ഒറ്റ ദിവസംകൊണ്ട് മുഴുവൻ ബന്ദികളെയും സ്വതന്ത്രരാക്കും. രണ്ടാം ദിവസത്തിൽ ഗസ്സയെ ഒടിച്ചുമടക്കും. ഫലസ്തീൻകാർ മനുഷ്യരല്ല മൃഗങ്ങളാണ്... ഇങ്ങനെയൊക്കെയാണ് സാമ്രാജ്യത്വ പിന്തുണയോടെ, വൻ മാധ്യമങ്ങളുടെ മിസൈൽത്തണലിലിരുന്ന് സയണിസ്റ്റ് ഭീകരർ അലറിയത്. ഹമാസിനെ ഇല്ലാതാക്കാനുള്ള യുദ്ധം എന്നപേരിൽ ഇസ്രായേൽ ഭരണകൂടം നടത്തിയത് നിസ്സഹായരായ ഒരു ജനതക്കുനേരെയുള്ള സമാനതകളില്ലാത്ത ക്രൂരതകളാണ്. ആശുപത്രിയും സ്കൂളും മാത്രമല്ല, മരവും മണ്ണും ഭൂപ്രകൃതിയാകെ കീഴ്മേൽ മറിച്ചു. ഏറ്റവും വിധ്വംസകമായ ആയുധങ്ങളും അതിനേക്കാൾ മൂർച്ചയുള്ള വിഷവാക്കുകളും ഗസ്സയെ വിഴുങ്ങി. ആറ്റംബോംബിട്ടില്ലെങ്കിലും ഹിരോഷിമക്കും നാഗസാക്കിക്കുമപ്പുറമുള്ള ഒരവസ്ഥയിലേക്ക് ഒരു രാജ്യത്തെ എത്തിച്ചു.
ഭാവിയിൽ അത്രയെളുപ്പം പുനർനിർമാണംപോലും നടത്താനാവാത്ത ഒരന്തരീക്ഷമൊരുക്കാനുള്ള തരത്തിലുള്ള ക്രൂരതകളും കുടിലതന്ത്രങ്ങളും ഒരുക്കി. ഇനി ഒരു കാലത്തും ഒരു ജനതക്കും ഇവിടെ നിവർന്നുനിൽക്കാനാവില്ലെന്ന പകൽ കിനാവിൽ അധിനിവേശ ദുർമോഹങ്ങളുടെ ഇടിച്ചുനിരത്താനാവാത്തതെന്ന് സ്വയം കരുതിയ പടക്കോട്ടകൾ പണിതു. എന്നിട്ടും തകർന്ന കെട്ടിടങ്ങൾക്കും, മറവ് ചെയ്യാനാവാതെപോയ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾക്കും മുലപ്പാലിന്റെ മണം മാറാത്ത കുഞ്ഞുങ്ങളുടെ ചോരക്കും വെള്ളം സ്വപ്നം കാണേണ്ടിവരുന്ന പുഴകൾക്കും ഇടയിൽനിന്നൊരു ജനത സ്വാതന്ത്ര്യത്തിന് എത്രമാത്രം മൂല്യമുണ്ടെന്ന്, മഹത്ത്വത്തെ മലിനമാക്കുന്ന മഹാശക്തികൾക്കും, അവരുടെ ശാശ്വത വിജയം സ്വപ്നംകണ്ടവർക്കും സ്വന്തം ജീവിതംകൊണ്ട് പഠിപ്പിച്ചുകൊടുത്തു.
