കാനോൻ നിയമമനുസരിച്ച് മെത്രാന്മാരിലൂടെ മാർപാപ്പയാണ് കത്തോലിക്കാ സ്വത്തുവകകളുടെ ഭരണാധിപനും കാര്യസ്ഥനും എന്ന് പറഞ്ഞാൽ ഇന്ത്യ എന്ന പരമാധികാര രാജ്യത്തിനുള്ളിൽ മറ്റൊരു പരമാധികാര രാജ്യമായ വത്തിക്കാന്റെ ഭരണാധികാരിക്ക് ശതകോടികളുടെ സ്വത്തുക്കൾ ഉണ്ട് എന്നാണ്. ഈ അവസ്ഥ രാജ്യത്തിന്റെ അഖണ്ഡതക്ക് ഭീഷണി സൃഷ്ടിക്കുന്ന ഗുരുതര പ്രശ്നമാണ് എന്നാണ് ജോസഫ് പുലിക്കുന്നേൽ പറയുന്നത്. ഇതൊഴിവാക്കാൻ രാജ്യത്ത് നിയമനിർമാണം വേണമെന്ന് ഇത്രയുംകാലം ആവശ്യപ്പെട്ടില്ലെന്ന് മാത്രമല്ല, അത് ഉന്നയിക്കുന്നവരെയൊക്കെ സഭാശത്രുക്കളായി ചിത്രീകരിച്ച് സാധാരണ വിശ്വാസികളെ ഇളക്കിവിടുകയാണ് ചെയ്തത്.
ഇവിടെയാണ് വഖഫ് സ്വത്തും കത്തോലിക്കാ സ്വത്തും തമ്മിലെ പ്രധാന വ്യത്യാസം. മാർപാപ്പ പോലെ ഒരു രാജ്യബാഹ്യ ഏജൻസിക്ക് വഖഫ് സ്വത്തുക്കളുടെ മേൽ ഒരു അവകാശവും ഒരുകാലത്തും ഉണ്ടായിട്ടില്ല; തങ്ങളെല്ലാം തുർക്കി ഖലീഫയുടെ ഇസ്ലാമിക പ്രജകളാണ് എന്ന് കരുതിയ കാലത്തോ ഇന്ത്യയിൽ മുസ്ലിം ചക്രവർത്തിമാർ ഭരണം നടത്തിയ 800 കൊല്ലക്കാലത്തോ പോലും.
ദൈവപ്രീതി ഉദ്ദേശിച്ച് വഖഫ് ചെയ്യുന്ന ആളുടെ ഉദ്ദേശ്യം നിറവേറാൻ പാകത്തിൽ ശരീഅത്ത് നിയമമനുസരിച്ചുതന്നെ ആ വ്യക്തിയുടെ കുടുംബമോ ലോക്കൽ കമ്യൂണിറ്റിയോ അത് പ്രാദേശിക സമൂഹത്തിന്റെ (ചിലപ്പോൾ മുസ്ലിംകൾ മാത്രമാവാം, സമുദായ ഭേദമന്യേ ആവാം, മറ്റു ജന്തുജീവജാലങ്ങളുമാവാം) വികസനത്തിനായി ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്.
അതുകൊണ്ടാണ്, വഖഫിന് ഗവൺമെന്റ് ബോഡിയുടെ റെഗുലേഷൻ ഏർപ്പെടുത്തിയതിനെ മുസ്ലിം സമുദായം എതിർക്കാതിരുന്നത്. ആഗോള സമുദായം എന്ന് സ്വയം വിശ്വസിക്കുന്നവരായിട്ടുകൂടി, രാജ്യത്തിന്റെ വഖഫ് സ്വത്തുക്കളിൽ കൈകാര്യാധികാരം പോയിട്ട് ശരീഅത്തനുസരിച്ച് വിധികളിൽ അഭിപ്രായപ്രകടനത്തിനുപോലും ഇതര രാജ്യക്കാരനായ ഒരാൾക്ക് സ്കോപ് അനുവദിക്കാതെയാണ് മുസ്ലിം സമൂഹം തങ്ങളുടെ സാമൂഹിക വികാസ ക്ഷമത പ്രകടമാക്കുന്നത്.
എന്നിട്ടും ഈ നിയമവിധേയ സംവിധാനത്തെ പ്രശ്നവത്കരിക്കാൻ കത്തോലിക്കാ പുരോഹിത നേതൃത്വം മുതിരുന്നു. അതിനു പകരം തങ്ങൾ സമ്പാദിച്ചുകൂട്ടിയ ശതകോടി സ്വത്തുക്കളിൽ മാർപാപ്പക്കും വത്തിക്കാനുമുള്ള അധികാരം അവസാനിപ്പിക്കാനും ഇന്ത്യാ രാജ്യത്തെ സഭയുടെ കോടികളുടെ സ്വത്തുവകകൾ സഭാമക്കൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ ഉപയോഗപ്പെടാൻ പാകത്തിൽ ഇന്ത്യയിൽ നിയമ നിർമാണം നടത്താനും സഭാ പുരോഹിതർ മുന്നോട്ടിറങ്ങുകയല്ലേ വേണ്ടത്.
