1995ലെ വഖഫ് ആക്ട് പ്രകാരം രൂപവത്കൃതമായ കേരള സ്റ്റേറ്റ് വഖഫ് ബോർഡ് സർക്കാറിനു കീഴിൽ ഗ്രാന്റോടു കൂടി പ്രവർത്തിച്ചുവരുന്ന സ്വയംഭരണ സ്ഥാപനമാണ്. വിശ്വാസികളായ മുൻ തലമുറ ദാനം ചെയ്ത സ്വത്തുക്കൾ സംരക്ഷിക്കാൻ നിലകൊള്ളുന്ന സ്ഥാപനമാണിത്. ഈ സ്വത്തുവകകൾ ജനോപകാരപ്രദമായ രീതിയിൽ കൈകാര്യം ചെയ്യേണ്ടത് ബോർഡിന്റെ ചുമതലയാണ്.
വഖഫ് ഭൂമി അന്യാധീനപ്പെടുന്നതും ദുരുപയോഗപ്പെടുത്തുന്നതും തടയുക എന്ന ലക്ഷ്യത്തോടെ വഖഫ് സ്വത്തുകളുടെ സർവേ നടപടികൾ പുരോഗമിക്കുകയാണ്. ഏഴു ജില്ലകളിൽ സർവേ പൂർത്തിയായി. മറ്റിടങ്ങളിൽ സർവേ പുരോഗമിക്കുകയാണ്. പൂർത്തിയാകുന്ന മുറക്ക് സംസ്ഥാനത്തെ മുഴുവൻ വഖഫ് സ്വത്തുക്കളുടെയും വിവരങ്ങൾ ഒരു ഗസറ്റ് വിജ്ഞാപനത്തിലൂടെ പ്രസിദ്ധീകരിക്കും. അത് ആർക്കും എപ്പോൾ വേണമെങ്കിലും പരിശോധിക്കാൻ കഴിയും. വഖഫ് സ്ഥാപനങ്ങളെ വഖഫ് ബോർഡിനു കീഴിൽ കൊണ്ടുവരാനും അത്തരത്തിൽ അവയുടെ ഭൂമിയും സ്വത്തുവകകളും സംരക്ഷിക്കാനും വഖഫ് അദാലത്തുകൾ മേഖലാടിസ്ഥാനത്തിൽ നടത്തിവരുന്നുണ്ട്. വഖഫ് ബോർഡിനു കീഴിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ മാത്രമാണ് അവയുടെ സംരക്ഷണം ബോർഡിന്റെ ഉത്തരവാദിത്തമായി മാറുന്നത്.
സർക്കാർ അനുവദിക്കുന്ന ഗ്രാൻഡിൽനിന്ന് വിവാഹ ധനസഹായം, ചികിത്സ സഹായം തുടങ്ങിയ സാമൂഹിക സുരക്ഷ പദ്ധതികൾ നടപ്പാക്കുന്നത് വഖഫ് ബോർഡിന്റെ പ്രധാന ഉത്തരവാദിത്തങ്ങളിൽ ഒന്നാണ്. കൂടാതെ വഖഫ് ബോർഡിനു കീഴിൽ കൂടുതൽ സാമൂഹികക്ഷേമ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതും പരിശോധിച്ചുവരുകയാണ്. വഖഫ് ബോർഡിന്റെ ആസ്തിയുടെയും വരുമാനത്തിന്റെയും അടിസ്ഥാനത്തിൽ അത്തരം പ്രവർത്തനങ്ങൾ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
കഴിവും പ്രാപ്തിയുമുള്ള ജീവനക്കാരുടെ പിന്തുണയോടെ മാത്രമേ നല്ല നിലയിൽ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കൂ. ഉത്തരവാദിത്തത്തോടെ, സുതാര്യമായി, മികവുറ്റ രീതിയിൽ വഖഫ് ബോർഡ് പ്രവർത്തിക്കണമെങ്കിൽ കാര്യപ്രാപ്തിയുള്ള ജീവനക്കാരും സ്ഥിരം സ്റ്റാഫ് പാറ്റേണും അത്യാവശ്യമാണ്. ഈ വിഷയം അതീവ ഗൗരവത്തിൽ പരിഗണിച്ചാണ് ബോർഡിലെ അഡ്മിനിസ്ട്രേറ്റിവ് തസ്തികകളിൽ നിയമനം പി.എസ്.സി വഴിയാക്കാനുള്ള ബിൽ മുന്നോട്ടുവെച്ചത്. 112 തസ്തികകളിലേക്ക് വഖഫ് ബോർഡ് നടത്തുന്ന നിയമനമാണ് പി.എസ്.സി ക്ക് വിടുന്നത്. ബോർഡ് നടത്തുന്ന നിയമനം പലപ്പോഴും ദിവസവേതനാടിസ്ഥാനത്തിലും കോൺട്രാക്ടുമാണ്. ഈ നിയമനങ്ങൾ പിന്നീട് സ്ഥിരപ്പെടുന്ന രീതിയാണുള്ളത്. ഇത് പലപ്പോഴും ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്.