കൊച്ചു ഗസ്സ ആകാശത്തോളം വലുതായപ്പോൾ, ആകാശത്തെപ്പോലും ആയുധപ്പുരയാക്കിയവ, അപരിമിതവിഭവർ താൽക്കാലികമായെങ്കിലും പാതാളത്തിലേക്ക് താഴ്ന്നുപോയി. ഒരു കൈകൊണ്ട് ഒത്തുതീർപ്പിൽ ഒപ്പുവെക്കാൻ നിർബന്ധിതമായപ്പോഴും, മറുകൈകൊണ്ടവർ സയണിസത്തിന് സഹജമായ വഞ്ചനകളിൽ അഭിമാനം കണ്ടു! അതിലപ്പുറം അവരിൽനിന്ന് മറിച്ചെന്തെങ്കിലും പ്രതീക്ഷിക്കുന്നവർ വിഡ്ഢികളാവും. ഫലസ്തീൻ തടവുകാരോട് എപ്രകാരമാണവർ പെരുമാറിയതെന്നും അതേസമയം ഹമാസ് തങ്ങളുടെ ബന്ദികളോട് എപ്രകാരമാണ് പെരുമാറിയതെന്നും കണ്ണടച്ചിട്ടും ലോകത്തിന് കാണേണ്ടിവന്നു. ഹിരോഷിമയിലെയും നാഗസാക്കിയിലെയും ആറ്റംബോംബാക്രമണങ്ങൾക്കുശേഷം അവിടെ അംഗഭംഗം വന്ന് ബാക്കിയായ ഹിബാക്കുഷുകൾക്ക് ലോകം കഴിയാവുന്നത്ര പിന്തുണ നൽകി.
കാറ്റിലൊഴുകുന്ന വെള്ളിമേഘങ്ങളെ/അനന്തമാം വാനിന്റെ ഉയരങ്ങളിൽ/ ഏറ്റുചൊല്ലുമോ ഞങ്ങളുടെ പ്രാർഥന/ ഞങ്ങളുടെ പ്രാർത്ഥന! എന്നവർക്ക് ഉള്ളം നിറഞ്ഞ്, കണ്ണീരിൽ നനഞ്ഞ് അന്ന് പാടാൻ കഴിഞ്ഞു. എന്നാലിന്ന് ഗസ്സയുടെ അവസ്ഥ ആവിധമൊരു പ്രാർഥന ചൊല്ലാൻപോലും കഴിയാത്തത്ര പരിതാപകരമാണ്. ചവിട്ടിനിൽക്കുന്ന മണ്ണും അവരുടെ തലക്കുമുകളിലെ ആകാശവും ചോരമയമാണ്. മരങ്ങളും മൃഗങ്ങളും ഇന്നവർക്ക് മുറിവേറ്റ ഓർമകളാണ്. അധ്യാത്മ വിദ്യാലയമെന്ന് അടയാളപ്പെടുത്തപ്പെട്ട ശ്മശാനങ്ങൾപോലും ഇടിച്ചു പൊളിക്കപ്പെട്ട അവസ്ഥയിലാണ്. പ്രശസ്ത നാടകപ്രതിഭ അയനസ്കോയുടെ ‘അമേദി’ നമ്മെ നടുക്കിയത്, വളരുന്ന ഒരു മൃതദേഹത്തിെന്റ പേരിലാണെങ്കിൽ, ഗസ്സയിലിന്ന് കോൺക്രീറ്റ് കട്ടകൾക്കിടയിൽ കിടക്കുന്നത് അതിനെയൊക്കെ നിസ്സംശയം പിറകിലാക്കുന്ന പതിനായിക്കണക്കിന് മൃതദേഹങ്ങളാണ്.