2024 ഏപ്രിൽ മാസത്തിൽ ശ്രദ്ധേയമായ മറ്റൊരു വിധി മദ്രാസ് ഹൈകോടതി പുറപ്പെടുവിച്ചു. മതസ്ഥാപനങ്ങളുടെ സ്വത്തുക്കൾ ദുരുപയോഗം ചെയ്യുന്നത് തടയാനായി 1908ലെ രജിസ്ട്രേഷൻ ആക്ടിന്റെ സെക്ഷൻ 22-എ (1) പ്രകാരം രജിസ്ട്രേഷൻ നിരാകരിക്കാനുള്ള വകുപ്പുണ്ട്. എന്നാൽ, ഇതിന്റെ പരിധിയിൽ തമിഴ്നാട് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബ്ൾ എൻഡോവ്മെന്റ് ആക്ട് 1959 പ്രകാരം ഹിന്ദു മത സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ളതോ അവർക്ക് നൽകിയതോ ആയ സ്വത്തുക്കളും തമിഴ്നാട് വഖഫ് ബോർഡിന്റെ മേൽനോട്ടത്തിലുള്ള വഖഫ് സ്വത്തുക്കളും മാത്രമേ വരുന്നുള്ളൂ. ചർച്ചുകളുടെ സ്വത്തുക്കൾ ഇതിന്റെ പരിധിയിൽ വരുന്നില്ല.
1908ലെ രജിസ്ട്രേഷൻ നിയമം ഹിന്ദു, ഇസ്ലാമിക മതപരമായ ദാനങ്ങളെ സംരക്ഷിക്കുന്നുണ്ടെങ്കിലും ചർച്ച് സ്വത്തുക്കൾക്ക് സമാനമായ സംരക്ഷണം ഇല്ലെന്നും അതിനാൽ, സെക്ഷൻ 22-എ (1) ന്റെ പരിധിയിൽ ചർച്ച് സ്വത്തുക്കളും ഉൾപ്പെടുത്തേണ്ട സമയമാണിതെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.
എന്താണ് ഇതിനർഥം? വഖഫ്, ക്ഷേത്ര മുതലുകൾ ക്രയവിക്രയങ്ങളിൽ സൂക്ഷ്മത ഉറപ്പുവരുത്താനായി സംശയാസ്പദ രജിസ്ട്രേഷൻ നിഷേധിക്കാൻ വകുപ്പുള്ളപ്പോൾ ചർച്ചുകളുടെ കാര്യത്തിൽ അങ്ങനെയൊരു സംരക്ഷണം ആവശ്യപ്പെടേണ്ടത് സഭാമേധാവികളല്ലേ? നിയമങ്ങളെ കൃത്യമായി പിന്തുടർന്ന് തങ്ങൾക്കനുകൂലമാക്കി മാറ്റുന്നതിൽ ബദ്ധശ്രദ്ധ പുലർത്തുന്ന സഭ ഇത്രയുംകാലം ഇതാവശ്യപ്പെടാതെ പോയിട്ടുണ്ടെങ്കിൽ, തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് സ്വത്തുക്കൾ വിൽപന നടത്താനും കൈമാറ്റം ചെയ്യാനുമുള്ള സ്വാതന്ത്ര്യം വേണമെന്ന് കരുതിയാണ് എന്നേ വിചാരിക്കാനാവൂ.
അതായത്, സ്വന്തമായി സഭയോ സ്ഥാപനമോ സ്ഥാപിക്കാൻ മതത്തിന്റെയോ ന്യൂനപക്ഷത്തിന്റെയോ ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്തുകയും എന്നാൽ, കൈകാര്യത്തിൽ നിയമ ഇടപെടൽ ഇല്ലാതിരിക്കാൻ മറ്റു മതസ്വത്തുക്കൾക്കുള്ള പരിരക്ഷ വേണ്ടെന്നുവെക്കുകയും ചെയ്യുന്ന അതിബുദ്ധിയാണ് ഇത്. കേരളത്തിൽ പുതിയ പുതിയ സഭകളും സന്യാസ സമൂഹങ്ങളും ധ്യാനകേന്ദ്രങ്ങളും രൂപംകൊള്ളുന്നതിന്റെ പശ്ചാത്തലം ഇതുമായി ചേർത്തുവെച്ചു വേണം വായിക്കാൻ. വിധിന്യായം പുറപ്പെടുവിച്ച ജ. സ്വാമിനാഥൻ കൃത്യമായി കാര്യം പറഞ്ഞിട്ടുണ്ട്:
‘‘ഹിന്ദു മത ദാനങ്ങളുടെയും വഖഫ് സ്വത്തുക്കളുടെയും കാര്യത്തിൽ പ്രത്യേക നിയമങ്ങളുണ്ട്; ചർച്ച് സ്വത്തുക്കളുടെ കാര്യത്തിൽ; സമാനമായ ഒരു നിയമം ഇല്ല. ഇന്ത്യ ഒരു മതേതര രാജ്യമാണ്. രാഷ്ട്രം എല്ലാ മതങ്ങളെയും ഒരുപോലെ സമീപിക്കണം. സഭയുടെ സ്വത്തുക്കളും നിയമത്തിന്റെ സെക്ഷൻ 22എയുടെ പരിധിയിൽ ഉൾപ്പെടുത്തേണ്ട സമയം അതിക്രമിച്ചിട്ടുണ്ടാവാം. കാലം ഏറ്റെടുക്കേണ്ട ആഹ്വാനമാണിത്.’’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.