വഖഫ് ബോർഡ് പ്രവർത്തനങ്ങളിലും അധികാരങ്ങളിലും സർക്കാർ കൈകടത്തുന്നു എന്നതാണ് ഈ ബില്ലിനെതിരായ പ്രധാന ആക്ഷേപം. സർക്കാറിന് അത്തരം ഒരു താൽപര്യവുമില്ല. വഖഫ് പ്രവർത്തനങ്ങൾ കൂടുതൽ നീതിയുക്തവും സുതാര്യവുമാക്കുകയാണ് ലക്ഷ്യം. വഖഫ് ബോർഡിലെ നിയമനങ്ങൾ വഖഫ് റെഗുലേഷൻസ് പ്രകാരം വഖഫ് ബോർഡ് തന്നെയാണ് നടത്തിയിരുന്നത്. അതിന് അധികാരം വഖഫ് ബോർഡിന് തന്നെയായിരുന്നു. ഇത് വഖഫ് ആക്ടിൽ പറയുന്നുണ്ട്. പ്രസ്തുത നിയമത്തിലെ 110 ാം വകുപ്പ് പ്രകാരമാണ് വഖഫ് ബോർഡ്, സംസ്ഥാന സർക്കാറിന്റെ മുൻകൂർ അനുമതിയോടുകൂടിയും നിയമത്തിനും ചട്ടങ്ങൾക്കും അനുസൃതമായും വഖഫ് റഗുലേഷൻസ് നിർമിച്ചത്. ഈ റഗുലേഷനിൽ 2020ൽ വഖഫ് ബോർഡ് നിർദേശിച്ച ഭേദഗതിയാണ്, അഡ്മിനിസ്ട്രേറ്റിവ് തസ്തികകളിലെ എല്ലാ നിയമനങ്ങളും നടത്താൻ പി.എസ്.സിയെ ചുമതലപ്പെടുത്താം എന്നത്.
വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാൻ ഒന്നാം പിണറായി സർക്കാറിെൻറ കാലത്ത് ഓർഡിനൻസ് പുറത്തിറക്കിയിരുന്നു. ഈ ഓർഡിനൻസിനു പകരമുള്ള ബില്ലാണ് 27-10-2021ന് നിയമസഭയിൽ അവതരിപ്പിച്ചത്. 2016 വഖഫ് റഗുലേഷൻസിൽ ഉൾപ്പെടുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിൽ ആ നിയമനം പി.എസ്.സിയുടെ ചുമതലയായി മാറ്റേണ്ടതുണ്ട്. അത്തരത്തിൽ വഖഫ് നിയമനം പി.എസ്.സിയുടെ അധിക ചുമതലയായി നിശ്ചയിച്ച ബില്ലാണിത്.
ദേവസ്വം ബോർഡ് നിയമനങ്ങൾക്ക് നിലവിൽ വന്നപോലെ ഇവിടെ റിക്രൂട്ട്മെന്റ് ബോർഡ് രൂപവത്കരിക്കാൻ കഴിയില്ല. ദേവസ്വം ബോർഡിന്റെ റിക്രൂട്ട്മെൻറ് ബോർഡ് നൂറുകണക്കിന് ക്ഷേത്രങ്ങളിലെ നിയമനത്തിനുള്ളതാണ്. ഇവിടെ 112 പേരുടെ നിയമനം മാത്രമാണുള്ളത്. യോഗ്യരായ ആയിരക്കണക്കിന് ആളുകളിൽനിന്ന് മിടുക്കരെ കണ്ടെത്താനാണ് നിയമനം പി.എസ്.സിക്ക് വിടുന്നത്. വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്യുന്ന പള്ളികളിലോ മദ്റസകളിലോ ഉളള നിയമനം. പി.എസ്.സിക്ക് കീഴിലാക്കാൻ ഈ നിയമംകൊണ്ട് ഉദ്ദേശിക്കുന്നുമില്ല.
വഖഫ് ബോർഡിന്റെ സ്വയംഭരണാവകാശവും അധികാരങ്ങളും ശക്തിപ്പെടുത്തി അതിനെ കൂടുതൽ കാര്യക്ഷമമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പിണറായി സർക്കാർ വന്നശേഷം ഈ ദിശയിൽ ഒട്ടേറെ പ്രവർത്തനങ്ങൾ വഖഫ് ബോർഡ് ഏറ്റെടുത്തിട്ടുണ്ട്. വഖഫ് ബോർഡിനെയും അതിന്റെ പ്രവർത്തനങ്ങളെയും കാര്യക്ഷമമാക്കാൻ എല്ലാ പിന്തുണയും നൽകുകയാണ് സർക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.