മരണത്തെ നേരിൽ കാണാൻ യുദ്ധത്തിന്റെ മുഖത്ത് നോക്കിയാൽ മതി. കഴുകനും കുറുക്കനും കീലംപൊട്ടിയ തേരുകൾ നക്കി ചോരകുടിക്കുമ്പോൾ മരണത്തെ കാണാം. കബന്ധങ്ങളുടെ ഭൂമിയും കറുത്ത ചിറകിട്ടടിക്കുന്ന ആകാശവും അപ്പോൾ മരണമായി മാറുന്നു. മരണംതന്നെയാണ് എല്ലാം. അകലെ നാം വിജയത്തിന്റെ ലഹരിയിലും പരാജയത്തിന്റെ വ്യഥയിലും ജീവിതം ഘോഷിക്കുന്നു. പക്ഷേ, വിജയമായും പരാജയമായും കൊണ്ടാടിയത് മരണം എന്ന ഏകവും അവ്യാജവുമായ സത്യം തന്നെയല്ലേ? സഖി, ഈ യുദ്ധത്തിൽനിന്നൊഴിയാൻ നമുക്കിനി സാധ്യമല്ല. മരിച്ചവർക്കുവേണ്ടി നാം യുദ്ധം ചെയ്യും. പക്ഷേ ഈ യുദ്ധം നമ്മുടെ അവസാനത്തെ യുദ്ധമാണ്. പൊട്ടാത്ത പടച്ചട്ടകൾ നാം അണിയുകയാണ്. ഈ നിമിഷത്തിൽ ആത്മസഖിയോട് -ഒരു പക്ഷേ മനഃശാന്തിക്കുവേണ്ടിയാവാം -ചോദിക്കട്ടെ, രാവണന്റെ ജീവിതം ഒരു പാഴ്ചെലവായിരുന്നോ (ലങ്കാലക്ഷ്മി: സി.എൻ. ശ്രീകണ്ഠൻ നായർ).
ശരിയോ തെറ്റോ ആയാലും, ഒരു യുദ്ധത്തിൽനിന്ന് ഒഴിഞ്ഞുമാറാനാവാത്ത ഒരവസ്ഥ മനുഷ്യമനസ്സിലുണ്ടാക്കാവുന്ന, അനിവാര്യമായും ഉണ്ടാക്കേണ്ട, സംഘർഷത്തെയാണ്, ലങ്കാലക്ഷ്മി നാടകത്തിലെ രാവണൻ ഉള്ളംപൊള്ളും വിധം പ്രതിനിധാനം ചെയ്യുന്നത്. എത്രയെത്രയോ ആളുകളെ കൊന്നിട്ടും, ആവിധം കൊലചെയ്യപ്പെടാനാവാത്ത മാനവിക ആശയങ്ങളുടെ അജയ്യതയേയാണ് ലങ്കാലക്ഷ്മി നാടകം കടും നോവിന് നടുവിലും നിർവൃതിയോടെ ആഘോഷിക്കുന്നത്. എന്നാൽ, അധിനിവേശത്തിൽ, അതിന്റെ തേറ്റകൾക്കും ദംഷ്ട്രകൾക്കുമിടയിൽ വെച്ച് ആദ്യം ഇല്ലാതാവുന്നത് യുദ്ധവിരുദ്ധ മാനവിക ആശയങ്ങളാണ്. അതുകൊണ്ടുതന്നെ സാമ്രാജ്യത്വസയണിസ്റ്റ് ഫാഷിസ്റ്റ് ശക്തികൾ നിസ്സഹായരുടെ നിലവിളികൾ കേട്ട് സങ്കടപ്പെടുകയോ, ഞങ്ങളീ നടത്തുന്ന ഭീകരതകൾ ഒരു പാഴ്െചലവായിരുന്നുവോ എന്ന് രാവണനെപ്പോലെ മനഃശാന്തിക്കുവേണ്ടി ഒരാത്മസഖിയോടും ചോദിക്കുകയില്ല. സയണിസത്തിനെന്ത് ആത്മസഖി? എന്ത് കുറ്റബോധം! ഒരു കഴഞ്ചെങ്കിലും കുറ്റബോധം സയണിസ്റ്റുകൾക്കുണ്ടായിരുന്നെങ്കിൽ ഇസ്രായേൽ എന്ന കൃത്രിമ ഭീകര രാഷ്ട്രംതന്നെ ഇന്ന് ലോകത്തുണ്ടാവുമായിരുന്നില്ല.
