക്കും ആഹാരവും പോഷണവും കിട്ടാതെവരുകയും അത് മത്സ്യങ്ങളുടെ പ്രത്യുൽപാദനം നടക്കാത്ത സാഹചര്യത്തിനിടയാക്കുകയും ചെയ്യും.

കേരളത്തിലെ 11 ലക്ഷത്തോളം മത്സ്യത്തൊഴിലാളി കുടുംബങ്ങളും അഞ്ചു ലക്ഷത്തോളം അനുബന്ധ തൊഴിലാളി കുടുംബങ്ങളും നിത്യപട്ടിണിയിലേക്ക് തള്ളിവിടപ്പെടും. കേരളത്തിലെ ജനങ്ങളുടെ ഏറ്റവും വലിയ പോഷകാഹാര സ്രോതസ്സും, രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്ന ഒരു വ്യവസായവും പൂർണമായും നശിക്കും. മത്സ്യ ദൗർലഭ്യവും ഇന്ധന ചെലവിന്റെ വർധനവും കാരണം ഇപ്പോൾ തന്നെ മത്സ്യത്തൊഴിലാളികൾക്ക് മിക്ക ദിവസങ്ങളിലും തൊഴിലിനുപോകാൻ കഴിയാത്ത സാഹചര്യമുണ്ട്. തീരക്കടലിൽ മത്സ്യം ലഭിക്കാത്തതുകൊണ്ട് നമ്മുടെ ഫിഷിങ് ബോട്ടുകൾ ആഴക്കടലിൽ പോയാണ് മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കുന്നത്.

ഒരു വലിയ ബോട്ട് കരയിൽനിന്ന് നേരേ പടിഞ്ഞാറോട്ട് ഏകദേശം 200 കിലോമീറ്റർ ഓടിച്ച് എത്തുന്നത്രയും ദൂരത്തുപോയാണ് നിലവിൽ മത്സ്യബന്ധനം നടത്തുന്നത്. കരയിൽനിന്ന് എട്ടുമണിക്കൂറോളം നേരേ ഓടിയാണ് ഈ ബോട്ടുകൾ മത്സ്യബന്ധന ‘ഗ്രൗണ്ടിൽ’എത്തുന്നത്. 50 കിലോമീറ്റർ പരിധിക്കുള്ളിൽ മാത്രമേ മത്സ്യബന്ധന ബോട്ടുകൾ ഫിഷിങ് നടത്തുന്നുള്ളൂവെന്ന കേന്ദ്ര ഖനവകുപ്പ് സെക്രട്ടറിയുടെ പ്രസ്താവന ഈ മേഖലയെക്കുറിച്ചുള്ള അജ്ഞതയിൽ നിന്ന് ഉടലെടുത്തതാണ്.

ആണവ ധാതുക്കൾ സ്വകാര്യ മേഖലയിലേക്ക്

പുറംകടൽ ധാതുഖനനവുമായി ബന്ധപ്പെട്ട 2002ലെ കടൽ മേഖല ധാതു (വികസനവും നിയന്ത്രണവും)നിയമം 2023ൽ ബ്ലൂ ഇക്കോണമിക്കുവേണ്ടി ഭേദഗതി ചെയ്തതിന്റെ ഭാഗമായാണ് കടൽ ഖനന മേഖലയിലേക്ക് സ്വകാര്യ സംരംഭകർക്ക് അനുമതി നൽകിയതെന്ന് ഓർക്കുക. അനുമതികിട്ടുന്ന സ്വകാര്യ കമ്പനികൾക്ക് റോയൽറ്റിതുക മുൻകൂറായി സർക്കാറിലേക്കടച്ച് ഖനനം നടത്താം.

കടലിൽ നിന്ന് മണൽ വാരാനാണ് താൽപര്യപത്രം ക്ഷണിച്ചതെങ്കിലും കരിമണലിനു തുല്യമായ ധാതുക്കൾ കിട്ടിയാൽ അവയിൽ ആണവ ധാതുക്കൾ ഒഴികെയുള്ളവ, നിശ്ചിത തുകയടച്ച് സ്വകാര്യ കമ്പനികൾക്ക് ശേഖരിക്കാം. ആണവോർജ മേഖലയിൽ സ്വകാര്യ പങ്കാളിത്തം അനുവദിച്ചിട്ടുള്ള സാഹചര്യത്തിൽ ‘ആണവ ധാതുക്കൾ ഒഴികെയുള്ളവ’ വെറുതെ കടലാസിൽ കിടക്കുകയേയുള്ളൂ! കടൽ ഖനനം യാഥാർഥ്യമായാൽ രാജ്യസുരക്ഷയുമായി നേരിട്ട് ബന്ധമുള്ള ധാതുലവണങ്ങളെല്ലാം സ്വകാര്യ കമ്പനികളുടെ അധീനതയിലാകും.

(തുടരും)

Tags:    
News Summary - Deep Sea Mining could disrupt the marine ecosystem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.