‘Everything-goes-ism’ അഥവാ എന്തുമാവാം, എങ്ങനെയുമാവാം എന്ന തത്ത്വമാണ് ഇസ്രായേൽ ഭരണാധികാരി നെതന്യാഹുവിനെ നയിക്കുന്നത്. ജൂതപീഡനത്തിന് നേതൃത്വം നൽകിയ വംശഹത്യാഭീകരൻ ഹിറ്റ്ലറിൽനിന്നാണ്, സയണിസം നുണപ്രചാരണത്തിന്റെയും ക്രൂരതയുടെയും പാഠങ്ങൾ പകർത്തുന്നതെന്നുള്ളത് സാമൂഹികശാസ്ത്രത്തിലെ ഒരസംബന്ധ അത്ഭുതമാണ്. യുദ്ധത്തിന്റെ കാരണക്കാർ ആര് എന്ന് ചർച്ചക്കെടുത്ത്, ജർമനി മാത്രമല്ല കാരണക്കാർ എന്ന് പ്രഖ്യാപിച്ചത് യുദ്ധ പ്രചാരണത്തിൽ സംഭവിച്ച ഏറ്റവും ആദ്യത്തേതും പ്രധാനപ്പെട്ടതുമായ വീഴ്ചയായിരുന്നു. ഒരു ചർച്ചയും കൂടാതെതന്നെ യുദ്ധത്തിന്റെ പൂർണമായ ഉത്തരവാദിത്തം ശത്രുവിന്റെ തലയിൽ വെച്ചുകൊടുക്കണമായിരുന്നു (ഹിറ്റ്ലർ).
ഈ തത്ത്വമാണ് മുമ്പ് അമേരിക്ക വിയറ്റ്നാമിലും ഇപ്പോൾ അമേരിക്കൻ പിന്തുണയോടെ ഇസ്രായേൽ ഭരണകൂടം ഗസ്സയിലും നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഭീകരതയിലൂടെ നിലവിൽ വന്ന, അതേ ഭീകരതയിലൂടെ നിലനിൽക്കുന്ന സയണിസ്റ്റ് ഭരണകൂടമാണ് ഭീകരതക്കെതിരെയുള്ള ട്യൂഷൻ എടുക്കുന്നതെന്നുള്ളതാണ് ലോകം ഇന്ന് നേരിടുന്ന തേറ്റയുള്ള തമാശകളിൽ ഒന്ന്! ഫലസ്തീനിലെ ജനതയെ അവർ മുമ്പും ഇന്നും മനുഷ്യരായല്ല അധമ മനുഷ്യരോ മൃഗങ്ങളോ ആയാണ് കാണുന്നത്. ഇതാവട്ടെ അധിനിവേശ അജണ്ടയുടെ ഒരനിവാര്യ ഭാഗമാണ്. പല കാലത്തായി ഇതേകാര്യംതന്നെയാണ് സർവ അധിനിവേശ ശക്തികളും മാറിമാറി പറഞ്ഞുകൊണ്ടിരിക്കുന്നത്.
പുൽത്തൊട്ടിയിൽ കിടന്ന നായ, വളരെക്കാലം അതിൽ കിടന്നു എന്നതിനാൽ, പുൽത്തൊട്ടിയുടെ അവകാശം നായക്കാണെന്ന വാദത്തെ എനിക്ക് അംഗീകരിക്കാനാവില്ല. ആ അവകാശം ഞാൻ സമ്മതിച്ചുകൊടുക്കുകയില്ല. അമേരിക്കയിലെ റെഡ് ഇന്ത്യക്കാരോടും ഓസ്ട്രിയയിലെ കറുത്തവരോടും മഹാ അപരാധം ചെയ്തു എന്ന വാദത്തോടും എനിക്ക് യോജിപ്പില്ല. കൂടുതൽ ശക്തരായ ജനത, ഉന്നതഗണത്തിൽപെട്ട ജനത, ലോകോത്തര ബുദ്ധിവൈഭവമുള്ള ജനത ഇക്കൂട്ടരുടെ സ്ഥാനം കൈയടക്കിയെന്നത് ഒരു തെറ്റായി ഞാൻ കാണുന്നില്ല. 1937ൽ വിൻസ്റ്റൺ ചർച്ചിൽ അധിനിവേശത്തെ ന്യായീകരിച്ചുകൊണ്ടെഴുതിയ ഈ ഭാഗം അരുന്ധതി റോയിയുടെ, ‘കനിവോടെ കൊല്ലുക’ എന്ന പ്രബന്ധത്തിൽനിന്ന് എടുത്തതാണ്. പുല്ലൂട്ടയിലെ നായയെക്കുറിച്ച് മലയാളത്തിലുള്ള പ്രശസ്തമായ ചൊല്ല് ആ നായ അതായത് പുല്ലൂട്ടയിലെ നായ തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല എന്നായിരുന്നെങ്കിൽ, വിൻസ്റ്റൺ ചർച്ചിലിന്റെ നായ അധിനിവേശ ശക്തികൾക്ക്, സുഭിക്ഷമായി തിന്നാനും മറ്റുള്ളവരെ തീ തീറ്റിക്കാനുമുള്ള ഒന്നാന്തരം ഉരുപ്പടിയാണ്.
നമ്മളെത്ര കാൽപനിക കിന്നാരങ്ങളിലും അതിഭാവുകത്വ പുന്നാരങ്ങളിലും പുളകിതരായി പല പ്രകാരങ്ങളിലുള്ള അധിനിവേശങ്ങളെ എതിർക്കാതെ, അതിനെ കണ്ടിട്ടും കണ്ടെന്ന് നടിക്കാതെ സ്വസ്ഥമായി ജീവിക്കാൻ കൊതിച്ചാലും, കാലം എന്നെങ്കിലുമൊരിക്കൽ നമ്മെ ഒരു ദയാദാക്ഷിണ്യവും കൂടാതെ മഴവില്ലും മയിൽപ്പീലിയുമൊന്നുമില്ലാത്ത, ചളിയും ചോരയും ചലവും കൂടി കലർന്ന യാഥാർഥ്യത്തിന്റെ പരുക്കൻ അവസ്ഥകളിലേക്ക് ഒരു വേവലാതിയും കൂടാതെ വലിച്ചെറിയും. മാസങ്ങൾക്കുമുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായ പ്രശസ്ത ഫലസ്തീൻ കവി അമൽഅബുആസി, തന്റെ കവി സുഹൃത്തിനയച്ചൊരു കണ്ണീരിൽ കത്തുന്നൊരു കുറിപ്പിന്റെ ഒരേകദേശരൂപം ഓർമയിലുള്ളത് ഇങ്ങനെ: ഫലസ്തീനെ പറിച്ചെറിഞ്ഞു കളഞ്ഞേക്ക്, നിങ്ങളുടെ മോങ്ങലും തേങ്ങലുമെല്ലാം തോട്ടിലെറിയ്/ പക്ഷേ ഒരു കാര്യം ഓർമയിലുണ്ടാവണം/ മുമ്പ് ഈ ലോകത്ത് അമൽ അഥവാ പ്രതീക്ഷ എന്നൊരാളുണ്ടായിരുന്നു./ എന്നാലിപ്പോൾ അദ്ദേഹം ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏതോ അജ്ഞാതലോകങ്ങളിലേക്ക് അപ്രത്യക്ഷമായിരിക്കുന്നു/ അതൊന്നും നിങ്ങൾ കാര്യമാക്കേണ്ട/ തിന്നുകയും കുടിക്കുകയും കൂത്താടുകയും ചെയ്തോളൂ/ എന്നാൽ പക്ഷേ കണ്ണാടിമാത്രം നോക്കരുത്./ കാരണം അങ്ങനെ ചെയ്താൽ നിങ്ങളുടെ മുഖം ചോരകൊണ്ട് നനയും./ വാക്കുകൾക്ക് മുറിവേൽക്കും/ നെഞ്ചിൽ ഞങ്ങളുടെ ഭൂപടംകൊത്തിയ പുക എരിയും ഇക്കാണുന്ന അതിരുകൾ വ്യാജമാണെന്നൊന്നും നിങ്ങൾ കുട്ടികളോട് പറയരുത്.
ഞങ്ങളുടെ കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളും അവരറിയണ്ട/ അവയെല്ലാം എന്നെന്നേക്കുമായി ഞങ്ങൾക്കൊപ്പം അന്ത്യവിശ്രമം കൊള്ളട്ടെ/ ഞങ്ങളുടെ ദുരിതങ്ങൾ അബദ്ധത്തിലെങ്ങാൻ സ്ക്രീനിൽ തെളിഞ്ഞാൽ, നിങ്ങൾ കുട്ടികളെ ഗെയിം കളിക്കാൻ വിടണം. അവരത് കാണരുത്. നിങ്ങൾക്കൊരിക്കലും അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയില്ല. പറ്റുമെങ്കിൽ, പറ്റുമെങ്കിൽ മാത്രം ഞങ്ങളുടെ ചോരയിൽ വെന്ത അപ്പം വിളമ്പണം.
സങ്കടവും അമർഷവും അടുക്കിവെച്ച ഈ വരികൾക്കിടയിൽ വീണ മനുഷ്യർ പക്ഷേ അവിടെനിന്നും എഴുന്നേറ്റു വന്ന് ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ആയുധശക്തിയും അതിലേറെ കുടിലതകളുമുള്ള ഒരു വൻ ശക്തിയെ വലിയ വിലകൊടുത്താണെങ്കിലും അവർ വരച്ച വരയിൽ നിർത്തിയിരിക്കുന്നു. ഇപ്പോൾ മാത്രമല്ല മുമ്പും! 1967 മുതൽ ഇസ്രായേൽ വെള്ളം കടത്തുന്നതുകൊണ്ട് ഇപ്പോൾ പച്ച കുറഞ്ഞു. എന്നിട്ടും പച്ച ഇപ്പോഴും പ്രതിരോധിക്കുന്നു എന്ന് ഫലസ്തീനിയൻ കവി മുറീദാബർഗൂത്തി. എല്ലാത്തരം തീവ്രവാദങ്ങളോടും എന്ത് ലക്ഷ്യത്തിന്റെ പേരിലായാൽപോലും എതിർപ്പുള്ള ബർഗൂത്തിക്കുപോലും ആത്മകഥയിൽ ഇങ്ങനെ എഴുതേണ്ടിവന്നു; ഇങ്ങനെയൊക്കെയാണെങ്കിലും ഫലസ്തീന്റെ മേൽ ആർക്കാണ് അവകാശം എന്നതിനെച്ചൊല്ലിയുള്ള താത്ത്വിക ചർച്ചകളിൽ എനിക്കൊരു പ്രത്യേക താൽപര്യവും ഒരിക്കലും ഉണ്ടായിരുന്നില്ല. കാരണം ഞങ്ങൾക്ക് ഫലസ്തീന് നഷ്ടപ്പെട്ടത് ഒരു തർക്കത്തിലല്ല, അതു ഞങ്ങൾക്ക് നഷ്ടപ്പെട്ടത് ബലപ്രയോഗത്താലാണ്. ഞങ്ങൾ ഫലസ്തീൻ ആയിരുന്നപ്പോൾ ഞങ്ങൾ ജൂതരെ ഭയന്നിരുന്നില്ല. ഞങ്ങൾ അവരെ വെറുത്തിരുന്നില്ല.
ഞങ്ങൾ അവരെ ശത്രുക്കളാക്കിയിരുന്നില്ല. എന്നാൽ, മധ്യകാലഘട്ടത്തിലെ യൂറോപ് അവരെ വെറുത്തു. പക്ഷേ, ഞങ്ങൾ വെറുത്തില്ല. ഹിറ്റ്ലർ വെറുത്തു. ഞങ്ങൾ വെറുത്തില്ല. ഫെർഡിനാന്റും ഇസെബല്ലയും അവരെ വെറുത്തു. ഞങ്ങൾ വെറുത്തില്ല. (1492ൽ രണ്ട് ലക്ഷത്തോളം ജൂതരെ സ്െപയിനിൽനിന്ന് പുറത്താക്കി). പക്ഷേ അവർ ഞങ്ങളുടെ ഇടമത്രയും എടുത്ത്, ഞങ്ങളെ അവിടന്ന് പുറത്താക്കിയപ്പോൾ അവർ ഞങ്ങളെയും അവരെത്തന്നെയും തുല്യനീതിയുടെ വ്യവസ്ഥക്ക് പുറത്താക്കി. അവർ ശത്രുവായി, അവർ ശക്തരായി. പുണ്യഭൂമിയെന്ന സങ്കൽപത്തിന്റെ ബലവും അധികാരത്തിന്റെ പുണ്യഭാവവുംകൊണ്ട്, സങ്കൽപശക്തികൊണ്ട്, ഭൂമിശാസ്ത്രംകൊണ്ട് അവർ ഇവിടം കൈയടക്കി.
താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിക്കാൻ, കൈയേറ്റക്കാർ, തയാറായാലും, അവർ ഒരു കാരണവശാലും അധിനിവേശത്തിന്റെ തോക്ക് സ്വമേധയാ താഴെ വെക്കില്ല. അടിയേറ്റ് അവമാനിതമായ സയണിസം തുടർന്നും ആയുധപ്രാർഥനകൾ ആലപിക്കും. സൗകര്യമുണ്ടാക്കി കൃത്രിമ ന്യായങ്ങൾ കണ്ടെത്തി യുഎന്നിനെ നോക്കുകുത്തിയാക്കി കരാർ കാറ്റിൽ പറത്തി വീണ്ടും ചോരക്കടൽ ഒഴുക്കും. പതിനഞ്ച് മാസത്തെ ഭീകരാക്രമണത്തെ അതിജീവിച്ച ഗസ്സയിലെ ആത്മബോധമുള്ള മനുഷ്യർ അപ്പോഴും പ്രാണൻ പകുത്തുകൊടുത്തും അതിനെ പ്രതിരോധിക്കും. മഹ്മൂദ് ദർവീശ് മുമ്പ് നൽകിയ മുന്നറിയിപ്പ്, ഇപ്പോഴും പ്രസക്തം! ഞങ്ങൾക്ക് നിങ്ങൾ ബാക്കിയിട്ടത് പുല്ലുമുളയ്ക്കാത്ത പാറക്കെട്ടുകൾ മാത്രം. അതും നിങ്ങളുടെ സർക്കാർ എടുത്തുകൊണ്ടുപോവുമെന്ന് കേൾക്കുന്നു.ആയതിനാൽ, മാന്യരേ, നിങ്ങളുടെ അധികാര പുസ്തകത്തിന്റെ ഒന്നാം പുറത്തിന്റെ ഒത്തമുകളിൽ എഴുതി വെക്ക്! ഞങ്ങളാരെയും വെറുക്കുന്നില്ല. ഞങ്ങളൊന്നും കൈയേറുന്നില്ല. പക്ഷേ ഞങ്ങളുടെ വിശപ്പിനെ സൂക്ഷിച്ചുകൊള്ളുക; സർവം നഷ്ടപ്പെട്ട ഞങ്ങളുടെ രോഷത്തെയും (beware of my hunger and of my anger).
സമാധാനത്തിന് ഒന്ന് സമാധാനമായിരിക്കാൻ 467 ദിവസത്തെ ഭീകരാക്രമണങ്ങൾ സഹിക്കേണ്ടിവന്നു. ബ്രഹ്ത് എഴുതി: എല്ലാ സംശയങ്ങളിലും വെച്ച്/ മനോഹരമായ ഒന്നുണ്ട്/ ചവിട്ടിത്താഴ്ത്തപ്പെട്ടവരും/ ആശയറ്റവരും/ തലയുയർത്തി/ മർദകരുടെ ശക്തിയിൽ സംശയിക്കുന്നതാണത്. 2025 ജനുവരി 19ന് അതല്ലാതെ, മറ്റെന്താണ് സംഭവിച്ചത്?
‘All reactionaries are paper tigers. In appearance, the reactionaries are terrifying, but in reality, they are not so powerful. From a long-term point of view, it is not the reactionaries but the people who are powerful.’ Maotsetung, (Talk with the American correspondent Anna Louise Strong).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.